ചോറോട് വാഹനാപകടം: ദുബായിലുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം
Mail This Article
വടകര ∙ ചോറോട് വാഹനാപകടത്തിൽ ഇൻഷുറൻസ് തുക കൈപ്പറ്റിയ ശേഷം കാർ ഒളിപ്പിച്ച് ദുബായിലേക്കു കടന്ന പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ(35) നാട്ടിൽ എത്തിക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ തിരച്ചിൽ സർക്കുലർ പുറപ്പെടുവിച്ചു.
12 ദിവസത്തിനുള്ളിൽ പ്രതിയെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ കുറ്റപത്രം നൽകാനുമാണ് തീരുമാനം. വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിഞ്ഞതോടെ പ്രതിക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ പിടി കൊടുക്കാതിരിക്കാനുള്ള ശ്രമവും നടത്തുമെന്നു പൊലീസ് കരുതുന്നു. അതിനു തടയിടാൻ റെഡ് കോർണർ നോട്ടിസും പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ഫെബ്രുവരി 17നു രാത്രി ഒൻപതോടെയാണ് ചോറോട് മേൽപാലത്തിനു സമീപം അപകടം ഉണ്ടായത്. അപകടത്തിൽ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി( 68) മരിച്ചു. ഗുരുതരമായി പരുക്കേറ്റ പേരക്കുട്ടി ദൃഷാന(9) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുകയാണ്. ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോൾ ഷെജീലും കുടുംബവും സഞ്ചരിച്ച കാർ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാർ മീത്തലങ്ങാടിയിലെ ബന്ധു വീട്ടിലേക്കു മാറ്റിയാണ് പൊലീസിന്റെ കണ്ണിൽ നിന്നു രക്ഷപ്പെട്ടത്. തെളിവു നശിപ്പിക്കാൻ ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കിൽ കേസിൽ പ്രതിയാക്കും.