'മീശക്കാരന്‍ പേർഷ്യക്കാരൻ': യുഎഇയുടെ വികസനത്തിനൊപ്പം നടന്ന പൊന്നാനികുടുംബം; എമറാത്തിനെ ഹൃദയത്തില്‍ ചേർത്ത നാല് തലമുറകള്‍
Mail This Article
ദുബായ് ∙ മലയാളികളുടെ രണ്ടാം വീടാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന യുഎഇ. ഈ രാജ്യത്തെത്തിയവർക്കെല്ലാം പറയാനുണ്ടാകും, ഈ നാടിനെകുറിച്ചൊരു അനുഭവകഥ, ദുബായിലെ അഡ്വക്കറ്റ് ഷബീല്‍ ഉമ്മറിന് പറയാനുളളത്, ഒന്നല്ല, നാല് തലമുറകളുടെ അനുഭവകഥകളാണ്. തന്റെ ഉപ്പൂപ്പ മൊഹിയുദ്ധീന്‍ മുതല്‍ മകന്‍ അമിത് വരെയെത്തി നില്‍ക്കുന്ന, തലമുറകളെ ചേർത്ത് നിർത്തിയ ഈ മരുഭൂമിയുടെ മറ്റാർക്കും അവകാശപ്പെടാനാകത്ത അനുഭവകഥ.
പൊന്നാനിയില്‍ നിന്ന് ചിറ്റാറയില്‍ മൊഹിയുദ്ധീന്‍ തന്റെ 35 –ാമത്തെ വയസ്സിലാണ്, 1955 ല്‍ കടലിക്കരെയുളള ട്രൂഷ്യല്‍ സ്റ്റേറ്റ്സിലെ അബുദബിയിലേക്ക് വന്നിറങ്ങിയത്. അന്ന് പത്തേമാരിയില്‍ കടലുകടക്കുമ്പോള്‍ അദ്ദേഹം മനസ്സില്‍ പോലും ഓർത്തിരിക്കില്ല, തന്റെ വരും തലമുറകളുടെയും ഇഷ്ട ഇടമായി ഈ മരുഭൂമിമാറുമെന്ന്. അതിലും കൗതുകകരം 1961 ലാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പാസ്പോർട്ട് ലഭിക്കുന്നത് എന്നതാണ്.
മൊഹിയുദ്ധീന്‍ ബീവ ദമ്പതികളുടെ ഏഴുമക്കളില്‍ മൂത്തയാളാണ് ഉമ്മർ എരമംഗലം. തന്റെ 19 മത് വയസ്സില്‍, 1968 ജൂലൈയിലാണ് ഉമ്മർ ട്രൂഷ്യല്‍ സ്റ്റേറ്റ്സിലെത്തുന്നത്. പിന്നീട് 3 വർഷം കഴിഞ്ഞാണ് ഇന്നത്തെ യുണെറ്റഡ് അറബ് എമിറേറ്റ്സ് എന്ന അറബ് ഐക്യനാട് നിലവില്‍ വരുന്നത്. അദ്ദേഹത്തിന് നാലുമക്കള്‍. ഇതില്‍ രണ്ടാമനായ ഷബീല്‍ ഉമ്മർ ജനിച്ചത് അലൈനിലാണ്. ഇപ്പോള്‍ ഷബീലും ഭാര്യ ഡോക്ടർ സുമയ്യയും മകന്‍ അമിത് മാസിനും ദുബായിലെ താമസക്കാർ. നാല് തലമുറകളായി ഈ നാടിനോട് ചേർന്ന് നില്‍ക്കുകയാണ് പൊന്നാനി എരമംഗലത്ത് നിന്നുളള ഈ കുടുംബം.
