ADVERTISEMENT

കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് 3.1 ബില്യൻ യുഎസ് ഡോളർ ആസ്തിയുള്ള പ്രസ്ഥാനത്തിന്‍റെ അമരക്കാരനാവുക. മുത്തശ്ശിക്കഥകളിൽ പോലും കേൾക്കാത്ത മഹാവിസ്മയം. കേരളത്തിന്‍റെ അഭിമാനമായ പ്രവാസി വ്യവസായി രവി പിള്ള കർമമേഖലയിൽ 50 വർഷം പൂർത്തിയാക്കുന്നു. ദശകങ്ങൾ നീണ്ട പോരാട്ടങ്ങളുടെ വിശ്രമരഹിതമായ കഥ പറയാനുണ്ട് രവി പിള്ളയ്ക്ക്.

70 വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിലെ ചവറ എന്ന അത്രയൊന്നും പരിഷ്കാരമുദ്രകൾ പതിയാത്ത ഗ്രാമത്തിൽ ജനിച്ച ഒരാൾ ഒന്നര ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വ്യവസായ ശൃംഖലയുടെ അധിപനായി തീരുമെന്ന് ആരും വിചാരിക്കാനിടയില്ല. അവനവന് തൊഴിൽ കണ്ടെത്തുക പോലും ശ്രമകരമായ നാട്ടിൽ നിന്നും സമ്പന്നതയുടെ മുദ്രകളോ പശ്ചാത്തലമോ ഇല്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച ഒരാളുടെ വളർച്ചയ്ക്ക് നമ്മുടെ പരമ്പരാഗത സമൂഹം നിർണയിക്കുന്ന ചില അതിരുകളുണ്ട്.

പത്മശ്രീ രവി പിളള.
പത്മശ്രീ രവി പിളള.

അത്തരം പരിമിതികളെ അതിലംഘിച്ചുകൊണ്ട് ഈഫൽ ഗോപുരത്തോളം വളരാൻ കാണിച്ച ഇച്ഛാശക്തിയുടെ മറുവാക്കാണ് ഇന്ന് രവി പിള്ള. നമ്മുടെ പരിധികൾ നാം തന്നെ നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ശക്തിക്കും തടഞ്ഞു നിർത്താൻ സാധിക്കില്ലെന്ന് രവി പിള്ള തെളിയിച്ചത് ജീവിതം കൊണ്ട് തന്നെയാണ്.

സൗദിയിൽ ചർച്ചകൾക്ക് എത്തിയ രത്തൻടാറ്റയും രവിപിള്ളയും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സൗദിയിൽ ചർച്ചകൾക്ക് എത്തിയ രത്തൻടാറ്റയും രവിപിള്ളയും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

'ചെമ്മീൻ തുള്ളിയാൽ മുട്ടോളം. അതിലും തുള്ളിയാൽ ചട്ടിയോളം'
പരിമിതികളെ അടിവരയിട്ടുറപ്പിക്കുന്ന പഴമൊഴികൾ ചൊല്ലി ശീലിച്ച ജനതയ്ക്ക് വലിയ സ്വപ്നങ്ങൾ അപ്രാപ്യമായി തോന്നാം. എന്നാൽ എന്തും നേടിയേ തീരു എന്ന ദൃഢനിശ്ചയത്തിന് മുന്നിൽ പർവതങ്ങൾ പോലും വഴിമാറുമെന്ന് രവി പിള്ളയ്ക്ക് സ്വയം ബോധ്യപ്പെട്ടു. പിന്നെ ഈ ലോകത്തെ തന്നെ ബോധ്യപ്പെടുത്തി. ഒടുവിൽ രാഷ്ട്രം പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

ന്യൂയോർക്കിലെ എക്സൽഷ്യർ കോളജ് ഹോണററി ഡോക്ടറേറ്റും നൽകി. കേന്ദ്രസർക്കാർ വ്യവസായ രംഗത്തെ മികവിന് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാനും രവി പിള്ളയ്ക്ക് ലഭിച്ചു. അറേബ്യൻ ബിസിനസ് മാഗസിൻ അദ്ദേഹത്തെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഭാരതീയനായി അടയാളപ്പെടുത്തി.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

ഭാര്യ ഗീതയ്ക്കൊപ്പം ദുബായിൽ സ്ഥിര താമസമാക്കിയ രവി പിള്ളയ്ക്ക് രണ്ട് മക്കളാണുള്ളത്. ഗണേഷ് രവിയും ആരതി രവിയും. എൻജിനീയറായ അഞ്ജന സുരേഷിനെയാണ് ഗണേഷ് വിവാഹം ചെയ്തിരിക്കുന്നത്. ആദിത്യ വിഷ്ണുവാണ് ആരതിയുടെ ജീവിതപങ്കാളി.

