ADVERTISEMENT

ദുബായ് ∙ ‘‘നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി’’– ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും സ്വന്തം കൈപ്പടയിൽ അറബികിലെഴുതിയ കുറിപ്പിലൂടെ ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

ഈദ് അൽ ഇത്തിഹാദിന്‍റെ വേളയിൽ യുഎഇയെയും ഇവിടുത്തെ പൗരന്മാരെയും താമസക്കാരെയും ഓർത്ത് അഭിമാനിക്കുന്നുവെന്ന് എക്‌സിലെ സന്ദേശത്തിൽ അദ്ദേഹം കുറിച്ചു. 'യൂണിയൻ' (ഇതിഹാദ്) എന്ന പ്രമേയത്തെ അദ്ദേഹം ഊന്നിപ്പറയുകയും 1971 ഡിസംബർ 2ന് എമിറേറ്റ്‌സിന്‍റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നു വ്യക്തമാക്കുകയും ചെയ്തു. ഈ ആശയം രാജ്യത്തിന്‍റെ വ്യക്തിത്വം, പൈതൃകം, ഐക്യം, ശക്തി, ദേശാഭിമാനം എന്നിവയുടെ പ്രതീകമാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുഎഇയിലെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അൽ ഐനിലെ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങൾക്ക് നടുവിലാണ് ഔദ്യോഗിക ആഘോഷച്ചടങ്ങ് നടക്കുന്നത്. യുഎഇയിലുടനീളമുള്ള ആളുകൾക്ക് ഡിസംബർ 2ന് ദേശീയ ദിന  ആഘോഷങ്ങൾ പ്രാദേശിക ടിവി ചാനലുകളിലും സിനിമാശാലകളിലും തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം കാണാം. കഴിഞ്ഞ മാസം  ഈ ആഘോഷദിനം  ഔദ്യോഗികമായി 'ഈദ് അൽ ഇത്തിഹാദ്' എന്ന് രാജ്യത്തിന്‍റെ ദേശീയ ദിനാഘോഷ  കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു.

സ്ഥാപക പിതാക്കന്മാരെ അഭിമാനത്തോടെയും നന്ദിയോടെയും സ്മരിച്ചുകൊണ്ട് യുഎഇയുടെ മറ്റു നേതാക്കളും 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിലെ ജനങ്ങൾക്ക്  അനുഗൃഹീതമായ ഒരു വർഷം ആശംസിച്ചു.  നമ്മുടെ മഹത്തായ ഈദ് അൽ ഇത്തിഹാദിൽ ഈ പ്രിയപ്പെട്ട രാജ്യത്തിന്‍റെ അനുഗ്രഹത്തിനായി ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നുവെന്ന് അദ്ദേഹം  എക്‌സിലെ ഒരു സന്ദേശത്തിൽ പറഞ്ഞു.

Image Credit: x/shk mohd
Image Credit: x/shk mohd

ഞങ്ങൾ സ്ഥാപകരെ ഓർക്കുന്നു, യാത്രയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നു, യൂണിയനിലെ ജനങ്ങളെ അഭിനന്ദിക്കുന്നു, യൂണിയൻ പ്രസിഡന്‍റിനോടുള്ള ഞങ്ങളുടെ വിശ്വസ്തത പുതുക്കുന്നു, യൂണിയന്‍റെ നേട്ടങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. –അദ്ദേഹം കൂട്ടിച്ചേർത്തു.  യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ആർക്കൈവ് ഫൂട്ടേജ്, രാജ്യത്തിന്‍റെ യൂണിയനെ കുറിച്ച് സംസാരിക്കുന്നതിന്‍റെ ആർക്കൈവ് ഫൂട്ടേജ് എന്നിവയടങ്ങിയ വിഡിയോയും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. യുഎഇയിലെ ജനങ്ങൾക്ക് അനുഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എല്ലാ വർഷവും നമ്മുടെ ജനങ്ങൾക്ക് നന്മ, സുരക്ഷ, സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ കൊണ്ടുവരട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എല്ലാവർക്കും സമൂഹമാധ്യമത്തിലൂടെ ആശംസകൾ നേർന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യം സ്ഥാപിച്ചതിന്‍റെ 53-ാം വാർഷികത്തിൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടയും മറ്റു സ്ഥാപക പിതാക്കന്മാരുടെയും യാത്ര അഭിമാനത്തോടെ ഓർക്കുന്നു.

1. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 2. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
1. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 2. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇവരെല്ലാം യൂണിയൻ സ്ഥാപിക്കുകയും ഈ അനുഗൃഹീത മന്ദിരത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്തു.  ഞങ്ങളുടെ പ്രതിജ്ഞയും വാഗ്ദാനവും ഞങ്ങൾ പുതുക്കുന്നു. യുഎഇ നേതൃത്വത്തോടും പ്രിയപ്പെട്ട ജനങ്ങളോടും യൂണിയന്‍റെ പതാക ഉയരത്തിൽ പറക്കാൻ എപ്പോഴും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അങ്ങനെ നമുക്ക് ശോഭനമായ ഭാവി സൃഷ്ടിക്കാൻ കഴിയുമെന്നും എമിറേറ്റ്സിന്‍റെ വരും തലമുറകൾ ഇതിൽ പങ്കാളികളാകുമെന്നും ഷെയ്ഖ് ഹംദാൻ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

ഈ മഹത്തായ വേളയിൽ ഞങ്ങളുടെ പ്രസിഡന്‍റും ഞങ്ങളുടെ യാത്രയുടെ നേതാവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അദ്ദേഹത്തിന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,  ഒപ്പം അവരുടെ സഹോദരങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, ഞങ്ങളുടെ പ്രിയപ്പെട്ട ജനം എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും എല്ലാവർക്കും ഈദുൽ ഇത്തിഹാദ്(ദേശീയപ്പെരുന്നാൾ) ആശംസകൾ നേർന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വദേശികളോടൊപ്പം ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും യുഎഇയുടെ ദേശീയദിനം വർണാഭമായ പരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു.

English Summary:

UAE President wishes expatriates and citizens on the occasion of UAE National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com