പൊതുജനങ്ങൾക്കു പ്രവേശനമില്ല, സർക്കാർ വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ചു ദുബായ് ഭരണാധികാരി
Mail This Article
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സൗമ്യനായും സഹൃദയനായുമാണ് പ്രവാസികൾക്കു പരിചയം, സ്വദേശികൾക്കും അങ്ങനെ തന്നെ. അത്രയും മൃദുഭാഷിയായ ഷെയ്ഖ് മുഹമ്മദ് കഴിഞ്ഞ ദിവസം, പൊട്ടിത്തെറിച്ചു, കടുത്ത ഭാഷയിൽ പ്രതികരിച്ചു, സർക്കാർ വകുപ്പിനു കീഴിലെ 3 ഉദ്യോഗസ്ഥർക്കെതിരെ ആയിരുന്നു ആ രൂക്ഷപ്രതികരണം.
കാരണം, അവരുടെ ഓഫിസുകളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ലായിരുന്നു. വലിയ ഓഫിസും സൗകര്യങ്ങളും ചുറ്റും അംഗരക്ഷകരുമായി ഏതോ സാമ്രാജ്യം പോലെ ഒരു ഓഫീസ്. സേവനങ്ങളൊക്കെ ഓൺലൈനിൽ കിട്ടുമ്പോൾ പൊതുജനം എന്തിന് ഇവിടേക്കു വരണം എന്നതായിരുന്നു, ആ ഉദ്യോഗസ്ഥരുടെ നിലപാട്.
ഷെയ്ഖ് മുഹമ്മദിന്റെ സ്വന്തം രഹസ്യാന്വേഷണ വിഭാഗമായ മിസ്റ്ററി ഷോപ്പർമാരുടെ കൈകളിലാണ്, ഇവർ കുടുങ്ങിയത്. പിന്നെ പറയണോ പൂരം. ഇതു കേട്ടപ്പോഴാണ്, പണ്ട് നമ്മുടെ നാട്ടിൽ ഒരു കലക്ടറെ കാണാൻ കിട്ടുന്നില്ലെന്നു പറഞ്ഞ്, ഒരാൾ വിവരാവകാശത്തിലൂടെ അപേക്ഷ നൽകിയ കാര്യം ഓർത്തത്. കലക്ടറെ കാണണം എന്നതായിരുന്നു വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്. ഒടുവിൽ 5 മിനിറ്റ് കലക്ടറെ കാണാൻ അനുമതിയും ലഭിച്ചു. അദ്ദേഹം ചേംബറിൽ പോയി കലക്ടറെ 5 മിനിറ്റ് കണ്ടിട്ടു മടങ്ങി. പ്രത്യേകിച്ച് ആവശ്യങ്ങളോ പരാതികളോ ഇല്ലായിരുന്നു, ഒന്നു കാണണം അത്ര തന്നെ. ഉദ്യോഗസ്ഥരെ കാണാൻ കിട്ടില്ലെങ്കിൽ പിന്നെ പാവം ജനങ്ങൾ എന്തു ചെയ്യണം?
മിസ്റ്ററി ഷോപ്പർമാരുടെ വരവും പോക്കും ആരുമറിയില്ല. സാധാരണക്കാരായി ഓഫിസുകളിൽ സേവനം തേടിയെത്തുന്ന ഇവർ, ഓരോ ഉദ്യോഗസ്ഥന്റെയും പെരുമാറ്റം നിരീക്ഷിക്കും. കുഴപ്പക്കാരുടെ വിവരങ്ങൾ, േനരിട്ട് ഭരണാധികാരിയെ അറിയിക്കും. സർക്കാർ ഓഫിസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മറ്റെന്തു വേണം.
