യുഎഇ ദേശീയ ദിനം; രണ്ട് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ് ആർടിഎ
Mail This Article
ദുബായ് ∙ യുഎഇ ദേശീയ ദിന അവധിക്ക് ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിലായ് ബഹുനില പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് അറിയിച്ചു.
ഞായറാഴ്ചകളിൽ ഫീസ് ഈടാക്കാത്തതിനാൽ ഇത് മൂന്ന് ദിവസത്തെ സൗജന്യ പാർക്കിങ്ങായി മാറും. ഈ വർഷം ഈദ് അൽ ഇത്തിഹാദിന് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക. ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ, പൊതു മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളും നഴ്സറികളും സർവകലാശാലകളും ഡിസംബർ 2, 3 തീയതികളിൽ അടയ്ക്കും. ഡിസംബർ 4 മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കും.
പൊതുഗതാഗതം, സമയമാറ്റം
ദേശീയദിന അവധിയാഘോഷിക്കാൻ യാത്രക്കാർക്ക് നഗരത്തിലുടനീളം സൗകര്യപ്രദമായി യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പൊതുഗതാഗത പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തി. അവധി ദിവസങ്ങളിൽ ദുബായ് മെട്രോയും ട്രാമും അധിക മണിക്കൂറുകൾ ഓടും. അബ്രകളും വാട്ടർ ടാക്‌സികളും ഫെറിയും കൂടുതൽ സർവീസിന് തയാറായിരിക്കും.