ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി 10 ലക്ഷം തൊഴിലാളികൾ
Mail This Article
അബുദാബി ∙ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിലും തൊഴിലാളികളെ ചേർത്തുപിടിച്ച യുഎഇ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷത്തിലേറെ പേരാണ് ആഘോഷത്തിൽ പങ്കാളികളായത്. തൊഴിലാളികളുടെ സന്തോഷം എന്ന പ്രമേയത്തിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും സുപ്രധാന പങ്കുവഹിച്ച തൊഴിലാളികളെ വിലമതിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് ഇത്തരം പരിപാടികളെന്ന് മന്ത്രാലയം സൂചിപ്പിച്ചു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി തൊഴിൽ കരാർ കർശനമാക്കി തർക്കപരിഹാര സമിതി രൂപീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ്, വിവിധ എമിറേറ്റുകളിലെ നഗരസഭ, നാഷനൽ ആംബുലൻസ്, റാസൽഖൈമ ഫ്രീ സോൺ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.