20 മിനിറ്റിനുള്ളിൽ കാൽനടയായി ലക്ഷ്യസ്ഥാനങ്ങളിൽ എത്താം; 'ദുബായ് വോകു'മായി ഷെയ്ഖ് മുഹമ്മദ്
Mail This Article
ദുബായ്∙ ഇനി മുതൽ വിശാലമായ 'ദുബായ് നടത്തി' നുള്ള അവസരം ഒരുങ്ങുന്നു. ദുബായിയെ കാൽനട സൗഹൃദ നഗരമാക്കുന്നതിന് നടത്തത്തിന് വിപുലമായ പദ്ധതി വരുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് എക്സ് പ്ലാറ്റ്ഫോമിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
'ദുബായ് വോക്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 3,300 കിലോമീറ്റർ നീളമുള്ള നടപ്പാതകളാണ് ഉണ്ടാവുക. ഇതു കൂടാതെ, 110 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമാണം, 112 കിലോമീറ്റർ വാട്ടർഫ്രണ്ട് പാതകൾ, 124 കിലോമീറ്റർ ഗ്രീൻ വോക്കിങ് ട്രയലുകൾ, 150 കിലോമീറ്റർ ഗ്രാമീണ, പർവത കാൽനട പാതകൾ എന്നിവയും ഉൾപ്പെടുന്നു.
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ റാസ് എന്നീ രണ്ട് മേഖലകളിൽ ആരംഭിക്കുന്ന ഈ ബൃഹത്തായ പദ്ധതി നഗരത്തെ കാൽനട സൗഹൃദമാക്കാനുള്ള ശ്രമമാണെന്നും ഇടനാഴികളിലും കെട്ടിടങ്ങൾക്കിടയിലുള്ള പ്രദേശങ്ങളിലും നൂതനമായ തണുപ്പിക്കൽ പരിഹാരങ്ങൾ അവതരിപ്പിക്കുമെന്നും അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. തുടക്കത്തിൽ അൽ ബർഷ 2, അൽ ഖവാനീജ് 2, അൽ മിസ്ഹാർ 1 തുടങ്ങിയ പ്രധാന മേഖലകളില്‍ പ്രവർത്തനമാരംഭിച്ച് പിന്നീട് 160 അയൽപക്കങ്ങളിലേക്ക് വ്യാപിപ്പിക്കും. അയൽപക്കങ്ങൾ, നഗരപ്രദേശങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള പാതകൾ ഇതിൽ ഉൾപ്പെടും. അൽ നഹ്ദയെയും അൽ മംസാറിനെയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ വർഖയെയും മിർദിഫിനെയും ബന്ധിപ്പിക്കുന്ന ട്രിപ്പോളി സ്ട്രീറ്റ്, ദുബായ് സിലിക്കൺ ഒയാസിസിനെയും ദുബായ് ലാൻഡിനെയും ബന്ധിപ്പിക്കുന്ന ദുബായ്-അൽ ഐൻ റോഡ് എന്നിവിടങ്ങളിലാണ് പാലം വരിക.
എമിറേറ്റിലൂടെ 6,500 കിലോമീറ്ററിലേറെ പരസ്‌പരബന്ധിതമായ പാതകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതേസമയം 2,300 കിലോമീറ്റർ പാതകൾ 2040-നകം പുനഃസ്ഥാപിക്കും. പിന്നീട് 900 കിലോമീറ്റർ നീളത്തിൽ അധിക പാതകൾ നിർമിക്കും. മൊബിലിറ്റി എന്ന ആശയത്തെ പുനർനിർവചിച്ചുകൊണ്ട് ജനങ്ങൾ ഏറ്റവും മികച്ചതും സന്തോഷകരവും സുഖപ്രദവും ആരോഗ്യകരവും സമതുലിതമായതുമായ ജീവിതം നയിക്കുന്ന നഗരത്തിന് ഒരു മാതൃക കെട്ടിപ്പടുക്കാനുള്ള ശ്രമമാണിതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 2040 നകം താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ കാൽനടയായോ സൈക്കിളിലോ ദൈനംദിന ആവശ്യങ്ങളും ലക്ഷ്യസ്ഥാനങ്ങളും എത്തിച്ചേരാനാകും.