എക്സിറ്റ് പെർമിറ്റിന് ഓൺലൈൻ സേവനം; അവധി ദിവസങ്ങൾ ബാധിക്കില്ല
Mail This Article
അബുദാബി ∙ പൊതുമാപ്പിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എക്സിറ്റ് പെർമിറ്റിന് ഓൺലൈൻ സേവനം (ഇ-സർവീസ്) പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അഭ്യർഥിച്ചു. ഓൺലൈനിലൂടെ ഏതു സമയത്തും അപേക്ഷ നൽകാമെന്നും അവധി ദിനങ്ങൾ സേവനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇ പാസ് ഉപയോഗിച്ച് ഐസിപി, ജിഡിആർഎഫ്എ വെബ്സൈറ്റുകളിലൂടെയോ ആപ്ലിക്കേഷനുകളിലൂടെയോ വ്യക്തികൾക്ക് എക്സിറ്റ് പാസിന് അപേക്ഷിക്കാം. അതിനു സാധിക്കുന്നില്ലെങ്കിൽ കമ്പനി അക്കൗണ്ട് മുഖേനയോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ യുഎഇയിലേക്കു തിരിച്ചുവരാം. അപേക്ഷകർക്കു കാലാവധിയുള്ള പാസ്പോർട്ടോ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്പാസോ വേണം. എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു. അവസാന ദിവസങ്ങളിലെ തിരക്കു മൂലം എക്സിറ്റ് പാസ് ലഭിക്കാൻ വൈകിയാൽ യാത്ര തടസ്സപ്പെടാതിരിക്കാനാണ് മുന്നറിയിപ്പ്. ഒരു എക്സിറ്റ് പാസിന്റെ കാലാവധി 14 ദിവസമാണ്. എന്നാൽ, രാജ്യം വിടാൻ പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബർ അവസാനം വരെ സാവകാശമുണ്ട്. എങ്കിലും അവസാനനിമിഷം വരെ യാത്ര നീട്ടുന്നത് വിമാനങ്ങളിൽ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
എക്സിറ്റ് പാസ് ലഭിച്ചിട്ടും നിശ്ചിത കാലയളവിനകം രാജ്യം വിടാത്തവർക്കും നിയമലംഘകരായി തുടരുന്നവർക്കും ജനുവരി ഒന്നുമുതൽ കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും ഈടാക്കുന്നതിനൊപ്പം ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും.
ഓൺലൈൻ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ
യുഎഇ പാസ് ഡിജിറ്റൽ ഐഡി ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയാണ് ആദ്യപടി. തുടർന്ന് എക്സിറ്റ് പെർമിറ്റ് ഇഷ്യൂ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അപേക്ഷകൻ ഏതു വിഭാഗത്തിലുള്ള ആളാണെന്ന് ഓപ്ഷനിൽനിന്ന് (താമസക്കാരൻ, ആശ്രിതൻ, വീട്ടുജോലിക്കാർ, തൊഴിലാളി, വീസ റദ്ദാക്കപ്പെട്ടയാൾ) തിരഞ്ഞെടുക്കണം. ശേഷം വ്യക്തിഗത എക്സിറ്റ് പാസ് ഓപ്ഷനിൽ ക്ലിക് ചെയ്യുക. നൽകിയ വിവരങ്ങൾ ഒത്തുനോക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. തുടർന്ന് ആവശ്യമായ ഫീസ് അടയ്ക്കുന്നതോടെ ഇ-മെയിൽ വഴി എക്സിറ്റ് പാസ് ലഭിക്കും. അതിൽ പരാമർശിക്കുന്ന തീയതിക്കകമോ പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബർ 31നകമോ രാജ്യം വിടണം.