ADVERTISEMENT

ദുബായ് ∙ യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ദ് യുഎഇ ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിർഹത്തിന്റെ 'ലക്കി ഡേ' ഗ്രാൻഡ് പ്രൈസ് ആണ് ഏറ്റവും വലിയ ആകർഷണം. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബർ 14-ന് നടക്കും. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസുള്ള അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എൽഎൽസിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. 

18 വയസും അതിൽ കൂടുതലുമുള്ള താമസക്കാർക്ക് ലോട്ടറിയിൽ പങ്കെടുക്കാം. കളിക്കുന്ന സമയത്ത് രാജ്യത്ത് ഇല്ലാത്തവർക്ക് ഗെയിമുകളിൽ പങ്കെടുക്കാൻ അനുവാദമില്ല. theuaelottery.ae എന്ന വെബ് സൈറ്റിലൂടെ ലോട്ടറി എടുക്കാവുന്നതാണ്. 'ലക്കി ഡേ' ഗെയിമിന്റെ ഭാഗമായ 100 ദശലക്ഷം ദിർഹം ജാക്ക്‌പോട്ടിന് പുറമേ, ഏഴ് 'ലക്കി ചാൻസ് ഐഡികളും' 100,000 ദിർഹം വീതം നേടുമെന്ന് ഉറപ്പുനൽകുന്നു.  50 ദിർഹമാണ് ഒരു ടിക്കറ്റിനുള്ള നിരക്ക്. പങ്കെടുക്കുന്നവർക്ക് 100 ദശലക്ഷം ദിർഹം, 10 ലക്ഷം ദിർഹം, 100,000 ദിർഹം, 1000 ദിർഹം, 100 ദിർഹം എന്നിവ നേടാം. പങ്കെടുക്കുന്നവർക്ക് ഒന്നുകിൽ അവരുടെ സ്വന്തം ലോട്ടറി നമ്പറുകൾ തിരഞ്ഞെടുക്കാം അല്ലെങ്കിൽ 'ഈസി പിക്ക്' ഫീച്ചർ ഉപയോഗിച്ച് നമ്പർ നേടാം. 

Image Credit: Mehaniq / istockphoto.com.
Representative Image. Image Credit: Mehaniq / istockphoto.com.

10 ലക്ഷം ദിർഹം വരെ നേടാനുള്ള അവസരത്തിനായി സ്‌ക്രാച്ച് കാർഡുകൾ വാങ്ങാനുള്ള അവസരവുമുണ്ട്. ഈ കാർഡുകളുടെ നിരക്കുകൾ 5 ദിർഹം മുതൽ ആരംഭിക്കുന്നു. ഇത് 50,000 ദിർഹം വരെ വിജയിക്കാനുള്ള അവസരം നൽകുന്നു. നറുക്കെടുപ്പിന്റെ 10 ദിർഹം കാർഡുകൾക്ക് ഉയർന്ന സമ്മാനം 100,000 ദിർഹമാണ്. 20 ദിർഹത്തിന് 300,000 ദിർഹമുണ്ട്. 50 ദിർഹം വിലയുള്ള കാർഡുകൾ ഉപയോഗിച്ച് കളിക്കാർക്ക് 10ലക്ഷം ദിർഹം നേടാം. സമ്മാനങ്ങൾക്ക് നിലവിൽ നികുതിയൊന്നും ബാധകമല്ല.  

ആദ്യം ഓൺലൈനിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കണം. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതും നിയന്ത്രണങ്ങൾ പാലിക്കുന്നതുമായ ലോട്ടറി അനുഭവം നൽകുന്നതിന് യുഎഇ ലോട്ടറി നൂതന സാങ്കേതികവിദ്യയും ആഗോള ഗെയിമിങ് വിദഗ്ധരുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു. യുഎഇയിൽ നേരത്തെ മെഹ്സൂസ്, എമിറേറ്റ്സ് എന്നീ പേരുകളിൽ ലോട്ടറിയുണ്ടായിരുന്നത് അധികൃതരുടെ നിർദേശപ്രകാരം നിർത്തിവയ്ക്കുകയായിരുന്നു.

English Summary:

UAE Launches Region’s First and only Licensed Lottery with AED100mn Top Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com