പരുക്കൊന്നുമില്ലെങ്കിലും പറക്കാനാവുന്നില്ല; അരുമ പ്രാവിന്റെ ഉടമസ്ഥനെ തേടി അധ്യാപിക
Mail This Article
അബുദാബി∙ അരുമ പ്രാവിന്റെ ഉടമസ്ഥനെ തേടുകയാണ് അബുദാബി ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ശാന്തി ദേവസ്യ. കഴിഞ്ഞ ദിവസം രാവിലെ 11.45ന് സ്കൂൾ മൈതാനത്തുനിന്നാണ് പക്ഷിയെ കണ്ടുകിട്ടിയത്. പരുക്കൊന്നുമില്ലെങ്കിലും പറക്കാനാവുന്നില്ല. തൂവെള്ള നിറമുള്ള പ്രാവിന്റെ കൊക്കിനു താഴെ കഴുത്തിൽ ചാരനിറമുണ്ട്.
അധ്യാപികയുടെ സ്നേഹവാത്സല്യത്തിൽ പ്രാവ് കൂടെക്കൂടി. വെള്ളവും ഭക്ഷണവും കൊടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ പ്രാവും അധ്യാപികയ്ക്കൊപ്പം വീട്ടിലേക്ക്. പ്രാവിനെ വിശദമായി പരിശോധിച്ചപ്പോൾ കാലിൽ പച്ചനിറത്തിലുള്ള ടാഗ് കണ്ടെത്തി. എഇ231101765 എന്ന നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാവ് ആരോഗ്യം വീണ്ടെടുത്തപ്പോൾ തുറസ്സായ സ്ഥലത്തു വിട്ടെങ്കിലും പറന്നുപോയില്ല.
ഇതോടെ, പ്രാവിനെ സുരക്ഷിത സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണ്. പ്രാവിനെ സുരക്ഷിതമാക്കിയെങ്കിലും യഥാർഥ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിക്കാനാണ് ശാന്തിയുടെ തീരുമാനം.
ഉടമസ്ഥനെ കണ്ടെത്തി കൈമാറാൻ എല്ലാ വഴികളും തേടുന്നുണ്ട്. യുഎഇയിലെ മൃഗാശുപത്രികളിലെ രേഖകളിലൂടെ ഉടമയെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.