ക്രിസ്മസ് ആൽബം പ്രകാശനം ചെയ്തു
Mail This Article
മസ്‌കത്ത്∙ ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒമാനിലെ കലാകാരന്മാരും സാങ്കേതിക വിദഗ്ദരും ഒരുക്കിയ 'നാഥാ നീയെന്നെ കാക്കേണമേ' എന്ന ആൽബം ഓൺലൈനിൽ പ്രകാശനം ചെയ്തു.
ജെയ്‌സൺ മത്തായി എഴുതി, അർച്ചന വിജയകുമാർ ചിട്ടപ്പെടുത്തി, കബീർ യൂസുഫ് സംവിധാനം ചെയ്ത ആൽബം മസ്‌കത്തിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ആറ് മിനിറ്റ് നീണ്ടുനിൽക്കുന്ന ആൽബമാണ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. ജോയ് ആലുക്കാസ് മണി എക്സ്ചേഞ്ചും എം എ എഫ് ഗ്രൂപ്പുമാണ് നിർമാണം.
റൂവി സെന്‍റ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ ചർച്ചിൽ ഫാ. സ്റ്റീഫൻ ഡേവിസിന്റെ നേതൃത്തിലാണ് ഇങ്ങനെയൊരു ആൽബം പൂർത്തിയാക്കിയത്. അജി കൃഷ്ണനാണ് റെക്കോർഡിങ്. സുനിൽ കൈതാരം ഓർക്കസ്ട്ര നിർവഹിച്ച ആൽബത്തിൽ മസ്‌കത്തിലെ കലാകാരികളായ കീർത്തന, അമൃത, ആതിര എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ജിജോ തൂമ്പാട്ട് ആണ് ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് ആൽബം കണ്ടതെന്ന് സംവിധായകൻ കബീർ യൂസുഫ് പറഞ്ഞു. മസ്‌കത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.