'ക്‌നാനായ കാത്തലിക് കോൺഗ്രസ് ഒമാൻ' കായിക ദിനം സംഘടിപ്പിച്ചു
Mail This Article
മസ്‌കത്ത് ∙ ഒമാനിലെ ക്‌നാനായക്കാരുടെ കൂട്ടായ്മയായ ക്‌നാനായ കാത്തലിക് കോൺഗ്രസിന്റെ നേതൃത്വത്തിൽ കായിക ദിനം നടന്നു. രാവിലെ 10 മണിയോട് കൂടി കെസിസി പ്രസിഡന്റ് ഷൈൻ തോമസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച കായിക മത്സരങ്ങൾ രാത്രി വൈകിയാണ് അവസാനിച്ചത്.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പ്രായഭേദമന്യേ നിരവധി പേർ പങ്കെടുത്തു. വ്യക്തിഗത മത്സരങ്ങൾക്ക് പുറമെ ക്രിക്കറ്റ്, വടം വലി തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും കായിക ദിനത്തിന്റെ മാറ്റ് കൂട്ടി. മത്സരങ്ങൾക്കിടയിൽ ക്‌നാനായ യുവജന കൂട്ടായ്മയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിലെ യുവജനങ്ങൾ അവതരിപ്പിച്ച "ഫ്‌ലാഷ് മോബ്' ശ്രദ്ധേയമായി. വൈകിട്ട് എട്ട് മണിയോടെ അവസാനിച്ച മത്സരങ്ങളുടെ ട്രോഫികളും മെഡലുകളും ശേഷം നടന്ന അനുമോദന യോഗത്തിൽ വിതരണം ചെയ്തു. ക്രിക്കറ്റ് മത്സരത്തിൽ ടീം ഒകെഎ എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു. രണ്ടാം സ്ഥാനം നേടിയത് ടീം ക്‌നായി തൊമ്മൻ അറ്റ് കൊടുങ്ങല്ലൂർ ആണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം നടത്തിയ വടംവലി മത്സരത്തിൽ സ്ത്രീകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ടീം ക്‌നാനായ അച്ചായത്തീസും, രണ്ടാം സ്ഥാനം ടീം കെസിവൈഎല്ലും സ്വന്തമാക്കി. പുരുഷന്മാരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ടീം ഒകെഎ, രണ്ടാം സ്ഥാനം ടീം എഡീ 345, മൂന്നാം സ്ഥാനം ടീം സൈമൺസ് ബോയിസ് എന്നിങ്ങനെ സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ക്രിക്കറ്റ്, വടം വലി മത്സരങ്ങളിൽ ചാമ്പ്യന്മാരായി ടീം ഒകെഎ കപ്പ് സ്വന്തമാക്കി.
കഴിഞ്ഞ വർഷത്തെ സ്‌പോർട്‌സ് ഡേക്ക് ശേഷം എല്ലാ വെള്ളി, ശനി ദിവസങ്ങളിലും നടന്നുവരുന്ന ക്രിക്കറ്റ് മത്സരം കഴിഞ്ഞ ഒരു വർഷത്തോളമായി സജീവമായി മുന്നോട്ട് പോകുന്നുണ്ട് എന്നത് മുതിർന്നവരിലും കായിക ശീലം വളർത്താൻ സാധിച്ചു എന്നതായും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നടന്ന ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങളിൽ കെസിസി ഒമാൻ ടീം രൂപീകരിക്കാനും സാധിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു.