അറേബ്യൻ പുള്ളിപ്പുലി കൂട്ടത്തിൽ പുതിയ അതിഥികളെത്തി; പരസ്പരം പോരടിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം മൂവർ സംഘം
Mail This Article
അൽ ഉല ∙ ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ. അൽ ഉലയിലെ അറേബ്യൻ പുള്ളിപ്പുലി സംരക്ഷണ ബ്രീഡിങ് സെന്ററിലെ പുതിയ അതിഥികളെ സ്വാഗതം ചെയ്ത് അധികൃതർ.
വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി കുഞ്ഞുങ്ങളുടെ അപൂർവ ജനനത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് അൽ ഉല റോയൽ കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2 ആണും ഒരു പെണ്ണുമാണ് അറേബ്യൻ പുള്ളിപ്പുലി കൂട്ടത്തിലെ പുതിയ അതിഥികൾ. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണത്തിൽ ബ്രീഡിങ് സെന്റർ മുൻനിരയിലാണ്. വലിയ പൂച്ചകളുടെ ഇനത്തിൽപ്പെട്ടതാണിവ.
അറേബ്യൻ പുള്ളിപ്പുലികൾക്കിടയിൽ 30 വർഷത്തിനിടെ റജിസ്റ്റർ ചെയ്ത മൂന്നാമത്തെതും സൗദി അറേബ്യയിൽ ആദ്യത്തേതുമാണ് മൂവർ സംഘത്തിന്റെ ജനനം. പ്രതിരോധ കുത്തിവയ്പുകളെടുത്ത ശേഷം മൂവരും മെഡിക്കൽ സംഘത്തിന്റെ വിദഗ്ധ നിരീക്ഷണത്തിൽ തന്നെയാണ്.
പരസ്പരം പോരടിച്ചും ബഹളം വച്ചും അമ്മ 6 വയസ്സുകാരി വാർഡിനും പിതാവ് 13 വയസ്സുകാരൻ ബഹറിനും ഒപ്പമാണ് കുഞ്ഞുങ്ങളും കഴിയുന്നത്.
ആൺകുഞ്ഞുങ്ങൾ രണ്ടു പേരും കളിച്ചും പാറകളിൽ കയറിയും വളരെ ഊർജസ്വലരാണ്. പെൺകുഞ്ഞിന് പക്ഷേ ശാന്ത സ്വഭാവമാണ്. അമ്മയുടെ ചൂടുപറ്റിയാണ് കൂടുതൽ സമയവും കഴിയുന്നത്. അടുത്ത 18 മാസവും മൂന്നു പേരും അമ്മയ്ക്കൊപ്പമായിരിക്കും കഴിയുക.
അറേബ്യൻ പുള്ളിപ്പുലികളുടെ ജനിതക വൈവിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മേഖലാ കൈമാറ്റ പ്രോഗ്രാമിന്റെ ഭാഗമായി 2023 ഡിസംബറിലാണ് ബഹർ സെന്ററിലെത്തിയത്. നിലവിൽ 32 പുള്ളിപ്പുലികളാണ് ബ്രീഡിങ് സെന്ററിലുള്ളത്. 2023 ൽ ഏഴും 2024 ൽ ഇതുവരെ അഞ്ചും കുഞ്ഞുങ്ങളാണ് സെന്ററിൽ ജനിച്ചത്.
കടലിലെയും 30 ശതമാനം ആവാസ വ്യവസ്ഥയും ജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിക്കുകയാണ് ബ്രീഡിങ് സെന്ററിന്റെ ലക്ഷ്യം. സൗദിയുടെ ഹരിത പദ്ധതിയുടെ ഭാഗമായാണിത്.