ADVERTISEMENT

ദുബായ് ∙ സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ  തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്. നാട്ടിൽ വീടുപണിക്കും ഭൂമി വാങ്ങാനുമൊക്കെ പ്രവാസികൾ ആദ്യ ആശ്രയിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ബാങ്ക് വായ്പയാണ്. അനായാസം ലഭിക്കുമെന്നതും തുച്ഛമായ പലിശയുമാണ് ആകർഷണം.  

നാട്ടിൽ ഭവന വായ്പയ്ക്ക് കരമടച്ച രസീത്, വസ്തുവിന്റെ ആധാരം, മുൻ ആധാരം,  ബാധ്യതാ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ധാരാളം നടപടിക്രമങ്ങളുള്ളപ്പോൾ യുഎഇയിലെ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാൻ വേണ്ടത്, വീസയുടെ പകർപ്പും സാലറി സർട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയും മാത്രമാണ്. ഇതിന്റെയെല്ലാം പകർപ്പു നൽകിയാൽ മതി. ലഭിക്കുന്ന ശമ്പളത്തിന്റെ 10 മുതൽ 20 ഇരട്ടി വരെ വായ്പ ലഭിക്കും. അതായത്,  10000 ദിർഹം ശമ്പളമുള്ളയാൾക്ക് 1 ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ ലഭിക്കും. 23 ലക്ഷം മുതൽ 46 ലക്ഷം വരെ രൂപ. നാട്ടിലാണെങ്കിൽ എടുത്ത മുതലിന്റെ ഇരട്ടി പലിശയടക്കം തിരിച്ചടയ്ക്കേണ്ടിയും വരും. 

ഗൾഫിലെ ബാങ്കുകളിൽ 2 – 5 ശതമാനം മാത്രമാണ് പരമാവധി പലിശ. ഇങ്ങനെ പണമെടുത്ത് നാട്ടിൽ നിക്ഷേപിക്കുന്ന ആയിരക്കണക്കിനു പ്രവാസികളുണ്ട്. ഇന്ത്യയിൽ സിബിൽ സ്കോറിനു തുല്യമായി യുഎഇയിൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുണ്ട് (ഇസിബി). ഇസിബി സ്കോർ അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക. ടെലിഫോൺ ബിൽ അടക്കമുള്ള ബാധ്യതകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇസിബി കണക്കാക്കുന്നത്. 

 ∙ പിടിയിലാകാൻ ട്രാൻസിറ്റിലെങ്കിലും എത്തണം 
15000 ദിർഹത്തിൽ താഴെയുള്ള വായ്പകളിൽ ബാങ്കുകൾ കേസിനു പോകാറില്ല. പകരം, വായ്പ എടുത്തവരുടെ പേരിൽ ട്രാവൽ ബാൻ ഏർപ്പെടുത്തും. ട്രാവൽ ബാൻ ഉള്ളവർ ഗൾഫിലെ ഏതു രാജ്യത്ത് ഇറങ്ങിയാലും പൊലീസ് പിടിയിലാകും. മറ്റു രാജ്യങ്ങളിലേക്കു പോകും വഴി ട്രാൻസിറ്റിൽ ഇറങ്ങിയാലും അറസ്റ്റ് ഉണ്ടാകും. 

അതേസമയം, പണവുമായി നാട്ടിലേക്കു മുങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തു കൈമാറാൻ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കു കരാർ ഇല്ല. ഇവരെ നിയമ നടപടികൾക്കു വിധേയമാക്കുന്നത് എളുപ്പമല്ല. മാത്രമല്ല, കുവൈത്തിൽ നിന്ന് വായ്പ എടുത്തു മുങ്ങിയവരിൽ നഴ്സുമാരുമുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ, ഓസ്ട്രേലിയ, ന്യുസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നതെങ്കിൽ ഒരു തരത്തിലും പിടികൂടാനാകില്ല. ട്രാൻസിറ്റിൽ പോലും അവർ ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങില്ലെന്നതാണ് കാരണം.  

 പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. Image Credits: ppart/Istockphoto.com
പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. Image Credits: ppart/Istockphoto.com

 ∙ വായ്പയെടുക്കുന്ന വഴികൾ
കുവൈത്തിൽ നിന്ന് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികൾക്കെതിരെ ഇപ്പോൾ കേരളത്തിൽ കേസെടുത്തിട്ടുണ്ട്.  ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ  ക്രെഡിറ്റ് കാർഡുകളും ലഭിക്കും. ശമ്പളത്തിന്റെ 3 ഇരട്ടി വരെയാണ് ഇങ്ങനെ ലഭിക്കുക. 10000 ദിർഹം ശമ്പളമുള്ള ആൾക്ക് 30,000 ദിർഹം വരെ ക്രെഡിറ്റ് കാർഡിൽ ലഭിക്കും. ഈ പണം, വേണമെങ്കിൽ വായ്പയായി ഒന്നിച്ച് എടുക്കാം. 2% പലിശ നൽകിയാൽ മതി. വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡുകൾ ഇവിടെ സൗജന്യമായി ലഭിക്കും. 4 ബാങ്കിലെ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 1.2 ലക്ഷം ദിർഹം  വായ്പ ലഭിക്കും. ഇതിനൊപ്പം ശമ്പളം അടിസ്ഥാനമാക്കിയുള്ള വായ്പ കൂടിയാകുമ്പോൾ കുറഞ്ഞത് 2 ലക്ഷം ദിർഹമെങ്കിലും കയ്യിൽ ഉണ്ടാകും. നാട്ടിലെ 46 ലക്ഷം രൂപയ്ക്കു തുല്യമാണിത്. 

ഇത്രയും പണം നാട്ടിൽ എത്തിച്ചു കഴിഞ്ഞാൽ, പിന്നെ രാജ്യം വിടുന്നവരുണ്ട്. പിന്നീട് ഈ രാജ്യത്തേക്കു തിരിച്ചു വരേണ്ടതില്ലെന്ന് ഉറപ്പിച്ച ശേഷമായിരിക്കും അത്.  ഇങ്ങനെ മുങ്ങുന്നവരെ കണ്ടെത്താൻ മുൻപ് കഴിയുമായിരുന്നില്ല. ഇപ്പോൾ, ഗൾഫിലെ ബാങ്കുകൾ ഇന്ത്യയിലെ ചില സ്വകാര്യ ബാങ്കുകളുമായി ധാരണയായിട്ടുണ്ട്. പണവുമായി മുങ്ങുന്നവരെ വീടുകളിൽ ചെന്നു പിടിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. 

 Representative Image. Image Credit: it:fizkes/Istockphoto.com
Representative Image. Image Credit: it:fizkes/Istockphoto.com

 ∙ പണി കിട്ടുന്നത് നമുക്ക്
വായ്പ എടുത്തു തട്ടിപ്പു നടത്തുമ്പോൾ, അർഹരായ ഒരുപാട് പ്രവാസികൾക്കാണ് ഇത് തിരിച്ചടിയാകുന്നത്.  അത്യാവശ്യങ്ങൾക്ക് വായ്പ എടുക്കാൻ  ചെല്ലുന്നവരെ  സംശയത്തിന്റെ കണ്ണിലൂടെ കാണാനാകും ബാങ്കുകൾ ആദ്യം ശ്രമിക്കുക. ലളിതമായി കിട്ടുന്ന വായ്പയുടെ നടപടികൾ കഠിനമാകാനും ഇതു വഴിയൊരുക്കാം. വായ്പ എടുത്ത ശേഷം ജോലി നഷ്ടപ്പെട്ടതിനാൽ പണം തിരികെ അടയ്ക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന പ്രവാസികളുമുണ്ട്.

English Summary:

700 Crore Bank Loan Fraud in Kuwait: Backfires on Many Deserving Expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com