മീശക്കാരന്‍, പേർഷ്യക്കാരന്‍
വലിയ മീശയായിരുന്ന ഉപ്പൂപ്പയുടെ പ്രത്യേകതയെന്ന് മൊഹിയുദ്ധീന്റെ പേരമകനായ ഷബീല്‍ ഉമ്മർ ഓർക്കുന്നു. മീശക്കാരന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പൊന്നാനിയില്‍ പേർഷ്യക്കാരന്റെ കുടുംബമെന്നതായിരുന്നു വിളിപ്പേര്. അബുദബിയിലെ ആദ്യ ഹോട്ടല്‍ ലൈസന്‍സ് ഉപ്പൂപ്പായുടെ പേരിലാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല, ഇതുവരെ. ഉപ്പൂപ്പയെ കുറിച്ച് കൗതുകകരമായ ഓർമ്മകള്‍, ആദ്യകാല പ്രവാസികളില്‍ ഒരാളായ അവ്വല്‍ മലബാറി പങ്കുവച്ചിട്ടുണ്ട്. അതില്‍ യുഎഇയുടെ സ്ഥാപക പ്രസിഡന്റായ ഷെയ്ഖ് സായിദിനൊപ്പം നേരംപോക്കുകളികളില്‍ ഏർപ്പെട്ടിരുന്ന സംഘത്തിലൊരാളായിരുന്നു താനെന്ന് അദ്ദേഹം പറയുന്നുണ്ട്. ട്രൂഷ്യല്‍ സ്റ്റേറ്റ്സ് ആയിരുന്നതുകൊണ്ടുതന്നെ അന്ന് ഷെയ്ഖ് സായിദിന് പ്രസിഡന്റ് പദവിയില്ല. മലയാളികളോട് വളരെ അടുപ്പമുണ്ടായിരുന്നു ഷെയ്ഖ് സായിദിന്. മീശക്കാരന്‍ എന്നർഥം വരുന്ന അറബി പദമായ മുഷാറിന്‍ എന്നതായിരുന്നു അദ്ദേഹം ഉപ്പൂപ്പയെ വിളിച്ചിരുന്നതെന്നും അദ്ദേഹമുണ്ടാക്കിയ പലഹാരങ്ങള്‍ കഴിച്ചിരുന്നു എന്നതെല്ലാം അഭിമുഖത്തില്‍ അവ്വല്‍ മലബാറി പറയുന്നുണ്ട്. 1969 ലാണ് അദ്ദേഹം തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്നത്. ഫോട്ടോകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഓർമ്മയില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകളല്ലാതെ മറ്റൊന്നുമില്ലെന്ന് ഷബീല്‍ പറയുന്നു.
ഇന്ദിരാഗാന്ധിയെ കാണാന്‍ പോയ മലയാളിസംഘം
19–ാ മത്തെ വയസ്സില്‍ തന്റെ പിതാവിന്റെ സുഹൃത്തിന്റെ ഹോട്ടലില്‍ ക്യാഷറായാണ് മകനായ ഉമ്മർ അബുദബിയിലെത്തുന്നത്. തിരൂർ പോളിടെക്നിക്കല്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ നേടിയിരുന്ന അദ്ദേഹം പിന്നീട് അലൈന്‍ പവർ ഹൗസിലേക്ക് മാറി. യുഎഇയില്‍ കഴിഞ്ഞ 38 വർഷങ്ങളില്‍ 35 വർഷം അവിടെയാണ് അദ്ദേഹം ജോലി ചെയ്തത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന ഉമ്മർ,കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ യുഎഇയില്‍ ചുവടുറപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.
1981 ല്‍ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി യുഎഇ സന്ദർശിച്ചപ്പോള്‍ അവരെ കാണാനായി പോയ സംഘത്തിലൊരാള്‍ ഉമ്മറായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ രാജീവ് ഗാന്ധി യുഎഇയിലെത്തിയപ്പോഴും ഉമ്മറടങ്ങുന്ന സംഘം അദ്ദേഹത്തെയും സന്ദർശിച്ചിരുന്നു.
