കല ആർട്ട് കുവൈത്ത് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ തുടർച്ചയായ 20-ാം വർഷവും ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 'നിറം 2024' സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തിയ മത്സരത്തിൽ എൽകെജി മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 3000ൽ അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷത്തോടനുബന്ധിച്ചാണ് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് കല (ആർട്ട്) കുവൈത്ത് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിങ്ങും ഉണ്ടായിരുന്നു.
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ് ഓഫ് ട്രൂസ്റ്റിസ് ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ ബ്രാഞ്ച് പ്രിൻസിപ്പൽ ഗംഗാധർ ഷിർഷാദ്, ഗോ-സ്കോർ ലേണിങ് പ്രധിനിധി അമൽ ഹരിദാസ് എന്നിവർ ആശംസ പറഞ്ഞു. കല(ആർട്ട്) കുവൈത്ത് പ്രസിഡന്‍റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ്, മുൻ പ്രസിഡന്‍റ് ജയ്‌സൺ ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ രാകേഷ് പി.ഡി എന്നിവർ സംസാരിച്ചു.
ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമെ ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, മുകുന്ദൻ പഴനിമല എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സര ഫലം ഈ മാസം 30 ന് പ്രഖ്യാപിക്കും.
ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ജനുവരി 10ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.