'മലയാളിയുടെ ഗൾഫ് കുടിയേറ്റം വീണ്ടും കൂടും; മലയാളി കുടുംബങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായി ജിസിസി രാജ്യങ്ങൾ തുടരും'
Mail This Article
തിരുവനന്തപുരം ∙ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളി കുടിയേറ്റം വീണ്ടും കൂടുമെന്ന് ഗൾഫ് തൊഴിൽ മേഖലയിലെ മലയാളികളുടെ 50 വർഷത്തെക്കുറിച്ചു തയാറാക്കിയ ‘ഫൈവ് ഡെക്കേഡ്സ് ഓഫ് കേരള മൈഗ്രേഷൻ ടു ദി ഗൾഫ് കൺട്രീസ് 1974–2024’ എന്ന പുസ്തകത്തിൽ സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷൻ ബി.എ.പ്രകാശ്. മലയാളി കുടുംബങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായി ജിസിസി രാജ്യങ്ങൾ തുടരുമെന്നു പുസ്തകം പറയുന്നു. ഗൾഫ് പണത്തിന്റെ വരവ് സമ്പദ് ഘടനയിലും തൊഴിൽമേഖലയിലും വലിയ മാറ്റമുണ്ടാക്കിയെന്ന് തൃശൂർ ജില്ലയിലെ ചാവക്കാട് വില്ലേജിലെ 95 കുടിയേറ്റ കുടുംബങ്ങളിൽ നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായി.
എൻആർഇ നിക്ഷേപം ഉയർന്നു. ബാങ്ക് ശാഖകൾ വ്യാപകമാവാനും പുതിയ എയർപോർട്ടുകൾ, നഗരവൽക്കരണം എന്നിവയ്ക്കും ഇത് വഴിവച്ചു. ഇറാഖ് യുദ്ധം, 96–98 ലെ ഗൾഫ് മാന്ദ്യം, സ്വദേശി തൊഴിൽവൽക്കരണം. 2008ലെ ആഗോള മാന്ദ്യം എന്നീ ഘട്ടങ്ങളിൽ മാത്രമാണ് ഗൾഫിൽ നിന്ന് മലയാളികൾ മുൻപ് വലിയ തോതിൽ മടങ്ങിയെത്തിയത്. കോവിഡ് കാലത്ത് മടങ്ങിയെത്തിയ 14.71 ലക്ഷം പേരിൽ മുക്കാൽ ഭാഗവും പിന്നീട് മടങ്ങിപ്പോയി. നാളെ നാലുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രഫ. ജി. ഗോപകുമാർ പുസ്തകം പ്രകാശനം ചെയ്യും.