കുടുംബങ്ങളെ ശക്തിപ്പെടുത്താൻ പുതിയ മന്ത്രാലയവുമായി യുഎഇ
Mail This Article
അബുദാബി∙ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി യുഎഇയിൽ കുടുംബകാര്യങ്ങൾക്കായി പുതിയ മന്ത്രാലയം രൂപീകരിച്ചു. സന സുഹൈൽ കുടുംബ മന്ത്രാലയത്തിന് നേതൃത്വം നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കുടുംബം ഒരു ദേശീയ മുൻഗണനയാണെന്നും പുരോഗതിയുടെ ആണിക്കല്ലും രാജ്യത്തിന്‍റെ ഭാവിയുടെ ഉറപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കുടുംബങ്ങളുടെ കെട്ടുറപ്പും വളർച്ചയും വർധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ജനന നിരക്ക് ഉയർത്തുന്നതിനും സമഗ്ര ദേശീയ പരിപാടികളുടെ ആവശ്യകത എന്ന വിഷയത്തിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശങ്ങൾ അടുത്തിടെ നടന്ന വാർഷിക യോഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ സുപ്രധാന ദേശീയ വിഷയത്തിൽ പുതിയ മന്ത്രാലയത്തെ ചുമതലപ്പെടുത്തുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
അതേസമയം, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ പേര് സാമൂഹിക ശാക്തീകരണ മന്ത്രാലയം എന്നാക്കി മാറ്റുന്നതായും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. ഷമ്മ അൽ മസ്‌റൂയിയുടെ നേതൃത്വത്തിലാണ് ഈ മന്ത്രാലയം പ്രവർത്തിക്കുക.