ADVERTISEMENT

വിമാനയാത്രകൾ പലപ്പോഴും സങ്കടങ്ങളും സന്തോഷങ്ങളും കൗതുകങ്ങളും നിറഞ്ഞ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും ഓരോരുത്തർക്കും സമ്മാനിക്കുക. വിമാനത്താവളത്തിൽ യാത്രക്കായുള്ള കാത്തിരിപ്പിനിടെ അല്ലെങ്കിൽ വിമാനത്തിനുള്ളിൽ യാത്രയ്ക്കിടെ രസകരമായ അല്ലെങ്കിൽ പൊട്ടിചിരിപ്പിക്കുന്ന കാര്യങ്ങൾ ഏറെയുണ്ടാകും. തൃശൂർ പുന്നയൂർ സ്വദേശിയായ ഫൈസൽ അരിക്കാട്ടയിൽ ഖത്തറിലെ പ്രവാസി മലയാളിയാണ്. ഫൈസലിന്റെ ആദ്യ വിമാനയാത്രയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഓർമത്താളുകളിലെ മായാത്ത ചിത്രം തന്നെയാണ് ആദ്യയാത്ര. വിമാനയാത്രയിലെ ആദ്യ അനുഭവത്തെക്കുറിച്ച് ഫൈസൽ.

'ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അബുദാബിയിൽ ജോലി ചെയ്യുന്ന ഉപ്പയുടെ അടുത്തേക്ക്  ഉമ്മയും അനിയനും ഞാനും കൂടി പോകുന്നത്. ആദ്യമായി പോകുന്നതിനാൽ  അവധി കഴിഞ്ഞു തിരിച്ചു പോകുന്ന ഞങ്ങളുടെ അബു അളിയനും അന്ന് ഒപ്പമുണ്ടായിരുന്നു.  ഫ്ലൈറ്റിൽ കയറുമ്പോൾ തന്നെ അനിയൻ  നല്ല കരച്ചിൽ. അന്ന് അവനു നാല് വയസ്സ്. എന്തിനാണ് കരയുന്നത് എന്ന് വാത്സല്യത്തോടെ എയർ ഹോസ്റ്റസ്  ചോദിച്ചപ്പോഴും ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മനസ്സ് നിറയെ ആദ്യമായി വിമാനത്തിൽ കയറിയ കൗതുകം ആയിരുന്നു. മധ്യനിരയിലെ  വിൻഡോയ്ക്ക് അടുത്തായിരുന്നു എന്റെ സീറ്റ്. 

സീറ്റിൽ കയറി ഇരുന്നപ്പോൾ മുതൽ കാറിലെ പോലെ എന്തേ ഗ്ലാസ് തുറക്കാൻ പറ്റാത്തത് എന്നായിരുന്നു എന്റെ ആദ്യത്തെ ചിന്ത. എന്റെ ശ്രമം പരാജയപ്പെട്ടതോടെ ചോദ്യം ഉമ്മയോട് ആയി. അനിയൻ കരയുന്നതിന്റെ അരിശം മുഴുവൻ ഉമ്മയുടെ മുഖത്തുണ്ട്. മര്യാദയ്ക്ക് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരിക്കാനുള്ള താക്കീതായിരുന്നു ഉമ്മയുടെ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞത്. പിന്നെ ഞാൻ അതിനു മുതിർന്നില്ല–പേടിച്ചിട്ട് മിണ്ടാനുള്ള ധൈര്യം ഇല്ലായിരുന്നുവെന്നതാണ് സത്യം. 

എയർ ഹോസ്റ്റസ് വന്നു സീറ്റ് ബൽറ്റ് ഇടാൻ പറഞ്ഞിട്ടു പോയി. അതോടെ ഉമ്മയ്ക്കും ആകെ പരിഭ്രാന്തി ആയി. ആദിയും പരിഭ്രാന്തിയും കൂടിയത് കൊണ്ടാണെന്നു തോന്നുന്നു എയർ ഹോസ്റ്റസ് വന്നു ആ കർമം ഒക്കെ നിർവഹിച്ചു തന്നു. അനൗൺസ്മെന്റ് കഴിഞ്ഞു വിമാനം ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങി. പതിയെ തുടങ്ങി സ്പീഡിൽ പോകുന്ന ഫ്ലൈറ്റിന്റെ വേഗത മറ്റെല്ലാം മറന്ന് ഞാൻ നന്നായി ആസ്വദിച്ചു. 

ഫൈസൽ അരിക്കാട്ടയിൽ.
ഫൈസൽ അരിക്കാട്ടയിൽ.

''ഉമ്മാ, തരേട്ടനേക്കാൾ  സ്പീഡ് ഉണ്ട് ഈ വിമാനത്തിന്റെ ഡ്രൈവർക്കു'' എന്ന് ഞാൻ പറഞ്ഞത് കേട്ട് ഉമ്മയും അടുത്തുള്ളവരും ചിരിച്ചു. തരേട്ടൻ ഞങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവർ ആണ്. തരേട്ടൻ വളരെ സ്പീഡിൽ വണ്ടി ഓടിക്കുന്നയാളാണ്. ഞങ്ങളുടെ അയൽവാസി കൂടിയാണ് കക്ഷി.  സ്പീഡിൽ പോയി കൊണ്ടിരിക്കുന്ന ഫ്ലൈറ്റ് പൊന്താൻ തുടങ്ങിയപ്പോൾ അനിയന്റെ കൂടെ ഞാനും കരയാൻ തുടങ്ങി. വിമാനം പൊന്തുമ്പോൾ ഉള്ള പേടി (അന്നത്തെ പേടി സത്യം പറഞ്ഞാൽ ഇന്നും ഉണ്ട്) രണ്ടു പേരുടെയും കരിച്ചിൽ അധികരിച്ചപ്പോൾ ഉമ്മ ശെരിക്കും കഷ്ടപെട്ടുവെന്നു േവണം പറയാൻ. പിന്നെ കുറെ കഴിഞ്ഞാണ് ഞങ്ങൾ 'ഓക്കെ' ആയത്. കുറച്ചു കഴിഞ്ഞപ്പോൾ പിന്നെ ആളുകൾ ബൽറ്റ് ഊരി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കാൻ തുടങ്ങുന്നതു കണ്ടു. 

