മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ ടോയ്ലറ്റിൽ ഉറക്കം; പ്രശ്നക്കാരായ യാത്രക്കാരെപ്പറ്റി സുപ്രീം കോടതി ജഡ്ജി
Mail This Article
ന്യൂഡൽഹി ∙ അമിതമായി മദ്യപിച്ച 2 യാത്രക്കാർ വിമാനയാത്രയിലുണ്ടാക്കിയ പ്രശ്നം നേരിട്ടു കണ്ടതിന്റെ അനുഭവം തുറന്നുപറഞ്ഞ് സുപ്രീം കോടതി ജഡ്ജി വി. കെ. വിശ്വനാഥൻ.
മോശമായി പെരുമാറുന്ന വിമാനയാത്രക്കാരെ നിയന്ത്രിക്കാൻ ചട്ടം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണു സഹജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനൊപ്പം നടത്തിയ വിമാനയാത്രയിൽ സാക്ഷിയായ സംഭവം ജസ്റ്റിസ് വിശ്വനാഥൻ വിവരിച്ചത്: കുടിച്ചു വെളിവില്ലാതായ ഒരു യാത്രക്കാരൻ വാഷ്‌റൂമിനകത്തിരുന്ന് ഉറങ്ങിപ്പോയി.
മറ്റൊരാൾ പുറത്തിരുന്നു ഛർദിച്ചു. ക്രൂ മുഴുവനും സ്ത്രീകളായിരുന്നു. 30–35 മിനിറ്റ് ശ്രമിച്ചിട്ടും വാഷ്റൂമിന്റെ വാതിൽ തുറക്കാൻ അവർക്കായില്ല. വാതിൽ തുറന്ന് മദ്യപനെ തിരികെ സീറ്റിലെത്തിക്കാൻ ഒടുവിൽ അവർക്ക് ഒരു യാത്രക്കാരന്റെ സഹായം തേടേണ്ടി വന്നു. 2.40 മണിക്കൂർ യാത്രയ്ക്കിടെയായിരുന്നു സംഭവം. – ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.
വിമാനയാത്രയിൽ കുഴപ്പമുണ്ടാക്കുന്നവരെ നിയന്ത്രിക്കാൻ സർക്കാർ ക്രിയാത്മകമായ പദ്ധതി കൊണ്ടുവരണമെന്ന് സുപ്രീം കോടതി ബെഞ്ച് സോളിസിറ്റർ ജനറലിനോടു നിർദേശിച്ചു. 2023 നവംബറിൽ ന്യൂയോർക്ക് – ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികൻ ദേഹത്തേക്കു മൂത്രമൊഴിച്ച സംഭവത്തിൽ 73 വയസ്സുള്ള സ്ത്രീ നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.