അരവിന്ദിനെ 57 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ‘സൗജന്യ ടിക്കറ്റിൽ’; നറുക്കെടുത്തതും മലയാളി
Mail This Article
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ൽ ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ(25 ദശലക്ഷം ദിർഹം) സമ്മാനം കൊണ്ടുവന്ന ടിക്കറ്റ് സൗജന്യമായി ലഭിച്ചത്. അരവിന്ദ് അപ്പുക്കുട്ടൻ(30) എന്ന ഭാഗ്യശാലി തന്നെയാണ് ഇക്കാര്യം ബിഗ് ടിക്കറ്റ് അധികൃതരോട് വെളിപ്പെടുത്തിയത്. രണ്ട് ടിക്കറ്റ് വാങ്ങിയാൽ നാല് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പിൽ ഇവർക്ക് ആകെ ആറ് ടിക്കറ്റുകൾ ഉണ്ടായിരുന്നു.
ഷാർജയിൽ സെയിൽസ്മാനായിരുന്ന അരവിന്ദ് അപ്പുക്കുട്ടന് നിലവിൽ ജോലി ഇല്ലായിരുന്നു. വ്യാപകമായി ജോലി അന്വേഷണം തുടരുന്നതിനിടെ ഇദ്ദേഹത്തിന്‍റെ പേരിൽ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിനാണ് ഈ മാസം 3ന് നടന്ന നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. ഇവർ സമ്മാനത്തുക പങ്കിടും.
നറുക്കെടുത്ത നിമിഷം സുഹൃത്താണ് ആദ്യം സമ്മാനം നേടിയ വിവരം ഫോണിലൂടെ അറിയിച്ചത്. എന്നാൽ അത് വിശ്വസിക്കാൻ തയ്യാറായില്ല. തുടർന്ന് ബിഗ് ടിക്കറ്റ് ടീം അരവിന്ദിനെ ബന്ധപ്പെട്ടപ്പോൾ ഭാര്യയോടൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നതാണെന്ന് പറഞ്ഞു. ഇനി താങ്കൾക്ക് ഒരു ഷോപ്പ് സ്വന്തമാക്കാം എന്നായിരുന്നു അധികൃതര്‍ തമാശരൂപേണയുള്ള വാക്കുകൾ.
കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും ഇതുപോലൊരു വലിയ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അരവിന്ദ് പറഞ്ഞു. സമ്മാനം നേടിയതിനെക്കുറിച്ച് പറയാൻ സുഹൃത്ത് എന്നെ വിളിച്ചു. എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല–അരവിന്ദ് പറഞ്ഞു.
നവംബർ 22 ന് വാങ്ങിയ 447363 എന്ന ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. കഴിഞ്ഞ തവണ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം നേടിയ മലയാളി പ്രിൻസ് സെബാസ്റ്റ്യനാണ് ഇപ്രാവശ്യം നറുക്കെടുത്തത് എന്നതാണ് മറ്റൊരു യാദൃച്ഛികത. പണം എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അരവിന്ദ് പറഞ്ഞു.
ഇത് അവിശ്വസനീയമാണ്. സന്തോഷം കാരണം എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ സമയത്താണ് ദൈവം അനുഗ്രഹം ചൊരിഞ്ഞത്. ഞാൻ ജോലി രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് മാറാൻ ഒരുങ്ങുകയാണ്. എന്നാൽ ജോലി ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഭാര്യക്ക് ജോലിയുള്ളതുകൊണ്ടാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. കുറച്ച് ബാങ്ക് വായ്പകളുണ്ട്. സമ്മാനത്തുക കൊണ്ട് അത് അടച്ച് ബാക്കിയുള്ളത് ഭാവിയിലേക്ക് നീക്കിവയ്ക്കണം.
എന്‍റെ സുഹൃദ് സംഘം നേരത്തെ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്നവരാണ്. ഞാൻ 2 വർഷം മുൻപ് മാത്രമാണ് ഇതിൽ ചേരുന്നത്. ഞങ്ങളെല്ലാം 30 വയസ്സിലൂടെ കടന്നുപോകുന്നവരാണ്. വീട് പണിയാനും മറ്റുമായി മിക്കവർക്കും ബാങ്ക് വായ്പകളുണ്ട്. ഒരാൾ അടുത്തിടെയാണ് വിവാഹിതനായത്. സമ്മാനം നേടിയ ടിക്കറ്റിന്‍റെ നമ്പർ ക്രമരഹിതമായാണ് തിരഞ്ഞെടുത്തതെന്നും അരവിന്ദ് പറഞ്ഞു.
ഇത് 2024 ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ആണ്. ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം നേടി. ഇദ്ദേഹം തന്‍റെ 17 കൂട്ടുകാരുമായി സമ്മാനം പങ്കിടും. ഇതുകൂടാതെ, മലയാളിയായ ആകാശ് രാജ് 70,000 ദിർഹവും സമ്മാനം നേടി.