സമുദായ അംഗങ്ങളെ കോർത്തിണക്കാൻ കത്തോലിക്കാ കോൺഗ്രസ് മുൻകൈ എടുക്കണം: മാർ റാഫേൽ തട്ടിൽ
Mail This Article
ദുബായ് ∙ ആഗോള സമുദായ ശാക്തീകരണം സഭയുടെ ലക്ഷ്യമാണെന്നും അതിനായി ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കാൻ കത്തോലിക്കാ കോൺഗ്രസ് മുൻകൈ എടുക്കണമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ദുബായിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് ഗൾഫ് റീജൻ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ സഭാംഗങ്ങളുടെ സഹകരണം സാധ്യമാക്കണം. മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരെയും തൊഴിൽ - ബിസിനസ് രംഗങ്ങളിലുള്ളവരെയും വിദ്യാഭ്യാസത്തിനായി വിവിധ രാജ്യങ്ങളിൽ എത്തുന്നവരെയും പരസ്പരം ബന്ധിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് നേതൃത്വം വഹിക്കണം. ഗൾഫ് മേഖലയിൽ ആത്മീയ ഭൗതിക വളർച്ചയ്ക്കായി പിന്തുണ ഉറപ്പാക്കാൻ സഭ കർമപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മാർ തട്ടിൽ പറഞ്ഞു.
സമുദായ അംഗങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് രൂപീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ ബിഷപ് മാർ പൗലോ മാർട്ടിനെലി അനുഗ്രഹ പ്രഭാഷണവും ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ഡേവിസ് ഇടക്കളത്തൂർ, ബെന്നി പുളിക്കകര, ഫാ. ജിയോ കടവി, ഫാ. പി. എം. പീറ്റർ, എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ഗൾഫ് മേഖലയിലെ സംഘടനാ സംവിധാനത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സിംപോസിയം നടന്നു. റിയാദിൽ 107 പേർക്ക് ആജീവനാന്ത അംഗത്വം നൽകി മെംബർഷിപ് ക്യാംപയ്ൻ ആരംഭിച്ചു.