1971 ല്‍ വിവാഹം കഴിഞ്ഞ് 1974 ല്‍ ഭാര്യ ഫാത്തിമയും അബുദബിയിലേക്ക് വന്നു. വളരെ കുറച്ച് പ്രവാസി കുടുംബങ്ങള്‍, പ്രത്യേകിച്ചും മലയാളി കുടുംബങ്ങള്‍ മാത്രമെ അന്ന് യുഎഇയില്‍ ഉണ്ടായിരുന്നുളളൂ. രണ്ടാമത്തെ മകനായ ഷബീല്‍ ഉമ്മറും, സഹോദരനായ സനീബ് ഉമ്മറും അലൈനിലാണ് ജനിക്കുന്നത്. പുല്‍പായപോലെ തോന്നിക്കുന്ന ഒരുതരം പുല്ലുകളായിരുന്നു അന്ന് ആശുപത്രികള്‍ക്കുണ്ടായിരുന്നതെന്ന് ഉമ്മ ഫാത്തിമ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഷബീല്‍ പറയുന്നു. ഇന്നത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജനിച്ച അലൈനിലെ കെന്നഡി ആശുപത്രിയിലാണ് ഷബീല്‍ ജനിച്ചത്. ഇപ്പോള്‍ ആ ആശുപത്രി കനദ് ആശുപത്രിയെന്ന പേരിലാണ് അറിയപ്പെടുന്നത്.
1970 കളില്‍ അബുദബിയില്‍ നിന്ന് അലൈനിലേക്ക് മരുഭൂമിയിലൂടെയായിരുന്നു യാത്ര. മുന്‍പേ പോയ വാഹനങ്ങളുടെ ടയറിന്റെ അടയാളങ്ങള്‍ പിന്തുർന്നായിരുന്നു യാത്രകള്‍. അലൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലാണ് ഷബീലും സഹോദരങ്ങളും പഠിച്ചത്. സഹോദരി ഒൻപതാം ക്ലാസിലായിരുന്ന സമയത്ത് 3 പേരായിരുന്നു ആകെ ക്ലാസിലുണ്ടായിരുന്നത്. വലിയ വീടുകള്‍ സ്കൂളുകളാക്കി മാറ്റിയായിരുന്നു പഠനം. അന്ന് സ്കൂളില്‍ ഹെഡ് മിസ്ട്രസായിരുന്ന റാണി ടീച്ചർ തന്റെ വിവാഹത്തിനും പിന്നീട് ഹംദാന്‍ പുരസ്കാരം നേടിയപ്പോഴും കാണാന്‍ വന്നിരുന്നുവെന്നും ഷബീല്‍ പറയുന്നു.
തലയെടുപ്പോടെ നിന്നിരുന്ന ദുബായ് വേള്‍ഡ് ട്രേഡ് സെന്റർ
1980 കളില്‍ അബുദബിയില്‍ നിന്ന് ദുബായിലേക്ക് ഇടയ്ക്കൊക്കെ യാത്ര ചെയ്തിരുന്നു. അന്ന് വാഹനത്തില്‍ നിന്ന് വരുമ്പോള്‍ അങ്ങ് ദൂരെ വേള്‍ഡ് ട്രേഡ് സെന്‍റർ കാണുമ്പോള്‍ തങ്ങള്‍ കുട്ടികള്‍ക്ക് ദുബായ് എത്തിയെന്നുളള സന്തോഷമുണ്ടാവാറുണ്ടായിരുന്നു. അത്ര തലയെടുപ്പായിരുന്നു അന്ന് വേള്‍ഡ് ട്രേഡ് സെന്ററിന്. ഇന്ന് ബുർജ് ഖലീഫ ഉള്‍പ്പടെയുളള വലിയ കെട്ടിടങ്ങള്‍ ചുറ്റും വന്നപ്പോള്‍ വേള്‍ഡ് ട്രേഡ് സെന്റർ ചെറുതായിപ്പോയി. 2017 ല്‍ ഹംദാന്‍ പുരസ്കാരം വാങ്ങിയതും ഇതേ ട്രേഡ് സെന്‍ററില്‍ വച്ചാണ്. ഇന്ന് ബുർജ് ഖലീഫ,മ്യൂസിയം ഓഫ് ഫ്യൂച്ചർ,ദുബായ് ഫ്രയിം, സഞ്ചാരികളുടെ പറുദീസയായി മാറിയ യുഎഇയുടെ വികസനയാത്ര അനുഭവിച്ചറിഞ്ഞവരാണ് തങ്ങളെന്നതില്‍ അഭിമാനമുണ്ടെന്നും ഷബീല്‍ പറയുന്നു.
