കൈവിട്ട സ്വപ്നം: ദുബായിൽ ഇന്റർനെറ്റ് സിറ്റി, മാൾട്ടയിൽ സ്മാർട് സിറ്റി; കൊച്ചിയെ കൈവിടാൻ കാരണം?
Mail This Article
ദുബായ് ∙ തുടങ്ങാൻ ഏറെ വൈകിയതും സർക്കാർ നടപടിക്രമങ്ങളിലെ കാലതാമസവുമാണ് കൊച്ചി സ്മാർട് സിറ്റിയിൽ ടീകോമിന്റെ താൽപര്യം നഷ്ടപ്പെടുത്തിയത്. 2005ൽ ലോകമെമ്പാടും ഐടി വ്യവസായം തഴച്ചുവളരുമ്പോഴാണു ദുബായിൽ ഇന്റർനെറ്റ് സിറ്റിയും കൊച്ചിയിലും മാൾട്ടയിലും സ്മാർട് സിറ്റിയും ദുബായ് ഹോൾഡിങ്സ് പ്രഖ്യാപിച്ചത്.
ദുബായിലെ ഇന്റർനെറ്റ് സിറ്റിയിലേക്ക് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം ഉൾപ്പെടെ വൻകിട കമ്പനികൾ എത്തി. മാൾട്ടയിലെ സ്മാർട് സിറ്റിയും വൻ വിജയമായി. എന്നാൽ, കൊച്ചി സ്മാർട് സിറ്റി കരാർ ഒപ്പിടാൻ പിന്നെയും 6 വർഷം വേണ്ടിവന്നു. ആദ്യ കെട്ടിടം പൂർത്തിയാക്കാൻ 11 വർഷം വേണ്ടിവന്നപ്പോഴേക്കും ഐടി വ്യവസായത്തിന്റെ വളർച്ച പൂർണതയിൽ എത്തിയിരുന്നു.
ഫ്രീഹോൾഡുകളും പാർക്കുകളും ഇല്ലാതെയും ഐടി കമ്പനികൾക്ക് നിലനിൽക്കാമെന്ന സ്ഥിതി വന്നു. വൻ ഐടി വിപ്ലവം പ്രതീക്ഷിച്ച സ്മാർട് സിറ്റിയിലേക്ക് കമ്പനികൾ വരാതെയായതോടെ ടീകോമിനു പദ്ധതിയിൽ താൽപര്യം കുറഞ്ഞു. 2005ൽ തുടങ്ങിയിരുന്നെങ്കിൽ സ്മാർട് സിറ്റിയുടെ ഭാവി മറ്റൊന്നാകുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
2005ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു പദ്ധതിക്കു കൈകൊടുത്തെങ്കിലും തൊട്ടടുത്ത വർഷം ഭരണമാറ്റമുണ്ടായി. അതോടെ പദ്ധതി മരവിച്ചു. ആ ഘട്ടത്തിൽ തന്നെ പിന്മാറാൻ ടീകോം ആലോചിച്ചു. ഇതിനിടെ, ടീകോം, ഹോൾഡിങ്സ് തലപ്പത്തു നിർണായക സ്ഥാനചലനമുണ്ടായി. പുതിയ മേധാവികൾ എത്തിയതോടെ വീണ്ടും സ്മാർട് സിറ്റിക്കു ചിറകു മുളച്ചു. ദുബായ് കമ്പനിക്കു വേണ്ടി കേരള സർക്കാരുമായി ചർച്ച നടത്താൻ എം.എ.യൂസഫലിയെ നിയോഗിച്ചു. ഈ ചർച്ചകൾക്കൊടുവിലാണ് 2011ൽ കരാർ ഒപ്പിട്ടത്.
എന്നാൽ, പ്രതീക്ഷിച്ചപോലെ കമ്പനികൾ കൊച്ചിയിൽ വരാതിരുന്നപ്പോൾ പദ്ധതി സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന ബോധ്യം നടത്തിപ്പുകാർക്കും ഉണ്ടായി. ടെക്നോളജി മേഖലയിലെ പ്രഫഷനലുകൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ കൊച്ചിയിൽ ലഭിക്കുമോയെന്ന ആശങ്കയുമുണ്ടായി. ഐടി രംഗത്തെ വളർച്ച നിലച്ചതോടെ, സ്മാർട് സിറ്റി പോലുള്ള പദ്ധതികൾ ഏറ്റെടുക്കുന്നത് ദുബായ് ഹോൾഡിങ്സ് നിർത്തി. മറ്റു ബിസിനസ് മോഡലുകളിലേക്കു ചുവടുമാറ്റി. എന്നാൽ, ദുബായ് ഇന്റർനെറ്റ് സിറ്റി പൂർണ പ്രതാപത്തിൽ തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.