ADVERTISEMENT

റിയാദ് ∙ മെട്രോ യാത്രക്കാർ നിയമങ്ങൾ പാലിച്ചു യാത്ര ചെയ്യണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ചട്ടങ്ങൾ പാലിക്കാത്ത പക്ഷം  നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 10 ദശലക്ഷം റിയാൽ വരെ പിഴ അടയ്ക്കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം യാത്രക്കാരന്റെ തെറ്റായ പെരുമാറ്റത്തിലൂടെ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ മണിക്കൂറുകളോളം സർവീസ് നിർത്തിവയ്ക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വെള്ളിയാഴ്ച ബ്ലൂ ലൈനിലെ അലിൻമ ബാങ്കിനും എസ്ടിസി സ്റ്റേഷനും ഇടയിൽ വെച്ച് ട്രെയിനിലെ എമർജൻസി ബട്ടണിൽ യാത്രക്കാരിൽ ഒരാൾ കൈ അമർത്തുകയും 2 മണിക്കൂർ 40 മിനിറ്റ് സർവീസ് തടസപ്പെടുകയും ചെയ്തിരുന്നു. ബട്ടണിൽ കൈഅമർത്തിയതിനെ തുടർന്ന് കൺട്രോൾ റൂമിലേക്ക് അപയാ സൂചന എത്തുകയും തുടർന്ന് അടിയന്തരമായി സർവീസ് നിർത്തിവയ്ക്കുകയുമായിരുന്നു. വിശദമായി നടത്തിയ പരിശോധനയിലാണ് യാത്രക്കാർ എമർജൻസി ബട്ടൺ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്.   മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ  ബ്ലൂലൈനിൽ സർവീസ് പുനരാരംഭിക്കുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെട്രോയിൽ അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാ യാത്രക്കാരോടും റിയാദ് സിറ്റി റോയൽ കമ്മിഷൻ ആവശ്യപ്പെട്ടു. മെട്രോ സ്റ്റേഷനുകളിലും, ട്രെയിനുകളിലും അനുബന്ധ സൗകര്യങ്ങളിലും നിയമം തെറ്റിക്കുന്നവർക്കായുള്ള പിഴകളും ശിക്ഷകളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമ ലംഘനങ്ങളുടെ പിഴത്തുക അറിയാം
∙ മെട്രോയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും തടസമുണ്ടാക്കുകയും ചെയ്താൽ നിയമലംഘനത്തിന്റെ തോത് അനുസരിച്ച് 10 ദശലക്ഷം റിയാൽ വരെ പിഴ ചുമത്തും. മെട്രോയുടെ സൗകര്യങ്ങളും സംവിധാനങ്ങളും സേവനങ്ങളും ദുരുപയോഗം ചെയ്യുകയോ തടസപ്പെടുത്തുകയോ ചെയ്താൽ 3 തരം പിഴകളാണ് ചൂമത്തുക. 

ഗുരുതര നിയമ ലംഘകർക്ക് നിയമപ്രകാരം  കുറഞ്ഞത് 20000 റിയാൽ മുതൽ 50000 റിയാൽ വരെ പിഴ അടയ്ക്കണം. ഇടത്തരം നിയമലംഘനത്തിന് 5000 മുതൽ 10000 റിയാൽ വരെ പിഴയും  തെറ്റ് ആവർത്തിച്ചാൽ 15000 റിയാലുമാണ് പിഴ. ലഘു നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 1000 റിയാൽ വരെയും നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് 5000 റിയാലും പിഴ ചുമത്തും.

∙ അനുമതിയില്ലാതെ റെയിൽ ട്രാക്കിൽ കയറുന്നവർക്ക് കനത്ത പിഴ ചുമത്തും. ഗുരുതര ലംഘനമായി കണക്കിലെടുത്ത് ട്രാക്കിൽ അനധികൃതമായി അനുമതിയില്ലാതെ കയറുന്നവർക്ക് 1 ലക്ഷം മുതൽ 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. ട്രാക്കിൽ കയറുന്നതോ ഉപയോഗിക്കുന്നതോ പോലുള്ളതിൽ ഇടത്തരം ലംഘനത്തിന് 20,000 മുതൽ 50,000 വരെയും പിഴയുണ്ടാവുമെന്നു മാത്രമല്ല വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം 1 ലക്ഷം റിയാൽ വരെ പിഴ കിട്ടും.

ട്രാക്കിനോടനുബന്ധിച്ചുള്ള വിവിധ ചെറിയതരം നിയമലംഘനങ്ങൾക്ക് 10,000 മുതൽ 15,000 റിയാൽ വരെയും ശിക്ഷ ലഭിക്കും. ഇത്തരം നിയമലംഘനം ആവർത്തിക്കുന്നതിന് 50,000 റിയാൽ വരെയും പിഴ ശിക്ഷയുണ്ട്.