രവി പിള്ളയുടെ മകൾ ആരതിയുടെ വിവാഹം കേരളം കണ്ട ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ വിവാഹം എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഏകദേശം 55 കോടിയിൽ പരം രൂപയാണ് ഈ വിവാഹാഘോഷത്തിനായി ചെലവഴിക്കപ്പെട്ടത്. വിവാഹാനുബന്ധ ക്രമീകരണങ്ങളുടെ ചുമതല ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പ്രൊഡക്ഷൻ ഡിസൈനർക്കായിരുന്നു. സിനിമാ സെറ്റുകളെ വെല്ലുന്ന വർണശബളിമ കൊണ്ട് വിവാഹച്ചടങ്ങിലെ ഓരോ മൂഹുർത്തങ്ങളും ശ്രദ്ധയാകർഷിച്ചു.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

മണ്ണിന്‍റെ മണമുള്ള ബാല്യകൗമാരങ്ങൾ
കർഷകനായ അച്ഛന്‍റെ മകനായി ജനിച്ച രവിക്ക് അത് തുറന്ന് പറയാൻ മടിയില്ലെന്ന് മാത്രമല്ല തികഞ്ഞ അഭിമാനവുമാണ്. 'എല്ലാ കൃഷിപ്പണികളും എനിക്കറിയാം. ഞാറ് നടും, കിളയ്ക്കും, കന്നുപൂട്ടും, കാളവണ്ടി ഓടിക്കും, പശുക്കൾക്ക് പുല്ല് പറിച്ചുകൊടുക്കും.. അന്ന് 15 ഏക്കർ പാടമുണ്ട്. 25 ഓളം ജോലിക്കാരുമുണ്ട്. അവർക്കൊപ്പം നിന്ന് ജോലി പഠിക്കുമ്പോഴും ചെയ്യുമ്പോഴും എന്‍റെ ആഗ്രഹം ഒരിക്കലും ഒരു കർഷകനോ ജീവനക്കാരനോ ആവരുത് എന്നായിരുന്നു. അതൊന്നും മോശമായതുകൊണ്ടല്ല. ബിസിനസുകാരനാവുക എന്നതായിരുന്നു എക്കാലത്തെയും സ്വപ്നം'

ചിത്രത്തിന് കടപ്പാട്: അമർ രമേശ്
ചിത്രത്തിന് കടപ്പാട്: അമർ രമേശ്

ചവറ സർക്കാർ ഹൈസ്കൂളിൽ പഠിച്ച വ്യക്തി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട കോർപറേറ്റ് മേധാവിയായി വളർന്നതിന് പിന്നിൽ ഇതേ ഇച്ഛാശക്തിയായിരുന്നു പിൻബലം. പാരമ്പര്യ വഴിയിൽ വ്യവസായം ഉണ്ടായിരുന്നില്ലെങ്കിലും ബിസിനസ് രവിയുടെ രക്തത്തിൽ അലിഞ്ഞ ഒന്നാണെന്ന് കൗമാരകാലത്ത് തന്നെ അദ്ദേഹം തെളിയിച്ചു. പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ പതിനായിരം രൂപ കടം വാങ്ങി ഒരു ചെറിയ ചിട്ടിക്കമ്പനി ആരംഭിച്ചു. ബിസിനസ് രംഗത്തെ ബാലാരിഷ്ടതകൾ സ്വയം അനുഭവിച്ചറിയാനുള്ള ശ്രമം.

suma-with-ravi-pillai

സാമ്പത്തിക അച്ചടക്കം രവി ആദ്യം പഠിക്കുന്നത് കുടുംബത്തിൽ നിന്നുതന്നെയാണ്. ശാസ്താംകോട്ട ഡി.ബി. കോളജിൽ പഠിക്കുമ്പോൾ വീട്ടിൽനിന്ന് കോളജിലേക്ക് 10 പൈസയായിരുന്നു ബസ് ടിക്കറ്റ്. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ 20 പൈസ മാത്രമേ അച്ഛൻ കൊടുക്കൂ.

