ഖത്തർ അമീറിന്റെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി; നിരവധി മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ
Mail This Article
ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി. ബ്രിട്ടൻ സന്ദർശനം ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന അവസരമായിരുന്നുവെന്ന് അമീർ സമൂഹ മാധ്യമത്തിൽ കുറിച്ചു. സന്ദർശന വേളയിൽ ചാൾസ് മൂന്നാമൻ രാജാവിനെയും കാമില രാജ്ഞിയെയും ബ്രിട്ടിഷ് രാജകുടുംബത്തിലെ അംഗങ്ങളെയും കണ്ടതിൽ അമീർ സന്തോഷം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന അവസരമാണ് ഈ ചരിത്ര സന്ദർശനമെന്ന് അമീർ പറഞ്ഞു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ടായിരുന്നു. പത്നി ഷെയ്ഖ ജൗഹറ ബിൻത് ഹമദ് ബിൻ സുഹൈമ് അൽതാനിയും ബ്രിട്ടൻ സന്ദർശനത്തിൽ ഉണ്ടായിരുന്നു.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലും സൈബർ സുരക്ഷാ രംഗത്തും സഹകരിച്ച് പ്രവർത്തിക്കാനുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ചു. സാമ്പത്തിക സേവന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ബ്രിട്ടന് വേണ്ടി ചാൻസലർ റേച്ചൽ റീവ്സും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ബ്രിട്ടനിലും ഖത്തറിലുടനീളമുള്ള സാമ്പത്തിക വളർച്ച, സംരംഭകത്വം, നിക്ഷേപം സുഗമമാക്കൽ, രാജ്യാന്തര മാതൃക സൃഷ്ടിക്കാൻ ഉയർന്ന റെഗുലേറ്ററി മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുക, കമ്പനികളെയും നിക്ഷേപകരെയും ആത്മവിശ്വാസം വർധിപ്പിക്കാൻ സാമ്പത്തിക സേവന മേഖലകളിലെ സഹകരണം വർധിപ്പിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനത്തിന്റെ ഭാഗമായി സൈബർ സുരക്ഷാ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പ്രസിഡൻറ് എൻജിനീയർ അബ്ദുൾറഹ്മാൻ ബിൻ അലി അൽ ഫറാഹിദ് അൽ മാൽകയാണ് ഖത്തറിന്റെ ഭാഗത്ത് ധാരണാപത്രം ഒപ്പുവച്ചത്.
ബ്രിട്ടന്റെ പക്ഷത്ത് ബ്രിട്ടനിലെ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫിസിലെ (എഫ്‌സിഡിഒ) ഡിഫൻസ് ആൻഡ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ജോനാഥൻ അലനും ഒപ്പുവച്ചു. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുക, ഈ മേഖലയിലെ വൈദഗ്ധ്യം കൈമാറുക, വർധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സംയുക്ത കഴിവുകൾ വികസിപ്പിക്കുക, അതുവഴി ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
അമീറിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറി സായുധ സേനയും ബ്രിട്ടിഷ് റോയൽ സായുധ സേനയും തമ്മിലുള്ള നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഗവേഷണരംഗത്തും സഹകരിച്ചു പ്രവർത്തിക്കാൻ ഖത്തറും ബ്രിട്ടനും ധാരണയായി.