∙ പൊതുവസ്തുവകളിൽ കടന്നു കയറുന്നതും നശിപ്പിക്കുന്നതും കേടുപാടുകൾ വരുത്തുന്നതും ശിക്ഷാർഹമാണ്. അപകടമുണ്ടാക്കുന്നതിന് കാരണമാവുന്ന കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ 1.5 ലക്ഷം മുതൽ ആവർത്തിച്ചാൽ 2 ലക്ഷം റിയാൽ വരെ ശിക്ഷ ലഭിക്കും. സർവീസ് നിർത്തിവെക്കുന്നതിനോ തടസപ്പെടുത്തുന്നതിനോ  ഇടയാക്കുന്ന നിയമലംഘനത്തിന്  80,000 മുതൽ ആവർത്തിച്ചാൽ 1 ലക്ഷം റിയാൽ വരെയും പിഴ ചുമത്തും. സർവീസ് തടസപ്പെടുത്താത്ത തരമുള്ള പ്രവർത്തികളുടെ നിയമലംഘനത്തിന്  10,000 മുതൽ 75,000 റിയാൽ വരെയും  ആവർത്തിക്കുന്ന പക്ഷം 1 ലക്ഷം റിയാൽ വരെയും പിഴ കാത്തിരിപ്പുണ്ട്.

∙ ഇടപെടലുകൾ നടത്തി തടസമുണ്ടാക്കുന്ന നിയമലംഘനത്തിന് സർവീസ് തടസപ്പെടുത്തുന്ന കഠിനമായ സാഹചര്യമുണ്ടാക്കുന്ന  വിധം ഇടപെടലുകൾ നടത്തുന്ന കുറ്റത്തിന്  50,000 മുതൽ 1 ലക്ഷം വരെയും ആവർത്തിക്കുന്ന പക്ഷം1.5 ലക്ഷം റിയാൽവരെയാണ് പിഴ. ഇത്തരം ഇടത്തരം കേസുകളിൽ 20,000 മുതൽ ആവർത്തിക്കുന്നവർക്ക് 50,000 വരെയും പിഴകിട്ടും. ഈ വിഭാഗത്തിൽ  ഉൾപ്പെടുന്ന ചെറു ലംഘനത്തിന്  1000 മുതൽ 5000 വരെയും ആവർത്തിക്കുന്നവർക്ക്  20, 000 റിയാൽ വരെയും പിഴയാണ് ലഭിക്കുക.

∙ അനധികൃത പരിഷ്കരണവും തടസവുമുണ്ടാക്കുന്ന പ്രവർത്തികൾക്കും പിഴയുണ്ട്. ഈ വിഭാഗത്തിൽ അതീവ ഗൗരവ കുറ്റം ചെയ്യുന്നവർക്ക് ആദ്യ പടിയായി ഒരു ലക്ഷം വരെയും ആവർത്തിക്കുന്നവർക്ക് 1.5 ലക്ഷം മുതൽ 2 ലക്ഷം റിയാൽ വരെയും പിഴ ലഭിക്കും. ഇടത്തരം കുറ്റങ്ങൾക്ക് ഇരുപതിനായിരം മുതൽ അൻപതിനായിരം വരെയും  പിന്നെയും തുടരുന്നവർക്ക് 1 ലക്ഷം വരെ. ചെറു ലംഘനങ്ങൾക്കായി 5,000 മുതൽ 10,000 വരെയും ആവർത്തിക്കുന്ന കുറ്റങ്ങൾക്ക് 50,000 വരെയാണ് പിഴ കിട്ടുക.

∙ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾക്ക് മനപൂർവ്വം തകരാർ വരുത്തുന്ന വിധമുള്ള നിയമലംഘന കുറ്റങ്ങൾക്ക്  2 വർഷം തടവും, ഇരുപതിനായിരം മുതൽ 5 ലക്ഷം റിയാൽവരെ പിഴയുമുണ്ടാകാം. റെയിൽവേ കേബിളുകൾ മുറിക്കുക, മോഷണം നടത്തുക,അടിസ്ഥാനസംവിധാനത്തിന് കേടുപാടുകൾ വരുത്തുക, പൊതുസുരക്ഷ അപകടത്തിലാക്കുക തുടങ്ങിയ പോലുള്ള ഏറെ ഗൗരവ സ്വഭാവമുള്ള പ്രത്യേക കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിന് 10 ദശലക്ഷം റിയാൽ പിഴ ലഭിക്കും.

English Summary:

Officials have warned Metro passengers to follow the rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com