സോഹാറിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു
Mail This Article
സോഹാർ ∙ സോഹാർ സഹമിലുണ്ടായ വാഹന അപകടത്തിൽ മലയാളി യുവതി മരിച്ചു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ വലിയ കുളങ്ങര സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു (34)വിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹം സോഹാർ റോഡിലായിരുന്നു അപകടം. ഇരുവരും റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമിൽ സ്വകാര്യ ആയുർവേദ ഹോസ്പിറ്റലിൽ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇരുവരും. ആഷ്‌ലിയുടെ പരുക്ക് ഗുരുതരമല്ല.
മൂന്ന് മാസം മുൻപാണ് സുനിത റാണി നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമായ എൻ. സി സുഭാഷ് ആണ് ഭർത്താവ്. മകൻ സൂരജ്. പിതാവ് ഗോപാലൻ ആചാരി. മാതാവ് രത്നമ്മ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.