ലഹരിമരുന്ന് വിതരണം; ദുബായിൽ ബംഗ്ലദേശ് പൗരന് ജീവപര്യന്തം
Mail This Article
ദുബായ് ∙ ലഹരിമരുന്ന് കൈവശം വച്ചതിനും വിതരണം ചെയ്തതിനും 35-വയസ്സുള്ള ബംഗ്ലദേശ് പൗരന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഒരു കൂട്ടാളിയുമായി ചേർന്ന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഉമ്മുൽ ഖുവൈൻ പൊലീസ് ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റിലെ സംഘം നടത്തിയ ആസൂത്രിത സ്റ്റിങ് ഓപറേഷന് ശേഷം ദുബായിലെ അൽ നഹ്ദ ഏരിയയില്‍ നിന്നായിരുന്നു അറസ്റ്റ്.
∙ പ്രതികളെ കണ്ടെത്താൻ സ്റ്റിങ് ഓപറേഷൻ
2023 ഓഗസ്റ്റിൽ 30 വയസ്സുള്ള ജോർദാൻകാരനെ അധികൃതർ അറസ്റ്റ് ചെയ്തതോടെയാണ് കേസ് ആരംഭിച്ചത്, ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ 33 കാരനായ സുഡാനിയിൽ നിന്ന് കഞ്ചാവ് വാങ്ങിയതായി ജോർദാൻ സ്വദേശി സമ്മതിച്ചു. 2023 സെപ്റ്റംബറിൽ ദുബായിൽ ഫെസ്റ്റിവൽ സിറ്റിക്ക് സമീപം പാർക്കിങ് ഏരിയയിൽ കണ്ടതിനെ തുടർന്ന് സുഡാനി പ്രതിയെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കണ്ടെത്തിയ ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ പ്രതിയുടെ അപ്പാർട്ട്‌മെന്റ് അധികൃതർ പരിശോധിച്ചു.
പ്രധാന വിതരണക്കാരനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ ബംഗ്ലദേശി യുവാവിൽ നിന്നാണ് തനിക്ക് വസ്തുക്കൾ ലഭിച്ചതെന്ന് ഇയാൾ സമ്മതിച്ചു. ഒരു ഇടപാടിന് 300 ദിർഹം മുതൽ 500 ദിർഹം വരെ നൽകി പ്രതിയിൽ നിന്ന് ഒന്നിലേറെ തവണ കഞ്ചാവ് വാങ്ങിയതായി സുഡാനി സമ്മതിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലദേശ് സ്വദേശിയെ അറസ്റ്റ് ചെയ്യാൻ അധികൃതർ വാറണ്ട് നേടി. ഗോൾഡ് ലക്ക് സൂപ്പർമാർക്കറ്റിന് സമീപമുള്ള അൽ നഹ്ദ 1 ൽ സ്റ്റിങ് ഓപ്പറേഷൻ ആരംഭിച്ചു, സുഡാനിയുമായി സഹകരിച്ച് മറ്റൊരു ലഹരിമരുന്ന് വാങ്ങാൻ അദ്ദേഹം സമ്മതിച്ചു.
ഓപ്പറേഷനിൽ ബംഗ്ലദേശി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇയാളെ പരിശോധിച്ചപ്പോൾ നീല ട്രൗസറിന്റെ വലതു പോക്കറ്റിൽ നിന്ന് കഞ്ചാവെന്ന് സംശയിക്കുന്ന ഇരുണ്ട പദാർഥം അടങ്ങിയ ഒരു ചെറിയ ബാഗ് അധികൃതർ കണ്ടെത്തി. അൽ നഹ്‌ദയിലെ അൽ ജാബ്രി ബിൽഡിങ്ങിലുള്ള ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ കുളിമുറിയുടെ സീലിങ്ങിൽ ഒളിപ്പിച്ച കഞ്ചാവും കട്ടിലിനടിയിൽ തൂക്കം നോക്കുന്ന സ്കെയിലുമാണ് കണ്ടെത്തിയത്.
ഏകദേശം 193.13 ഗ്രാം ഭാരമുള്ള കഞ്ചാവും അതിന്റെ ഡെറിവേറ്റീവുകളുമാണ് പിടിച്ചെടുത്ത വസ്തുക്കളെന്ന് ലാബ് വിശകലനം സ്ഥിരീകരിച്ചു. മലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് ബംഗ്ലദേശി യുവാവും മറ്റുള്ളവരും തമ്മിലുള്ള ആശയവിനിമയത്തിന്റെ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോണിലെ ഫോറൻസിക് പരിശോധനയിൽ "പേപ്പർ", "ലുലു" എന്നിങ്ങനെയുള്ള കോഡ് നാമങ്ങൾ ഉപയോഗിച്ചുള്ള ഒട്ടേറെ മയക്കുമരുന്ന് ഇടപാടുകൾ ചർച്ച ചെയ്യുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ കണ്ടെത്തി.
വിതരണക്കാരൻ ബംഗ്ലദേശിയാണെന്ന് തിരിച്ചറിഞ്ഞ നിയമപാലകരിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളും കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ സമയത്ത് ബംഗ്ലദേശി പ്രതി കുറ്റം നിഷേധിച്ചു. എങ്കിലും സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ട്, മുൻ മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ, ലഹരിമരുന്ന് കടത്ത് എന്നിവ തെളിവായി സ്വീകരിച്ച് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
യുഎഇ നിയമപ്രകാരം 25 വർഷത്തിന് തുല്യമായ ജീവപര്യന്തം തടവിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. കേസിൽ ഉൾപ്പെട്ട സുഡാനികളും ജോർദാനിയൻ പുരുഷന്മാരും മുൻപ് കുറ്റം ചുമത്തുകയും വിചാരണ നേരിടുകയും ചെയ്തു. വിധിക്കെതിരെ അപ്പീൽ നൽകിയതിനാൽ അടുത്ത വർഷം ജനുവരി 22 ന് ദുബായിലെ അപ്പീൽ കോടതിയിൽ വാദം കേൾക്കും.