'ലോകമെമ്പാടുമുള്ള മലയാളികൾക്കായി 24 മണിക്കൂറും തുറന്നിരിക്കുന്ന വീടാണ് വേൾഡ് മലയാളി ഫെഡറേഷൻ'
Mail This Article
ദമാം ∙ സൗദി എറണാകുളം എക്സ്പ്പാട്രിയേട്സ് ഫെഡറേഷൻ (സീഫ്) സംഘടിപ്പിക്കുന്ന സീഫ് കാർണിവൽ 2024 -ൽ പങ്കെടുക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ ദമാമിൽ.
ലോകത്തിൽ മലയാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. ഒരു സംഘടന എന്ന നിലയിൽ പല രാജ്യങ്ങളിലും പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ടെങ്കിലും ഒരു മലയാളിക്ക് പോലും പ്രതിസന്ധികളിൽ സംഘടനയിൽ നിന്നും സഹായം ലഭിക്കാതെ പോകില്ലെന്ന് വർഗീസ് പറഞ്ഞു. ഏറ്റവും ഒടുവിലായി രൂപീകരിക്കപ്പെട്ട കൗൺസിൽ ആണ് ഇപ്പോൾ യൂഎഇയിലുള്ളത്.
പ്രതിസന്ധികളിൽ മാത്രമല്ല വേൾഡ് മലയാളി ഫെഡറേഷൻ എന്ന സംഘടന പ്രയോജനപ്പെടുക. ഒരാളുടെ സർഗ്ഗവാസനകൾക്കു വേദിയായും മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും നെറ്റ്‌വർക്കിങ്ങിലൂടെ ബിസിനസ് വളർത്താനുള്ള ഇടമായും വേൾഡ് മലയാളി ഫെഡറേഷൻ മാറുകയാണ്. അടുത്തിടെ ഒമാനിൽ എത്തിയ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് കോവിഡിന് ശേഷം പല രാജ്യങ്ങളിലേക്കും യാത്ര പോകുമ്പോൾ വേൾഡ് മലയാളി ഫെഡറേഷന് അവിടെ പ്രതിനിധി ഉണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുക എന്നാണ്.
166 രാജ്യങ്ങളിൽ കൗൺസിലുകൾ ഉള്ള സംഘടനയാണ് ഇത്. അതുകൊണ്ട് തന്നെ മിക്കവാറും എല്ലായിടത്തും വേൾഡ് മലയാളി ഫെഡറേഷന്റെ ഒരാളെങ്കിലും ഉണ്ടാകും. അന്യരാജ്യത്ത് വച്ചു മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അവിടെയും നമ്മുടെ സംഘടന എല്ലാ സഹായങ്ങളും എത്തിക്കും.
അതുകൊണ്ടാണ് ലോകത്തിലുള്ള എല്ലാ മലയാളികളും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ ഉള്ളവർ നമ്മുടെ സംഘടനയുമായി ചേർന്ന് നിൽക്കണം എന്ന് നമ്മൾ ആവശ്യപ്പെടുന്നതെന്ന് വർഗീസ് പെരുമ്പാവൂർ കൂട്ടിചേർത്തു. 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു വീട് ഈ രാജ്യങ്ങളിലെല്ലാം മലയാളികൾക്കുണ്ട് എന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഉറപ്പ് വരുത്തുന്നു, വർഗീസ് പെരുമ്പാവൂർ പറഞ്ഞു.