മദർ ഓഫ് ദ് നേഷൻ ഫെസ്റ്റ് ഇന്നുമുതൽ; സംസ്കാരവും പൈതൃകവും നിറയും കുടുംബ ഉത്സവം
Mail This Article
അബുദാബി ∙ പുതുവർഷപ്പുലരി വരെ അബുദാബിക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന് ഇന്നു വൈകിട്ട് 4ന് അബുദാബി കോർണിഷിൽ തുടക്കമാകും. നവീന സാങ്കേതിക വിദ്യയുടെ അകമ്പടിയിൽ സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും കോർത്തിണക്കിയാണ് ഈ കുടുംബോത്സവം അരങ്ങേറുന്നത്. 4 വിഭാഗമാക്കി തിരിച്ചുള്ള ഉത്സവം 26 ദിവസം നീളുമെന്ന് സംഘാടകരായ സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പത്നിയും ജനറൽ വിമൻസ് യൂണിയൻ പ്രസിഡന്റും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെയും സുപ്രീം ഫാമിലി ഡവലപ്മെൻറ് ഫൗണ്ടേഷന്റെയും അധ്യക്ഷയും രാഷ്ട്ര മാതാവുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് 2016 മുതൽ ഉത്സവം നടത്തുന്നത്. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും പ്രമേയമാക്കിയ ഉത്സവത്തിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനം നൽകുന്ന ഒട്ടേറെ പരിപാടികളും അരങ്ങേറും. വിവിധ രാജ്യക്കാരായ കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന വിനോദ പരിപാടികളാണ് മുഖ്യ ആകർഷണം.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും നല്ല ഭക്ഷണവും ഔട്ഡോർ വിനോദങ്ങളും ആസ്വദിക്കാവുന്ന മികച്ച അന്തരീക്ഷമാണ് ഒരുക്കുന്നത്. പ്രത്യേക ആർട്ട് ഇൻസ്റ്റലേഷനും റൈഡുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള പാർക്കിൽ സിനിമകൾ മുതൽ കാർണിവൽ സവാരികൾ, കുട്ടികളുടെ സ്വിങ്സ്, ലാവ പൂൾ, കിഡ്ഡി ട്രെയിനുകൾ, ആർക്കേഡ് ഗെയിമുകൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക്
30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഉത്സവകേന്ദ്രത്തിലെ മുഴുവൻ വിനോദങ്ങളിലേക്കും പ്രവേശനത്തിന് 150 ദിർഹത്തിന്റെ ഡേ പാസ് എടുക്കണം. നാലംഗ ഫാമിലി പാസിന് 450 ദിർഹം. 26 ദിവസവും പ്രവേശനം ലഭിക്കുന്ന സീസൺ പാസിന് ഒരാൾക്ക് 390 ദിർഹമാണ് നിരക്ക്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.motn.ae/) സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
പ്രവേശന സമയം
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ അർധരാത്രി 12 വരെയും ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ അർധരാത്രി 12 വരെയുമാണ് പ്രവേശനം.