ADVERTISEMENT

മസ്‌കത്ത് ∙ സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാന്‍ കോടതി. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്.

ബര്‍ക വിലായത്തിലെ അല്‍ ജനീന പ്രദേശത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും മറ്റു സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതിന് കെട്ടിട ഉടമയുമായി 2015ല്‍ ആണ് സ്‌കൂള്‍ ബോര്‍ഡ് കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം കെട്ടിടം നിര്‍മിക്കുകയും ബന്ധപ്പെട്ട അനുമതികള്‍ നേടുകയും ചെയ്തതിന് പിന്നാലെ കരാറില്‍ നിന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു.

വര്‍ഷങ്ങളുടെ നിയമ വ്യവഹാരത്തിനു ശേഷമാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. 20 വര്‍ഷത്തേക്ക് കണക്കാക്കിയ ലീസ് ഹോള്‍ഡ് കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുന്നത്. പിഴ തുകക്ക് പുറമെ കേസ് നടത്തിപ്പ് ചെലവുകളും നല്‍കേണ്ടതുണ്ട്.

അതേസമയം, ഇത്രയും പണം ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ ഖജനാവില്‍ നിന്നും നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഈ സാമ്പത്തിക ഭാരം വിദ്യാര്‍ഥികളെ ബാധിക്കുമെന്നതാണ് ആശങ്ക. തുക കണ്ടെത്തേണ്ട ഭാരം വിദ്യാര്‍ഥികളിലേക്ക് വന്നാല്‍ അത് രക്ഷിതാക്കള്‍ക്ക് വലിയ തിരിച്ചടിയാകും. ഒമാനില്‍ 22 ഇന്ത്യന്‍ സ്‌കൂളുകളിലായി മലയാളികള്‍ അടക്കം 47,000ല്‍ പരം വിദ്യാര്‍ഥികളാണ് ബോര്‍ഡിന് കീഴില്‍ പഠനം നടത്തുന്നത്. ഫീസ് ഇനത്തിലും മറ്റുമായി വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ തുക സ്‌കൂളുകള്‍ ഈടാക്കിയേക്കുമെന്നും ഇത് വലിയ സാമ്പത്തിക ഭാരം ഇതുമൂലം ഉണ്ടാകുമെന്നുമുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍.

English Summary:

Oman Court Fines over Rs 20 Crore for Indian School Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com