ജിസിസി ഉച്ചകോടി നാളെ കുവൈത്തില്‍
Mail This Article
കുവൈത്ത് സിറ്റി ∙ ഡിസംബര്‍ ഒന്നിന് നടക്കുന്ന ജിസിസി ഉച്ചകോടി വിജയകരമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നോടിയായി ജിസിസി മന്ത്രിതല കൗണ്‍സില്‍ യോഗവും ചേര്‍ന്നു. കൗണ്‍സിലിന്റെ 162-മത് യോഗത്തില്‍ കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള അല്‍ യഹ്യ അധ്യക്ഷത വഹിച്ചു. ഉച്ചകോടി പ്രദേശിക സഹകരണത്തിന്റെ നാഴികക്കല്ലാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.
ഉച്ചകോടിയെ സ്വാഗതം ചെയ്തും ജിസിസി രാജ്യങ്ങളുടെ ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ പരസ്യ പ്രചാരണങ്ങള്‍ റോഡുകളിലും കെട്ടിടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ മാളുകളിലും കെട്ടിടങ്ങളിലും ഡിജിറ്റല്‍ രൂപത്തിലും സ്വാഗത സന്ദേശം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്നലെ മീഡിയ സെന്ററിന്റെ ഉദ്ഘാടനം ഇന്‍ഫോര്‍മേഷന്‍ വകുപ്പ് മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി നിര്‍വഹിച്ചു. ഉച്ചകോടിയോടെ അനുബന്ധിച്ച് രാജ്യത്ത് ഞായറാഴ്ച അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.