പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമിത നിരക്ക്; ഏജന്റുമാർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
Mail This Article
ദുബായ് ∙ യുഎഇയിൽ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ അമിത നിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതർ. ഏജന്റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികള്‍ കോണ്‍സുലേറ്റിന് ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിന് കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകൾ മാത്രമേ ഏജന്റുമാര്‍ ഈടാക്കാവൂയെന്നും അധികൃതർ നിർദേശിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ ചുമതലപ്പെടുത്തിയ വ്യക്തികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യവും നല്‍കാന്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണ്.
വിവിധ എമിറേറ്റുകളിലായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ ഇത്തരം സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് 0507347676, 800 46342 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും കോണ്‍സുലേറ്റുമായി ബന്ധപ്പെടാം.