കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ
Mail This Article
അബുദാബി ∙ രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള 468 വിദഗ്ധരും 96-ലേറെ പ്രഭാഷകരും പങ്കെടുക്കുമെന്ന് സംഘാടകരായ അബുദാബി പരിസ്ഥിതി ഏജൻസി (എഡിഎംഐ) അറിയിച്ചു. അത്യാധുനിക ശാസ്ത്രവും കണ്ടൽക്കാടുകളുടെ പുനരുദ്ധാരണവും, ആഗോളതലത്തിൽ മികച്ച സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കൽ, സമൂഹത്തിന്റെ ഇടപഴകൽ, നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിവിധ സെഷനുകൾ നടക്കും.
കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന ശാസ്ത്രീയ പഠനങ്ങള്‍ നടത്തുക, പരിസ്ഥിതി പ്രാധാന്യമുള്ള ഈ ആവാസ വ്യവസ്ഥകളെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മികച്ച സമ്പ്രദായങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. തീരദേശ സംവിധാനങ്ങളും പാരിസ്ഥിതിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള സംയോജിത ശ്രമങ്ങൾ വർധിപ്പിക്കുക, അറേബ്യൻ ഉപദ്വീപിലെ കണ്ടൽ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടുക, കാലാവസ്ഥാ വ്യതിയാനത്തിന് പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾ പ്രയോഗിക്കുക, ശാസ്ത്രീയ അറിവും മികച്ച രാജ്യാന്തര തല പരിശീലനവും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്. ലോകത്തെങ്ങുമുള്ള ഗവേഷകരും സ്പെഷലിസ്റ്റുകളും തമ്മിൽ അറിവും പാഠങ്ങളും പങ്കിടുന്നതിനുള്ള ഒരു ആഗോള വേദിയായി ഇത് മാറും.
ത്രിദിന പരിപാടിയിൽ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, ഫീൽഡ് സന്ദർശനങ്ങൾ, പ്രവർത്തന സെഷനുകൾ, സമീപകാല കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ കണ്ടുപിടുത്തങ്ങൾ, സമുദ്ര ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള സംയോജിത സമീപനങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.