ADVERTISEMENT

അബുദാബി∙ ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ തുടങ്ങിയത്.

പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ  എസ്എഡിസി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള  ട്രേഡ് കമ്മീഷണറായി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും മികച്ച ബിസിനസ് വളർച്ചയ്ക്കും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ  കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമ്മീഷണർ  വിജയ് ആനന്ദ് പറഞ്ഞു. അതോടൊപ്പം യുഎഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ  യോഗവും തുടങ്ങി.

കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സിഇഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ് പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണർ  വിജയ് ആനന്ദിനെ അഭിനന്ദിച്ചു.

2024-ൽ ഉഭയകക്ഷി വ്യാപാരം 2 ബില്യൻ ഡോളർ കടന്നതോടെ  സിംബാബ്‌വെയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി അബുദാബി സിംബാബ്‌വെ എംബസി പ്രതിനിധി ലവ്‌മോർ മസെമോ അഭിപ്രായപ്പെട്ടു.സിംബാബ്‌വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ, സമീപഭാവിയിൽ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാൻ തയ്യാറെടുക്കുകയാണെന്ന് ലവ്‌മോർ മസെമോ പറഞ്ഞു.

കൃഷി, ഖനനം, ഊർജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്‌വെയിൽ നിന്നുള്ള നിക്ഷേപകർ യുഎഇ യിലെ ഭക്ഷ്യ-കാർഷിക മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നോക്കുകയാണെന്നും സ്വർണം ഉൾപ്പെടെ നിരവധി മേഖലകളിൽ സിംബാബ്‌വെയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ യുഎഇ യിൽ നിന്നുള്ള നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്ന് സൗരോർജ്ജ മേഖലയിൽ  വലിയ നിക്ഷേപങ്ങൾ വരാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ പ്രസിഡന്‍റ് ഡോ. ആസിഫ് ഇഖ്ബാൽ പ്രസംഗിച്ചു.

English Summary:

India - SADC Trade Commission launched in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com