യുഎഇ ദേശീയ ദിനാഘോഷം; 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്നൊരുക്കിയത് സായിദ്, റാഷിദ് മനുഷ്യ ലോഗോ
Mail This Article
ദുബായ് ∙ യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് ഇമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് "സായിദ്, റാഷിദ്" ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ച് രാജ്യത്തെ സ്ഥാപക നേതാക്കൾക്ക് ആദരവ് അർപ്പിച്ചത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി.
ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു.
ഇമിഗ്രേഷന്റെ പ്രധാന ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ വർണാഭമായ കലാപരിപാടികളും കുട്ടികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. യുഎഇയുടെ സമ്പന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണവും തിളക്കമേകി.
സമാധാനവും ഐക്യവും നിറഞ്ഞ രാജ്യമെന്ന നിലയിൽ യുഎഇയുടെ പ്രതീക്ഷകളുടെയും ആശയങ്ങളുടെയും വിജയങ്ങളെ അഭിമാനത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ദേശീയ ദിനമെന്നും രാജ്യത്തെ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നുവെന്നും അൽ മർറി പറഞ്ഞു. ഹാപ്പിനെസ്സ് ഇമാറാത്തി സൂഖും ഡിപാർട്ട്മെന്റ് പരിസരത്ത് ഒരുക്കിയിരുന്നു.