എയർ ഹോസ്റ്റസ് ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടു ഞാൻ ഉമ്മയോട് ചോദിച്ചു. ഞാൻ കളിക്കാൻ പോകട്ടെ എന്ന്. അത് കേട്ട് ഉമ്മ പറഞ്ഞു. എടാ അത് കളിക്കാൻ പോകുന്നതല്ല. ആളുകൾ ടോയ് ലറ്റിൽ പോകുന്നതാണ് എന്ന്. മെല്ലെ ഞാൻ വീണ്ടും ഫ്ലൈറ്റിന്റെ വേഗത ശ്രദ്ധിക്കാൻ തുടങ്ങി. 

നല്ല സ്പീഡിൽ ആദ്യം പോയിരുന്ന ഫ്ലൈറ്റ് മുകളിൽ എത്തിയപ്പോൾ ഒട്ടും സ്പീഡ് ഇല്ലല്ലോ എന്നതായിരുന്നു എന്റെ അടുത്ത ചിന്ത. ചിലപ്പോ നിശ്ചലമായ പോലെ. ഇത് എന്താ ഇങ്ങനെ എന്ന് ഉമ്മയോടെ ചോദിച്ചപ്പോ ഉമ്മക്കും എന്താ പറഞ്ഞു തരേണ്ടത് എന്ന് അറിയില്ല. എന്റെ സംശയം അധികരിച്ചു. ഇത് എന്താ ഇങ്ങനെ വെറുതെ നിൽക്കുന്ന പോലെ. ചിലപ്പോ വളരെ ഇഴഞ്ഞു നിങ്ങുന്നത് പോലെ. ഉപ്പയുടെ അടുത്തേക്ക് എത്തുന്ന സന്തോഷവും യുഎഇ കാഴ്ചകൾ കാണാൻ ഉള്ള കൗതുകത്തിലും സ്വപ്നത്തിലും വ്യാപൃതനായി  ഇരിക്കുമ്പോൾ എന്റെ സംശയങ്ങൾക്ക് ഉമ്മക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു. "മിണ്ടാതെ ഇരിക്കെടാ''. പക്ഷെ ഞാൻ എന്റെ സംശയം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. മുൻപിൽ ഇരിക്കുന്ന  ഒരു ആളോട് അങ്കിളേ, എന്തേ വിമാനത്തിന് സ്പീഡ് ഇല്ലാത്തതു എന്ന് ചോദിച്ചപ്പോ പുള്ളിയും ചിരിച്ചു എന്നല്ലാതെ ഒരു മറുപടിയും തന്നില്ല. എന്തായാലും ഞാൻ വിടാൻ തയാറായില്ല. പിന്നെയും പലരോടും ചോദിച്ചു. എന്റെ പലരോടുമുള്ള ചോദ്യം അധികരിച്ചപ്പോ അവസാനം ഒരു കനത്ത പിച്ചിൽ സംശയം നിലച്ചു. അവസാനം ഞാൻ സ്വയം ഒരു നിഗമനത്തിൽ  എത്തി–വിമാനത്തിന് കാറിന്റെ അത്രയും സ്പീഡ് ഇല്ല. അവസാനം പുറകിൽ ഇരിക്കുന്ന അളിയന്റെ അടുത്ത് പോയി ഞാൻ എന്റെ പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ചു. അളിയനും കൂടെ ഇരിക്കുന്നവരും ചിരിച്ചു. ഒടുവിൽ അളിയൻ എന്നോട് പറഞ്ഞു  ഫ്ലൈറ്റിനു ഒരു മിനിറ്റിൽ 14 കിലോമീറ്റർ വേഗതയുണ്ട്‌. അതായതു നമ്മുടെ വീട്ടിൽ നിന്ന് കുന്നംകുളം ഒരു മിനിറ്റ് കൊണ്ട് എത്തുന്ന വേഗത. പക്ഷെ മുകളിലൂടെ പറക്കുന്നത് കൊണ്ട് ഉള്ളിൽ ഇരിക്കുന്ന നമുക്ക് സ്പീഡിൽ പോകുന്നത് പോലെ തോന്നില്ല എന്ന്. 

കാലം വളരെ വേഗം മുന്നോട്ടു പോയി. ഞാൻ വലുതായി വീണ്ടും ഫ്ലൈറ്റിൽ പോകുമ്പോഴും അളിയൻ എപ്പോഴും ഇതും പറഞ്ഞു എന്നെ കളിയാക്കും. അളിയൻ  ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ എന്റെ സ്പീഡ് കഥ വീട്ടിൽ പാട്ടാണ്. ഞാൻ ഇതു എഴുതുമ്പോഴും ഫ്ലൈറ്റിന്റെ വേഗത എനിക്കു പറഞ്ഞു തന്ന അളിയൻ മുകളിൽ ഇരുന്നു ചിരിക്കുന്നുണ്ടാകും'.

(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രയിലെ ഇത്തരം അനുഭവങ്ങൾ. വിമാനയാത്രാ അനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവെയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in ഇ–മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ)

English Summary:

First Flight Experience of Thrissur Native Faisal Arikattayil in Doha, Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT