ADVERTISEMENT

റിയാദ് ∙ റിയാദിലെ തദ്ദേശീയരും പ്രവാസികളും കാത്തിരുന്ന റിയാദ് മെട്രോ സർവീസിന് തുടക്കമായി. കഴിഞ്ഞ ബുധനാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത മെട്രോ ഇന്ന് രാവിലെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. പ്ലാറ്റ്ഫോമുകൾ രാവിലെ തുറന്നതായി റിയാദ് മെട്രോ അധികൃതർ സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു.

മലയാളികൾ അടക്കം നൂറു കണക്കിന് യാത്രക്കാർ ആദ്യ ദിവസം തന്നെ മെട്രോയിൽ സഞ്ചരിച്ചു.യാത്രയുടെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് യാത്രക്കാര്‍. റിയാദിലെ ഗതാഗതകുരുക്കിൽനിന്ന് രക്ഷനേടാനായത് ഏറെ ആഹ്ലാദകരമാണെന്നും ആദ്യ ദിവസത്തെ യാത്ര മനോഹരമായിരുന്നുവെന്നും റിയാദിലെ പ്രവാസിയും തലശ്ശേരി സ്വദേശിയുമായ മുഹമ്മദ് നജഫ് തീക്കൂക്കിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.റോഡിൽ ബ്ലോക്കിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ട അവസ്ഥ ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. 

ഉലയ്യയയില്‍ നിന്ന് മലയാളികൾ ഏറെയുള്ള ബത്ഹ വരെയെത്താന്‍ 9 മിനിട്ട് മാത്രമാണ് എടുക്കുന്നത്. എന്നാല്‍ രാവിലെ ബത്ഹ സ്റ്റേഷന്‍ തുറന്നില്ല. പകരം മന്‍ഫൂഹ സ്റ്റേഷനാണ് തുറന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ സ്‌റ്റേഷനും ഒരുക്കിയിരിക്കുന്നത്. ഇവിടെ യാത്രക്കാരെ സ്വീകരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കാര്‍ഡ് സൈ്​വപ് ചെയ്ത് മെട്രോയില്‍ കയറാം.

സ്‌റ്റേഷനുകളുടെ പേരുകള്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെടും. അൽപ സമയം മാത്രമാണ് സ്റ്റേഷനില്‍ നിര്‍ത്തുന്നത്. ഒലയ്യ ബത്ഹ റൂട്ടിലെ ബ്ലൂ മെട്രോ, എയര്‍പോര്‍ട്ട് റോഡിലെ യെല്ലോ മെട്രോ,  അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റൂട്ടിലെ പര്‍പ്പിള്‍ മെട്രോ എന്നിവയാണ് ഇന്ന് രാവിലെ മുതല്‍ സര്‍വീസ് തുടങ്ങിയത്.  റെഡ്, ഗ്രീന്‍, ഓറഞ്ച് മെട്രോകള്‍ ഡിസംബര്‍ 15നാണ് സര്‍വീസ് നടത്തുക. ഇന്റീരിയര്‍ മിനിസ്ട്രി, അല്‍ഹുകും പാലസ്, അല്‍ഇന്‍മ, അല്‍മുറൂജ്, അല്‍മുറബ്ബ, അല്‍വുറൂദ് 2, ബിലാദ് ബാങ്ക്, കിംഗ് ഫഹദ് സ്ട്രീറ്റ്, കിങ് ഫഹദ് ലൈബ്രറി, അല്‍ബത്ഹ, അസീസിയ എന്നിവയാണ് ബ്ലു മെട്രോക്കുള്ളത്.

ടിക്കറ്റുകള്‍ ദര്‍ബ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ കൗണ്ടര്‍ വഴിയോ എടുക്കാം. മെട്രോയില്‍ മൂന്നു വിഭാഗം സീറ്റുകളുണ്ട്. ഇരിപ്പിടങ്ങള്‍ക്കിടയില്‍ വിശാലമായ ഇടങ്ങളും കൂടുതല്‍ സുഖപ്രദമായ സീറ്റുകളുമുള്ള ഫസ്റ്റ് ക്ലാസ് ആണ് ഇതില്‍ ഒന്ന്. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഇടങ്ങളും കൂടുതല്‍ സ്വകാര്യതയും നല്‍കുന്ന, അടുത്തടുത്തായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്ന ഫാമിലി ക്ലാസ് ആണ് രണ്ടാമത്തെ വിഭാഗം. വ്യക്തിഗത വിഭാഗമാണ് മൂന്നാമത്തെത്. ഈ വിഭാഗത്തില്‍ ട്രെയിനുകളുടെ രണ്ടു വശങ്ങളിലുമായി പരസ്പരം അഭിമുഖീകരിക്കുന്ന, അടുത്തടുത്തായുള്ള സീറ്റുകളാണുള്ളത്.

 ട്രെയിനുകളില്‍ പരമാവധി എണ്ണം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വേണ്ടി പ്രത്യേകം ക്രമീകരിച്ചതാണ് ഈ വിഭാഗത്തിലെ സീറ്റുകള്‍.

English Summary:

Riyadh Metro service has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com