സ്വദേശിവത്കരണം ശക്തിപ്പെട്ടു; ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു
Mail This Article
മസ്‌കത്ത് ∙ ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നു. 1,811,170 പ്രവാസികളാണ് രാജ്യത്ത് നിലവിലുള്ളതെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് റിപ്പോര്‍ട്ട് വ്യക്തമക്കുന്നു.
സര്‍ക്കാര്‍ മേഖലയില്‍ പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. 42,390 പ്രവാസികളാണ് ഈ വര്‍ഷം ഒക്ടോബറില്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സ്വകാര്യ മേഖലയില്‍ 1,422,892 പേര്‍ തൊഴിലെടുക്കുന്നു. എന്നാല്‍, വീട്ടുജോലികള്‍ പോലുള്ളവയില്‍ വിദേശികളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗ്ലാദേശ് പൗരന്‍മാരിലാണ്. 651,436 ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.8 ശതാനം കുറവുണ്ടായി. ഒരു കാലത്ത് ഒമാനിലെ പ്രബല വിഭാഗമായിരുന്ന ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളില്‍ 4.9 ശതമാനം കുറവ് രേഖപ്പെടുത്തി. 506,579 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്.
അതേസമയം, മ്യാന്‍മര്‍, താന്‍സാനിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ യഥാക്രമം 55.4 ശതമാനം, 44.4 ശതമാനം, 11.1 ശതമാനം വര്‍ധനവുണ്ടായി. മാറുന്ന റിക്രൂട്ട്‌മെന്റ് രീതികള്‍, തൊഴിലാളികളെ ആവശ്യമുള്ള സെക്ടറുകളിലെ മാറ്റം തുടങ്ങിയവ പ്രവാസി തൊഴിലാളികളിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.