കേളി കുടുംബ വേദി 'സിനിമ കൊട്ടക'; വൻ പങ്കാളിത്തത്തോടെ ആദ്യ പ്രദർശനം
Mail This Article
റിയാദ് ∙ കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'സിനിമ കൊട്ടക' റിയാദ് സമൂഹം ഏറ്റെടുത്തു. ആദ്യ പ്രദർശനം ആസ്വദിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി എത്തിയ നൂറിലധികം പ്രേക്ഷകരെ സാക്ഷിയാക്കി എഴുത്തുകാരി ബീന സിനിമ കൊട്ടക ഉദ്ഘാടനം ചെയ്തു.
സിനിമാ എന്ന മാധ്യമത്തിന്റെ ഉത്ഭവം മുതൽ സിനിമ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യം വരെയും ഓരോ ഘട്ടത്തിലും സിനിമ വഹിച്ച പങ്കിനെ കുറിച്ചും, സമൂഹത്തിൽ സിനിമ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും, കൈകാര്യം ചെയ്ത രാഷ്ട്രീയത്തെ കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ച ബീനയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. തുടർന്ന് നടന്ന സിനിമ കൊട്ടകയുടെ ലോഗോ പ്രകാശനം ചലച്ചിത്ര പ്രവർത്തകനും റിയാദ് മീഡിയാ ഫോറം ജനറൽ സെക്രട്ടറിയുമായ ഷംനാദ് കരുനാഗപള്ളി നിർവഹിച്ചു.
ബത്ഹ ഹോട്ടൽ ഡി പാലസിൽ നടന്ന പരിപാടിയിൽ കുടുംബ വേദി വൈസ് പ്രസിഡന്റ് സജീന വി.എസ്. അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സിനിമാ പ്രദർശനത്തെ കുറിച്ചും സിനിമ കൊട്ടകയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചും വിശദീകരിച്ചു.
ശ്രുതി ശരണ്യം സംവിധാനം ചെയ്ത് കേരള ഫിലിം വികസന കോർപറേഷൻ നിർമിച്ച ബി 32 മുതൽ 44 വരെ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. 2 മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ പ്രേക്ഷകർ കണ്ട ശേഷം, സിനിമയുടെ പ്രമേയത്തെ കുറിച്ചും, വിവിധ പ്രായക്കാരായ സിനിമാ ആസ്വാദകരെ ഏതൊക്കെ തരത്തിൽ സിനിമ സ്പർശിച്ചു എന്നും കൃത്യമായ ചർച്ച നടന്നു. ചർച്ചക്ക് സിജിൻ കൂവള്ളൂർ മോഡറേറ്ററായി.
കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയിൽ റിയാദിൽ ഒരു വേദി ഒരുക്കുന്നത്തിലൂടെ സിനിമയെ കുറിച്ചും സിനിമയുടെ ഉള്ളറകളെ കുറിച്ചും, വിനോദത്തോടൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂര്‍വ്വം വീക്ഷിക്കാം എന്നും മനസിലാക്കുക എന്നതാണ് സിനിമ കൊട്ടകയുടെ പ്രഥമ ലക്ഷ്യം. സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകൾ നിർമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പ്രവാസി സമൂഹത്തിന് കൂടുതൽ അറിവുകൾ നൽകുവാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.
മാസത്തിൽ ഒരു സിനിമ പ്രദർശിപ്പിക്കുക എന്നതാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും, ദേശ ഭാഷാ വ്യത്യാസമന്യേ, സ്ത്രീ- പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് പ്രധാന്യം നൽകികൊണ്ട് കാമ്പുള്ള സിനിമകളായിരിക്കും പ്രദർശനത്തിന് തിരഞ്ഞെടുക്കുക എന്നും സ്വാഗത പ്രസംഗത്തിൽ കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു. കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം ഗീതാ ജയരാജ് നന്ദി പറഞ്ഞു.