ലോക റെക്കോർഡിട്ട് മൊസൈക് ആർട്ട് വർക്ക്; ഏറ്റവും വലിയ മൊസൈക് ചുവർച്ചിത്രത്തിൽ തിളങ്ങി രാഷ്ട്രപിതാവും രാഷ്ട്രശിൽപിയും
Mail This Article
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രം ദുബായ് ഹത്തയിൽ അനാഛാദനം ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും ചിത്രങ്ങളാണ് മൊസൈക്കിൽ തയാറാക്കി സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ആർട്ട് വർക്ക് എന്ന വിഭാഗത്തിൽ ചിത്രം ലോക റെക്കോർഡ് നേടി.
യുഎഇ പതാക ദിനത്തിന്റെയും 53ാം ദേശീയദിനാഘോഷത്തിന്റെയും ഭാഗമായി ഒരു മാസം നീളുന്ന സായിദ് ടു റാഷിദ് ഉത്സവത്തോടനുബന്ധിച്ചായിരുന്നു റെക്കോർഡ് പ്രകടനം. ദുബായ് സ്ട്രീറ്റ് മ്യൂസിയത്തിന്റെ ഭാഗമായി ഹത്ത ഡാമിന്റെ വെള്ളച്ചാട്ട ചരുവിൽ 2198.7 ചതുരശ്ര മീറ്ററിലാണ് ചിത്രം ഒരുക്കിയത്. 25 ചതുരശ്ര സെന്റിമീറ്റർ വീതമുള്ള 12 ലക്ഷം മൊസൈക്ക് കഷണങ്ങൾ ചേർത്തുവച്ച് 4 മാസംകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
നൂറിലേറെ പ്രാദേശിക, രാജ്യാന്തര കരകൗശല വിദഗ്ധരുടെ പിന്തുണയോടെ തയാറാക്കിയ ചിത്രത്തിന് റഷ്യൻ ആർട്ടിസ്റ്റ് സെർജി കോർബാസോവ് നേതൃത്വം നൽകി. ദുബായ് മീഡിയ ഓഫിസിന്റെയും ജലവൈദ്യുതി അതോറിറ്റിയുടെയും സഹകരണത്തോടെയായിരുന്നു പദ്ധതി.