ADVERTISEMENT

ദുബായ്∙ ആഘോഷത്തിന്റെ പൊടിപൂരത്തിന് ഇന്ന് ദുബായിയുടെ മണ്ണിൽ രാവിലെ 8.30ന് കൊടിയേറും. യുഎഇ ദേശീയ ദിനത്തിൽ ഇത്തിസലാത്ത് അക്കാദമിയിലാണ് കേരളത്തിന്റെ സ്വന്തം ‘തൃശൂർ പൂരം’. പൂരക്കാഴ്ചകൾ ഇന്ന് രാത്രി 11വരെ നീളും. 

പൂരത്തിന്റെ ഭാഗമായി ഇന്നലെ കോലം എഴുന്നള്ളിപ്പ്, ചമയ പ്രദർശനം ഉദ്ഘാടനം, പഞ്ചാരിമേളം, കളരിപ്പയറ്റ്, സോപാന സംഗീതം, പാനക പൂജ, നാദസ്വര മേളം, കാവടിയാട്ടം, തിരുവാതിര, വയലിൻ, ഫ്യൂഷൻ, ശിങ്കാരിമേളം എന്നിവ പൂരപ്പറമ്പിൽ നടന്നു.

കൊടിയേറ്റത്തോടെ ‘മ്മടെ തൃശൂർ പൂരത്തി’ന് ഔപചാരിക തുടക്കമാകും. 8.45ന് കേളികൊട്ട്. ചെണ്ടയിൽ കലാമണ്ഡലം ശിവദാസും മദ്ദളത്തിൽ വെണ്ണിമല അനുവും താളമൊരുക്കും. 9.15ന് കാവടി പൂജ, മച്ചാട് മാമാങ്കം, കുതിര പൂജ എന്നിവ നടക്കും. 9.30ന് ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം. 11ന് മഠത്തിൽ വരവ്, പറക്കാട് തങ്കപ്പൻ മാരാരും സംഘവും നേതൃത്വം നൽകുന്ന പഞ്ചവാദ്യം എന്നിവയ്ക്ക് തുടക്കമാകും.

 ഉച്ചയ്ക്ക് 12.30ന് കോട്ടപ്പടി സുരേന്ദ്രനും സംഘവും നേതൃത്വം നൽകുന്ന നാദസ്വര മേളം, കാവടിയാട്ടം, മച്ചാട് മാമാങ്കം, കുതിര വരവ്, കാളകളി, ശിങ്കാരി മേളം എന്നിവ നടക്കും.  

വൈകിട്ട് 3ന് ആണ് ഇലഞ്ഞിത്തറ മേളം. കിഴക്കോട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 100 കലാകാരന്മാർ പങ്കെടുക്കും. പരമ്പരാഗത കലാരൂപങ്ങളും, റോബട്ടിക് ആനകളും പഞ്ചവാദ്യവും അണിനിരക്കുന്ന ഘോഷയാത്ര 5ന് ആരംഭിക്കും. 6.45ന് അഗ്നി ബാൻഡിന്റെ മ്യൂസിക് ഷോ. 

∙ സാംസ്കാരിക പരിപാടി
7.30ന് സാംസ്കാരിക പരിപാടിക്ക് തുടക്കമാകും. 8ന് പൂരപ്പറമ്പിൽ മ്യൂസിക് ഷോയിൽ വിധു പ്രതാപും അപർണ ബാലമുരളിയും ശ്രീരാഗ് ഭരതനും എത്തും. 

10ന് ആരംഭിക്കുന്ന ജെഎം ഫൈവിന്റെ ഡിജെ ഷോയോടെ പൂരം സമാപിക്കും. കുടമാറ്റത്തിന് തൃശൂർ പൂരത്തിലുപയോഗിക്കുന്ന കുടകൾ തന്നെ ഇത്തവണ മ്മടെ തൃശൂർ പൂരത്തിനെത്തുന്നതും പ്രത്യേകതയാണ്. 

 ∙ പൂരച്ചിത്രങ്ങളുമായി മലയാള മനോരമ പ്രദർശനം 
പൂര നഗരിയിൽ തൃശൂർ പൂരത്തിന്റെ വിവിധ വർഷത്തെ വിസ്മയ കാഴ്ചകളുടെ ഫോട്ടോകളുമായി മലയാള മനോരമയുടെ എക്സിബിഷൻ സെന്റർ പ്രവർത്തിക്കും. അരനൂറ്റാണ്ടിന് മുൻപുള്ളത് ഉൾപ്പെടെ പൂരത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ പകർത്തിയ മനോഹര കാഴ്ചകളാണ് എക്സിബിഷനിൽ ഒരുക്കുന്നത്. പ്രവേശനം സൗജന്യം.

∙ പ്രത്യേക ബസ് സർവീസ്; ഫുഡ് അടി ഫെസ്റ്റും
ദുബായ്∙ ‘മ്മടെ പൂരത്തി’ന് എത്തുന്നവർക്കായി പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തി. 

ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നു പൂരവേദിയായ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലേക്കാണ് പ്രത്യേക ഷട്ടിൽ സർവീസ്. വേദിയിലെ പാർക്കിങ് പ്രയാസങ്ങൾ ഒഴിവാക്കാനും ഗതാഗതക്കുരുക്കിൽപെടാതെ പൂരപ്പറമ്പിലെത്താനും ഇത് സഹായിക്കും. 

പൂരത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള രുചി വൈവിധ്യങ്ങൾ സമ്മേളിക്കുന്ന ‘പൂരം ഫുഡ് അടി ഫെസ്റ്റ്’ ഇത്തവണത്തെ പ്രധാന ആകർഷണമാണ്.

English Summary:

Mmde Thrissur Pooram today. A special bus service has been arranged for those who are coming to Mmde Pooram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com