മറക്കാനാകാത്ത അപകടം
1989 ല്‍ യുഎഇ ഒമാന്‍ അതിർത്തിയായ ബുറൈമിയില്‍ വച്ച് ഉമ്മറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു. വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായി ഒരു മാസത്തോളമാണ് ഷബീല്‍ അന്ന് അലൈന്‍ ജീമി ആശുപത്രിയില്‍ കിടന്നത്. അലൈനിലേക്ക് ചേർന്ന് കിടക്കുന്ന ഒമാന്‍ അതിർത്തിയില്‍ വച്ചാണ് അപകടം നടന്നതെന്നതുകൊണ്ടുതന്നെ അതിന്റെ കേസുകളെല്ലാം നടന്നത് ഒമാനിലാണ്. അന്ന് കോടതിയിലെല്ലാം കയറിയതിന്റെ ഓർമ ഇപ്പോഴുമുണ്ട് ഷബീല്‍ ഉമ്മറിന്. ആ അപകടത്തിന് ശേഷം ഷബീലും സഹോദരങ്ങളും ഉമ്മയും നാട്ടിലേക്ക് പോയി. ഉപ്പ ഇവിടെ തുടർന്നു.
വിമാനത്തിലെ പ്രതിഷേധം
2000 ലാണ് പിന്നീട് ഷബീല്‍ യുഎഇയിലെത്തുന്നത്. നാട്ടില്‍ വക്കീല്‍ പഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളെ സന്ദർശിക്കാനായിരുന്നു ആ യാത്ര. കൊച്ചി-അബുദബി-ദുബായ് എയർഇന്ത്യ വിമാനം പറന്നുപൊങ്ങിയെങ്കിലും പിന്നീട് കൊച്ചി- ദുബായ്-അബുദബിയെന്നതിലേക്ക് യാത്രമാറ്റി. വൈകിട്ട് 7.30 ഓടെ ദുബായ് എത്തിയപ്പോള്‍ ഇവിടെ യാത്ര അവസാനിപ്പിക്കുകയാണെന്ന് വിമാനഅധികൃതർ അറിയിച്ചുവെങ്കിലും ഷബീല്‍ അടക്കമുളള അബുദബിയിലേക്കുളള 60 ഓളം യാത്രക്കാർ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. സ്പെഷല്‍ ചാർട്ടേഡ് ഫ്ലൈറ്റില്‍ പുലർച്ചെ മൂന്ന് മണിക്ക് ഈ യാത്രക്കാരെയെല്ലാം അബുദബിയിലെത്തിച്ചു. ഒരു പക്ഷെ എയർഇന്ത്യയില്‍ നടന്ന ആദ്യ പ്രതിഷേധങ്ങളില്‍ ഒന്നായിരിക്കുമിതെന്ന് ഷബീല്‍ പറയുന്നു.
രണ്ടാം പ്രവാസം
2006 ലാണ് ഷബീലിന്റെ രണ്ടാം പ്രവാസ ജീവിതം ആരംഭിക്കുന്നത്. കോർപ്പറേറ്റ് ട്രെയിനറായി ആരംഭിച്ച ജോലി ജീവിതം ഇന്ന് എച്ച് ആർ നിയമവിഭാഗം മേധാവിയെന്നതിലെത്തി നില്‍ക്കുന്നു. 2006 ല്‍ മൂന്ന് മാസം പ്രായമായ മകന്‍ അമിത് മാസിന്‍ വന്നത് അലൈനിലേക്കാണ്. അമേരിക്കന്‍ ഇന്റർനാഷനല്‍ സ്കൂളില്‍ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയ അമിത് തുടർ പഠനത്തിനൊരുങ്ങുകയാണ്. യുഎഇ വിട്ട് പോകാന്‍ അമിതിനും താാല്‍പര്യമില്ല. ജോലിയും ജീവിതവുമെല്ലാം ഇവിടെതന്നെയെന്നുളളതാണ് അമിതിന്റേയും തീരുമാനം.
