പൊന്നാനി വെൽഫെയർ കമ്മിറ്റി യുഎഇ സുവർണ്ണ ജൂബിലി മീറ്റ് ആഘോഷിച്ചു
Mail This Article
ദുബായ് ∙ കഴിഞ്ഞ അൻപതു വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടയ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി (PWC) അതിന്റെ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. ദുബായ് ക്രസന്റ് സ്കൂളിൽ വെച്ച് നടന്ന ദമാർ പൊന്നാനി ജൂബിലി മീറ്റ്, നാടിന്റെ കലയും, സംസ്കാരവും, പൈതൃകവും, ചരിത്രവും, പാരമ്പര്യവുമെല്ലാം സമ്മേളിച്ച ആഘോഷ ദിനത്തിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.
പാരമ്പര്യത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ പാനൂസ മുതൽ മുത്താഴ കുറ്റി വരെ അവതരിപ്പിച്ച തിണ്ടീസ് പൈതൃകമേള, പൊന്നാനിക്കാരുടെ മാത്രമായ നൂറിലധികം പുസ്തകങ്ങളുമായി പൊന്നാനിക്കളരി എന്ന പുസ്തകപ്പുര, വിവിധ കലാ വിരുന്നുകൾ, കായിക മത്സരങ്ങൾ, പൊന്നാനി വനിതകൾ ലൈവ് ആയി തയാറാക്കിയ പൊന്നാനി പലഹാരങ്ങളും, വിഭവങ്ങളും ഒക്കെ വേറിട്ട അനുഭവങ്ങളായിരുന്നു.
പൊന്നാനിയെ ആസ്പദമാക്കി നടന്ന ലൈവ് ക്വിസ് മത്സരവും, പൊന്നാനിക്കാരനായ പ്രമുഖ ചിത്രകാരൻ ഭാസ്കർ ദാസിന്റ പൊന്നാനിക്കാഴ്ച്ചകൾ പ്രമേയമായ ചിത്രങ്ങളുടെ പ്രഥമ പ്രദർശനവും നടന്നു. നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയ സേവനങ്ങളും, തുടർന്ന് നടന്ന അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സംഗീത വിരുന്നും ഏറെ ആസ്വാദകരമായിരുന്നു. നാട്ടിൽ നിന്നും ജി സി സി നാടുകളിൽ നിന്നും കുടുംബ സമേതം പരിപാടികളിൽ പങ്കെടുക്കുവാൻ ധാരാളം പേർ വന്നിരുന്നു. യൂഎഇയുടെ നാനാ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയത്.
മൂന്ന് വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പൊന്നാനിയുടെ അഭിമാനങ്ങളായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി.അബ്ദുൽ നാസർ (ബിസിനസ്), ഭാസ്കർ ദാസ് (ചിത്രകാരൻ), അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (ചരിത്രകാരൻ) എന്നിവരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. യാക്കൂബ് ഹസ്സൻ, ടിവി ഷംസുദ്ധീൻ, ഹാഫിസ് അലി, അത്തീഖ് റഹ് മാൻ,സുബൈർ, യൂനുസ്, ഫിറോസ് ഖാൻ, സാബിർ, സിറാജ് പൊന്നാനി (അബുദാബി), ഇക്ബാൽ, സൈഫുദ്ദീൻ, ഫൈസൽ റഹ്മാൻ, ഷഫീർ, ജാബിർ, അബ്ദുൽ ഗഫൂർ, ഇസ്‌മയിൽ ടി.കെ, സമീർ, അബ്ദുസ്സലാം, റിയാസ്, അജ്മൽ എന്നിവർ നേതൃത്വം നൽകി.