ഗാനിം അൽ മുഫ്താഹ് ഫോബ്‌സ് മിഡിൽ ഈസ്റ്റ് ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ
Mail This Article
ദോഹ ∙ ഖത്തറിലെ പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും യൂട്യൂബ് താരവുമായ ഗാനിം അൽ മുഫ്താഹ് ഫോബ്‌സ് മിഡിൽ ഈസ്റ്റ് ഡിജിറ്റൽ സ്റ്റാർസ് അണ്ടർ 30ൽ ഇടം നേടി. ഇൻസ്റ്റഗ്രാം പട്ടികയിലാണ് ഗാനിം അൽ മുഫ്താഹ് ഇടം നേടിയത്. ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗാനിം അൽ മുഫ്താഹ് വിധിക്ക് മുന്നിൽ പകച്ചു നിൽക്കാതെ സമൂഹ മാധ്യമങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നു.
ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 7.3 ദശലക്ഷം ഫോളോവേഴ്‌സുള്ള ഗാനിം അൽ മുഫ്താഹ് ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ മേഖലയിലാണ് ഈ അംഗീകാരം നേടിയത്. ദോഹയിൽ നടന്ന ഫിഫ 2022 ഉദ്ഘാടന പരിപാടിയിൽ ഹോളിവുഡ് താരം മോർഗൻ ഫ്രീമാനുമായി വേദി പങ്കിട്ടതിന് ശേഷം അൽ-മുഫ്താഹ് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ്.
2024 ജനുവരിയിൽ അദ്ദേഹത്തെ ഫിഫ അംബാസഡറായി നിയമിച്ചു. ഖത്തറിന്‍റെ മൂല്യങ്ങളുടെ ആഗോളതല പ്രതിനിധി എന്ന നിലയിലും അൽ മുഫ്താഹ് വലിയ ഇടപെടലുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്നത്.
സമൂഹ മാധ്യമ ഇടപെടലുകൾക്ക് പുറമെ ജീവകാരുണ്യ രംഗത്തും അദ്ദേഹം ഇടപെടലുകൾ നടത്താറുണ്ട്. ന്യൂയോർക്കിൽ നടന്ന ഫ്യൂച്ചർ 2024 യുഎൻ ഉച്ചകോടിയിൽ അദ്ദേഹം നടത്തിയ പ്രസംഗവും ഏറെ പ്രസക്തമായിരുന്നു.