ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സിലാണ് ടോമി നാട്ടിലെത്തുക. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണ ടോമിയെ സുഹൃത്തുക്കൾ ചേർന്നാണ് അൽ അദാൻ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ടോമിയുടെ ഒരു വശം തളർന്നു പോയിരുന്നു. നീണ്ട ആഴ്ചയിലെ പരിചരണത്തിനൊടുവിൽ എഴുന്നേറ്റ് ഇരിക്കാനും യാത്ര ചെയ്യാനും കഴിയുന്ന അവസ്ഥയിലെത്തിയതോടെയാണ് ടോമിയെ നാട്ടിലേക്ക് കൊണ്ടു പോകുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോമിയെക്കുറിച്ച് കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനായ സലിം കോമേരിയാണ് ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.

ആശുപത്രിയിലെ വലിയ ചികിത്സാ ചെലവില്‍ ഇളവ് ലഭിക്കാനായി എംബസി തലത്തില്‍ ശ്രമിച്ചെങ്കിലും താല്‍ക്കാലിക വീസയായതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ അഹമദി ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തോലിക്കാ പള്ളി സഹവികാരി ജിജോ തോമസിന്റെ നേത്യത്വത്തിലാണ് ടോമിയുടെ സാമ്പത്തിക ചെലവുകള്‍ ഏറ്റെടുത്തത്. ടോമിയുടെ സുഹൃത്ത് അനിൽ‍ പോൾ ആണ് പള്ളി അധികൃതരുമായി ബന്ധപ്പെട്ടത്.

അനിൽ പോൾ ആണ് ടോമിയേയും കൊണ്ട് നാട്ടിലേക്ക് പോകുന്നത്. നാട്ടില്‍ തുടര്‍ ചികല്‍സയ്ക്കുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടന്ന് ടോമിയുടെ ഭാര്യ സഹോദരന്‍ ജോബി മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ആശുപത്രി വാസത്തിനിടെ തൊഴിൽ വീസ കാലാവധി അവസാനിച്ചതിനാൽ ടോമി താൽക്കാലിക വീസയിലായിരുന്നു കഴിഞ്ഞിരുന്നത്.

കുവൈത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിലെ ജോലി നഷ്ടമായതിനെ തുടർന്ന് കുറച്ചു കാലമായി ടാക്സി ഡ്രൈവർ ആയിരുന്നു.  കഴിഞ്ഞവര്‍ഷം പിതാവ് മരിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ ടോമിക്ക് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് ജോലി നഷ്ടപ്പെട്ടത്.

English Summary:

Pravasi Malayali who was Receiving Treatment in Kuwait is Returning Home Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com