ഫിഫ ലോകകപ്പ് ഖത്തറിലെ കാബിനുകളും കൃത്രിമ പുല്ലും വിൽപനയ്ക്ക്; പൊതു ലേലം ഡിസംബർ 8ന്
Mail This Article
ദോഹ∙ ഫിഫ ലോകകപ്പ് ഖത്തർ 2022 നായി ഉപയോഗിച്ച കാബിനുകളുടെയും കൃത്രിമ പുല്ലുകളുടെയും പൊതു ലേലം പ്രഖ്യാപിച്ച് ഖത്തർ. ഡിസംബർ 8നാണ് ലേലം. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഘാൽ ആണ് ലേലം പ്രഖ്യാപിച്ചത്.
ഫർണിഷ് ചെയ്ത 105 കാബിനുകളും വലിയ അളവിൽ കൃത്രിമ പുല്ലുകളുമാണ് വിൽപനയ്ക്ക് വെയ്ക്കുന്നത്. ഈ മാസം 8ന് തുടങ്ങുന്ന ലേലം മുഴുവനും വിറ്റു പോകുന്നതു വരെ തുടരും. ഫിഫ ലോകകപ്പിൽ കാണികൾക്ക് താമസിക്കാനായി എല്ലാവിധ സൗകര്യങ്ങളോടും കൂടി ഫർണിഷ് ചെയ്ത് സജ്ജീകരിച്ചവയാണ് കാബിനുകൾ. ഉയർന്ന ഗുണനിലവാരത്തിലുള്ള സാമഗ്രികൾ കൊണ്ടു നിർമിച്ചവയാണ് ഇവ.
ലേലം എവിടെ, എപ്പോൾ
ഫ്രീ സോണിൽ ഫിഫ ലോകകപ്പിലെ കാണികൾക്ക് അക്കോമഡേഷൻ സജ്ജമാക്കിയ അബു ഫോണ്ടാസ് ഏരിയയിലാണ് ലേലം നടക്കുക. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ ഫ്രീ സോൺ മെട്രോ സ്റ്റേഷന് പിറകിലാണിത്. രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകിട്ട് 3.00 മുതൽ 5.00 വരെയുമാണ് ലേലം നടക്കുക.
ആർക്കെല്ലാം പങ്കെടുക്കാം, നിബന്ധനകൾ
ലേലത്തിൽ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും പങ്കെടുക്കാം. ന്യായമായ നിരക്കിൽ കാബിനുകളും കൃത്രിമ പുല്ലും വാങ്ങാം. വാങ്ങുന്നതിന് മുൻപ് കാബിനുകളും കൃത്രിമ പുല്ലും കണ്ട് നേരിട്ടു കണ്ട് വിലയിരുത്താനായി അതോറിറ്റി സ്ഥലവും സമയവും നിശ്ചയിക്കും
∙കൃത്രിമ പുല്ലു വാങ്ങാനുള്ള ലേലത്തിൽ പങ്കെടുക്കാൻ 500 റിയാലും കാബിനുകൾ ഓരോന്നിനും (ടി01 മുതൽ ടി105 വരെ) 500 റിയാൽ വീതവും ഡിപ്പോസിറ്റ് നൽകണം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വേണം പെയ്മെന്റ് നടത്താൻ.
∙ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികൾ വാണിജ്യ റജിസ്ട്രേഷൻ, എസ്റ്റാബ്ളിഷ്മെന്റ് ഐഡി, ഓഥറൈസേഷൻ ലെറ്റർ, ലേലം വിളിക്കുന്ന വ്യക്തിയുടെ ഐഡിയുടെ ഒറിജിനലും പകർപ്പും എന്നിവ ഹാജരാക്കണം. വ്യക്തികളാണെങ്കിൽ അവരുടെ ഐഡിയുടെ ഒറിജിനലും പകർപ്പും കാണിക്കണം.
∙കൃത്രിമ പുല്ല് മുഴുവനായി ഒറ്റ ലോട്ടായും കാബിനുകൾ ഓരോന്നായോ അല്ലെങ്കിൽ ഒരുമിച്ചോ വാങ്ങണം.
∙ ഏറ്റവും ഉയർന്ന ലേലത്തുക സ്ഥിരീകരിച്ചാൽ വാങ്ങുന്നയാൾ അപ്പോൾ തന്നെ മുഴുവൻ തുകയും കാർഡ് ഉപയോഗിച്ച് അടയ്ക്കണം.
∙വാങ്ങുന്നയാൾ സ്വന്തം ചെലവിൽ വേണം സാധനങ്ങൾ കൊണ്ടുപോകാൻ. ലേലം ഉറപ്പിച്ച് 3 ദിവസത്തിനുള്ളിൽ ലേല സ്ഥലത്ത് നിന്ന് മാറ്റുകയും വേണം.
∙പെയ്മെന്റ് നൽകി 3 ദിവസത്തിനുള്ളിൽ സാധനങ്ങൾ കൊണ്ടുപോയില്ലെങ്കിൽ വിൽപന റദ്ദാക്കും. എന്നാൽ അടച്ച പണം തിരികെ ലഭിക്കില്ല.