യുഎഇ ദേശീയ ദിനം: അല്‍ ഹംറിയ തുറമുഖത്തെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു
Mail This Article
ദുബായ് ∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ തുറമുഖത്തെ 25 സ്വദേശി മത്സ്യത്തൊഴിലാളികളെ ആദരിച്ചു. അവർക്ക് ആധുനിക മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്തു. ദുബായ് ഫിഷർമെൻ കോ ഓപറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.
പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിലും ദേശീയ വ്യക്തിത്വവും രാജ്യത്തിന്റെ സമുദ്ര പൈതൃകവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിലും മത്സ്യത്തൊഴിലാളികളുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നതായിരുന്നു പരിപാടി. ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ മുഖ്യഅതിഥിയായിരുന്നു.
മത്സ്യത്തൊഴിലാളികൾ കേവലം പുരതാനമായ തൊഴിലെടുക്കുന്നവര്‍ മാത്രമല്ല, മൂല്യങ്ങളും പാരമ്പര്യങ്ങളും നിറഞ്ഞ സമ്പന്നമായ സമുദ്ര പാരമ്പര്യത്തിന്റെ സംരക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരുടെയും അഭിപ്രായങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. യുഎഇയുടെ സാമൂഹിക ഘടനയിൽ അവരുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ജോലിയുടെ സുസ്ഥിരത ഉറപ്പാക്കുന്ന സംരംഭങ്ങൾ ആരംഭിക്കുകയും ജീവിതനിലവാരം ഉയർത്താൻ ഭരണാധികാരികൾ തുടർച്ചയായി പരിശ്രമിക്കുകയും ചെയ്യുന്നു.