ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്
Mail This Article
റിയാദ് ∙ സൗദി അറേബ്യ സാഹിത്യകാരൻമാർക്കായി ഇദംപ്രഥമമായി നടത്തുന്ന ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ ലോക റെക്കോർഡ് നേട്ടം കൈവരിച്ചു. 49 രാജ്യങ്ങളിൽ നിന്നുള്ള വിവിധ സാഹിത്യകാരൻമാരുടെ 1,967 എൻട്രികളാണ് അവാർഡ് നിർണയ സമതിയുടെ മുൻപാകെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ലോകത്ത് നാളിതുവരെ മറ്റൊരു സാഹിത്യ അവാർഡിനുവേണ്ടിയും ഇത്രയേറെ എണ്ണം എൻട്രികൾ സമർപ്പിക്കപ്പെട്ടില്ലെന്നും ഇത് ലോക റെക്കോർഡ് ആണെന്നും സംഘാടകർ അറിയിച്ചു. വിജയികൾക്ക് വൻ സമ്മാന തുകയാണ് നൽകുന്നതെന്നതും ഗോൾഡൻപെൻ അവാർഡിന് തിളക്കവും ആകർഷണീയതയും സാഹിത്യലോകത്ത് ഏറെ ശ്രദ്ധ കൂട്ടുന്നു.
അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള സാഹിത്യ സർഗാത്മകതയെ ആദരിക്കുന്നതിനും അറബി സാഹിത്യത്തെ അതുല്യ രചനകൾ കൊണ്ട് സമ്പന്നമാക്കുന്ന എഴുത്തുകാരെ പിന്തുണയ്ക്കുന്നതിനുമാണ് ഗോൾഡൻ പെൻ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. അൽ-ബാസി: സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് പുരസ്‌കാരമെന്ന് ഗോൾഡൻ പെൻ അവാർഡ് ചെയർമാൻ ഡോ.സാദ് അൽ ബാസി അറിയിച്ചു.
അവാർഡിന് ആറ് ട്രാക്കുകളുണ്ട്: നോവൽ, സിനിമാകഥ , മികച്ച വിവർത്തനം ചെയ്ത നോവൽ, മികച്ച അറബ് പ്രസാധക ട്രാക്കുകൾ, പ്രേക്ഷക അവാർഡ്, മൊത്തം സമ്മാന മൂല്യം 740,000 ഡോളർ തുകയാണ് വിജയികൾക്കായി കാത്തിരിക്കുന്നത്. ഗ്രാൻഡ് പ്രൈസുകളിലും സ്‌ക്രീൻപ്ലേ ട്രാക്കിലും ഒന്നാം സ്ഥാനത്തിന് 100,000 ഡോളർ സമ്മാനങ്ങളും, ഫിലിം പ്രൊഡക്ഷൻ രംഗത്തെ രണ്ടും മൂന്നും സ്ഥാനത്തിന് 50,000, 30,000 ഡോളർ എന്നിങ്ങനെയാണ്. നോവൽ ട്രാക്കുകളെ സംബന്ധിച്ചിടത്തോളം, മികച്ച സസ്പെൻസ്, ത്രില്ലർ നോവൽ, മികച്ച മിസ്റ്ററി ആൻഡ് ക്രൈം നോവൽ, മികച്ച റൊമാൻസ് നോവൽ, മികച്ച ഫാന്റസി നോവൽ, മികച്ച കോമഡി നോവൽ, മികച്ച ചരിത്ര നോവൽ, മികച്ച ഹൊറർ നോവൽ, മികച്ച റിയലിസ്റ്റിക് നോവൽ എന്നിവയുൾപ്പെടെ 25,000 ഡോളർ വിലയുള്ള 8 സമ്മാനങ്ങൾ ലഭിക്കും.
മികച്ച വിവർത്തനം ചെയ്ത നോവലിന് 100,000, മികച്ച അറബ് പ്രസാധകർക്ക് 50,000, പ്രേക്ഷക അവാർഡ് 30,000 ഡോളർ എന്നിങ്ങനെയാണ് സമ്മാനം. നോവലുകളെ സിനിമാ സൃഷ്ടികളാക്കി മാറ്റി സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് അവാർഡ് ലക്ഷ്യമിടുന്നതെന്നും അത് അവാർഡുകളുടെ മൂല്യം വർധിപ്പിക്കുകയും സർഗാത്മക ഗ്രന്ഥങ്ങളുടെ ദൗർലഭ്യം അനുഭവിക്കുന്ന സിനിമാ മേഖലയെ സമ്പന്നമാക്കുകയും ചെയ്യുന്നുവെന്നും ചെയർമാൻ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച, ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ, ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ തിരഞ്ഞെടുക്കപ്പെട്ട നീണ്ട പട്ടിക പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 30 ന് വിജയികളെ പ്രഖ്യാപിക്കുകയും അവാർഡുകൾ 2025 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുകയും ചെയ്യും.