പൊതുജനങ്ങളെ പടിക്കു പുറത്തു നിർത്തി മാനേജർമാരെ ഭരണാധികാരി വിമർശിച്ചെങ്കിലും അവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടില്ല. അത്, ആ ഉദ്യോഗസ്ഥരുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും മാനിക്കുന്നത് കൊണ്ടാണ്. വിളിക്കാത്ത യോഗത്തിൽ പോയി, വേണ്ടാത്തത് പറഞ്ഞ് ആളെ കൊല്ലുന്ന രീതിയൊന്നും പരിഷ്കൃത സമൂഹത്തിൽ ആരും ചെയ്യാറില്ല.
സർക്കാർ ഓഫിസുകൾക്ക് ഭരണ സംവിധാനത്തിലെ സ്വാധീനം ചെറുതൊന്നുമല്ല. ഒരു സർക്കാരിനെ വാഴ്ത്താനും വീഴ്ത്താനും ഉദ്യോഗസ്ഥർ വിചാരിച്ചാൽ മതി. ഭരണം മാറുമ്പോഴും ഉദ്യോഗസ്ഥർ തുടരുന്നതിനാൽ, ജനാധിപത്യത്തിൽ ഏതു ഭരണകർത്താവിനും ഉദ്യോഗസ്ഥരെ മെരുക്കി നടത്തിയേ പറ്റൂ. നമ്മുടെ സർക്കാർ ഓഫിസുകളിൽ ജനങ്ങൾക്കു പ്രവേശിക്കുന്നതിനു തടസ്സമൊന്നുമില്ല. പക്ഷേ, കാര്യങ്ങൾ നടന്നു കിട്ടാൻ പലതവണ കയറേണ്ടിവരുമെന്നു മാത്രം. ഒരു കാര്യം നടക്കാൻ ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും സർക്കാർ ഓഫിസ് കയറിയിറങ്ങണമെന്നത് നമ്മുടെ നാട്ടിൽ ആചാരമാണ്.
പോയിട്ടു നാളെ വരാൻ പറയാൻ കഴിയാത്ത വിധം എല്ലാ രേഖകളുമായി പോയാലും എന്തെങ്കിലും ഒരു തടസ്സമുണ്ടായിരിക്കും. ഒന്നുകിൽ ഒപ്പിടേണ്ട ഉദ്യോഗസ്ഥൻ ലീവിലായിരിക്കും. കുറഞ്ഞ പക്ഷം കറന്റെങ്കിലും പോയിരിക്കും. നമ്മുടെ സർക്കാർ ഓഫിസുകളിൽ മിസ്റ്ററി ഷോപ്പർമാർ ഇറങ്ങിയാൽ എന്താവും സ്ഥിതി? ഏതെങ്കിലും ഒരുദ്യോഗസ്ഥന്റെ സ്വഭാവം പഠിക്കാൻ കുറഞ്ഞത് നാലു പ്രാവശ്യമെങ്കിലും ഷോപ്പർമാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരും. എങ്കിൽ മാത്രമേ, ഉദ്യോഗസ്ഥനെ ഒന്നു കണ്ടുകിട്ടൂ. കണ്ടാലല്ലേ സ്വഭാവം പഠിക്കാൻ പറ്റു.
സ്വഭാവം പഠിച്ച് റിപ്പോർട്ട് തയാറാകുമ്പോഴേക്കും മിസ്റ്ററി ഷോപ്പർമാരുടെ കാലാവധി തീർന്നിട്ടുണ്ടാകും. കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ചേർന്ന് ഉത്തരവിറക്കണം. അതിൽ പഠനം നടത്തി റിപ്പോർട്ട് തയാറാക്കി, മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും പോയി, ഒടുവിൽ പാസായി വരുമ്പോഴേക്കും ഒന്നുകിൽ പഠന വിധേയനായ ഉദ്യോഗസ്ഥൻ വിരമിച്ചിട്ടുണ്ടാകും, കുറഞ്ഞ പക്ഷം അയാൾ സ്ഥലം മാറി പോയിട്ടെങ്കിലും ഉണ്ടാകും. സർക്കാർ കാര്യമല്ലേ, മുറ പോലെ..