യുഎഇ തന്ന സമ്മാനങ്ങള്‍
ഉപ്പൂപ്പയായിരുന്ന മുഹ് യുദ്ധീനാണ് അബുദബിയില്‍ ആദ്യ ഹോട്ടല്‍ ലൈസന്‍സ് ലഭിച്ചത്, ഇത് കേട്ടറിവാണെങ്കിലും ഈ നാട് നല്‍കിയ അംഗീകാരമായിതന്നെയാണ് അത് മനസിലുളളത്. ഉപ്പ ഉമ്മറിന്, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി യുഎഇയിലെത്തിയപ്പോള്‍ അന്ന് മലയാളി സംഘത്തെ പ്രതിനിധീകരിച്ച് അവരെ കാണാന്‍ കഴിഞ്ഞതും യുഎഇയിലായതുകൊണ്ടാണ്.
2014 ല്‍ യുഎഇയുടെ ഇയർ ഓഫ് ഗിവിങ് വർഷത്തില്‍ ഷെയ്ഖ് ഹംദാന്‍ പുരസ്കാരം നേടിയിട്ടുണ്ട് ഷബീല്‍ ഉമ്മർ. പഠനത്തില്‍ മികവ് പുലർത്തുന്ന വിദ്യാർഥികള്‍ക്കും സ്കൂളുകള്‍ക്കും അധ്യാപകർക്കും നല്‍കുന്ന നല്‍കുന്ന ഹംദാന്‍ പുരസ്കാരം ആ വർഷം വിദ്യാഭ്യാസ രംഗത്ത് നല്കുന്ന സംഭാവനകള്‍ പരിഗണിച്ച് മൂന്ന് പേർക്ക് കൂടി നല്‍കി. ഷബീല്‍ മാത്രമാണ് ഈ പുരസ്കാരം ലഭിച്ച പ്രവാസി. മറ്റ് രണ്ട് പേരും അലൈനിലെ സ്വദേശികളാണ്.
മകന്‍ അമിത് മാസിന് വിദ്യാർഥികള്‍ക്കുളള സന്നദ്ധസേവന പുരസ്കാരമായ ഡയാന പുരസ്കാരം 2020 ല്‍ ലഭിച്ചിട്ടുണ്ട്. സന്നദ്ധ സേവനത്തിന വിദ്യാർഥിള്‍ക്ക് നല്‍കുന്ന പ്രധാന പുരസ്കാരങ്ങളിലൊന്നാണ് ഇത്. 2022 ല്‍ ചൈല്‍ഡ് പ്രോഡിജി പുരസ്കാരവും അമിതിന് ലഭിച്ചിട്ടുണ്ട്. സഹോദരനായ സനീബ് അമേരിക്കയിലാണ്. യുഎഇയില്‍ ജനിച്ചത് പരിഗണിച്ച് വേഗത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ലഭിച്ചു. സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതിനായി പ്രതിജ്ഞയെടുക്കുന്ന സമയത്ത് യുഎഇയുടെ പതാകയായിരുന്നു കാണിച്ചിരുന്നത്. ഇതെല്ലാം യുഎഇ തന്ന സൗഭാഗ്യങ്ങളെന്ന് ഷബീല്‍.
വരുന്നവരെ ചേർത്ത് പിടിക്കുന്ന എമറാത്ത്
തന്റെ ചെറുപ്രായത്തില്‍ ഉപ്പയായ ഉമ്മർ പറയാറുണ്ടായിരുന്നു, നാട്ടില്‍ ജോലി നോക്കണം, യുഎഇ എന്ന രാജ്യം മാത്രമാകരുത് പ്രതീക്ഷ, ഷബീല്‍ പറയുന്നു. വർഷങ്ങള്‍ക്കിപ്പുറം, ഉപ്പ ഉമ്മറും ഉമ്മ ഫാത്തിമയും മാത്രമാണ് നാട്ടിലുളളത്. ഷബീലും രണ്ട് സഹോദരിമാരുമെല്ലാം യുഎഇയെന്ന രാജ്യത്തിന്റെ തണലില്‍ ജീവിതം കെട്ടിപ്പെടുത്തവർ, ഇന്നും ഈ തണലില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ. വന്നെത്തുന്നവരെ ചേർത്തുനിർത്താന്‍ ഈ നാടിനോളം സ്നേഹം മറ്റേതുനാടിനുണ്ട്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലയാളികളുടെ സ്വന്തം എമറാത്ത്.