സംഗീതക്കച്ചേരിയും കലാവിരുന്നുമായി മദർ ഓഫ് ദ് നേഷൻ ഫെസ്റ്റ് തുടങ്ങി
Mail This Article
അബുദാബി ∙ കോർണിഷിനെ സംഗീതസാന്ദ്രമാക്കി മദർ ഓഫ് ദ് നേഷൻ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. അറബ് മേഖലയിലെ പ്രമുഖ ഗായകർ അണിനിരന്ന സംഗീത കച്ചേരിയുടെയും ലോകോത്തര കലാവിരുന്നുകളുടെയും അകമ്പടിയോടെയായിരുന്നു തുടക്കം.
ബഹിരാകാശം പ്രമേയമാക്കിയാണ് കോർണിഷിൽ വേദി ഒരുക്കിയത്. സ്വദേശികളുടെ സാംസ്കാരിക പൈതൃകം പുനരാവിഷ്ക്കരിച്ച വേദിയിൽ ആധുനികതയും ആവോളം ആസ്വദിക്കാം. സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും കോർത്തിണക്കിയാണ് ഫെസ്റ്റിവൽ സജ്ജമാക്കിയത്. 4 വിഭാഗങ്ങളാക്കി തിരിച്ച ഉത്സവം കുടുംബത്തിലെ എല്ലാവർക്കും ആസ്വദിക്കാവുന്ന വിധമാണ് ഒരുക്കിയത്..
കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഒന്നിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് ഈ ഉത്സവമെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു. ഉത്സവത്തിലേക്ക് വാരാന്ത്യങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ 53 വർഷത്തെ വളർച്ച അനാവരണം ചെയ്യുന്ന ആർട്ട് ഇൻസ്റ്റലേഷനുകളാണ് മറ്റൊരു ആകർഷണം. വ്യത്യസ്ത പ്രമേയങ്ങളിലായി കുട്ടികൾക്ക് ഒട്ടേറെ റൈഡുകളുമുണ്ട്. കാർണിവൽ സവാരികൾ, കുട്ടികളുടെ സ്വിങ്സ്, ലാവ പൂൾ, കിഡ്ഡി ട്രെയിനുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവയ്ക്കു ചുറ്റുമാണ് കുട്ടികൾ.
ടിക്കറ്റ് നിരക്ക്
30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഉത്സവകേന്ദ്രത്തിലെ മുഴുവൻ വിനോദങ്ങളിലേക്കും പ്രവേശനത്തിന് 150 ദിർഹത്തിന്റെ ഡേ പാസ് എടുക്കണം. നാലംഗ ഫാമിലി പാസിന് 450 ദിർഹം. 26 ദിവസവും പ്രവേശനം ലഭിക്കുന്ന സീസൺ പാസിന് ഒരാൾക്ക് 390 ദിർഹമാണ് നിരക്ക്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.motn.ae/) സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ അർധരാത്രി 12 വരെയും ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ അർധരാത്രി 12 വരെയുമാണ് പ്രവേശനം. പുതുവർഷത്തിൽ അറബ് ഗായകരുടെ പ്രത്യേക സംഗീത കച്ചേരിയും ഒരുക്കിയിട്ടുണ്ട്. വെടിക്കെട്ടും ഉണ്ടായിരിക്കും.