പതിനായിരം രൂപയായിരുന്നു മൂലധനം
ചായ കുടിക്കാനുള്ള പോക്കറ്റ് മണി പോലുമില്ലാത്ത കൗമാരത്തിൽനിന്നാണ് പണത്തിന്റെ മൂല്യവും മിതവ്യയവും പഠിക്കുന്നത്. സ്വന്തമായി പണം ഉണ്ടാക്കണമെന്ന ചിന്ത രവിയിൽ വേരുറപ്പിക്കുന്നതും അക്കാലത്താണ്. അച്ഛന്റെ വഴിയേ കർഷകനായാൽ സമ്പാദിക്കാൻ കഴിയുന്ന പണത്തിന് പരിധിയുണ്ട്. ആഗ്രഹിക്കുന്ന വിധത്തിൽ പണം ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗം ബിസിനസ് തന്നെയാണെന്ന് അദ്ദേഹത്തിന് തോന്നി. പക്ഷേ, ബിസിനസ് തുടങ്ങാൻ മുതൽമുടക്ക് വേണം. പരിചയമുള്ള രണ്ടുപേരിൽനിന്ന് കടം വാങ്ങി ‘ദിവസ ചിട്ടി’ തുടങ്ങി.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

പതിനായിരം രൂപയായിരുന്നു മുതൽമുടക്ക്. അക്കാലത്ത് അത് വലിയ തുകയാണ്. ക്ലാസ് കഴിഞ്ഞ് വൈകീട്ട് ആറു മുതൽ 10 വരെ കടകളിൽ കയറിയിറങ്ങി പണം പിരിക്കും. പണം വാങ്ങുമ്പോഴുള്ള ഉത്സാഹം തിരിച്ചടയ്ക്കുന്ന കാര്യത്തിൽ പല കടക്കാർക്കും ഉണ്ടായിരുന്നില്ല. രവി പണം പിരിക്കാൻ ഇറങ്ങുന്ന സമയം നോക്കി പലരും ഒഴിഞ്ഞുമാറും. രവി കുറച്ചുനേരം കാത്തുനിൽക്കും. എന്നാൽ, ഒരുപാട് സമയം കളഞ്ഞാൽ മറ്റ് കടകളിൽ കയറാൻ പറ്റില്ല. അതുകൊണ്ട് ആളുള്ള കടകളിൽ പോയശേഷം അടുത്ത റൗണ്ടിൽ തിരിച്ചുവന്ന് ആദ്യത്തെ കൂട്ടരിൽനിന്ന് പണം വാങ്ങും. ഒരു വർഷം കൊണ്ട് കടം വാങ്ങിയ തുക തിരിച്ചടച്ചു.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

സ്വപ്നങ്ങള്‍ക്കൊപ്പം കൊച്ചിയിലേക്ക്..
കൊമേഴ്‌സിൽ ബിരുദമെടുത്ത ശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. ഈവനിങ് ക്ലാസുകളിൽ ചേർന്ന് എംബിഎ പഠനം ആരംഭിച്ചു. അന്ന് രവിക്കൊപ്പം എഫ്എസിടിയിലെ ചില എൻജിനീയർമാരും സായാഹ്ന ക്ലാസുകളിൽ പഠിക്കാനുണ്ടായിരുന്നു.

ചെറിയ കരാർ പണികൾ ഏറ്റെടുക്കുന്നത് ഈ ഘട്ടത്തിലാണ്. അന്ന് പണിക്കാരെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് സബ് കോൺട്രാക്ടർമാർക്ക് ചുമതലകൾ വീതിച്ചു നൽകി ലാഭം പങ്കിട്ടെടുത്തു. ആ കാലഘട്ടം ഒരു പരിശീലനക്കളരിയായിരുന്നു. കരാർ ജോലികളുടെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പഠിക്കാൻ സാധിച്ചു. എഫ്എസിടിയുടെ വർക്കുകളാണ് ആദ്യം ചെയ്തത്. അതിൽ പങ്കാളിയായി ഒരു എൻജിനീയറുമുണ്ടായിരുന്നു. പിന്നീട് സ്വന്തമായി കരാർ പണികൾ ഏറ്റെടുത്ത് തുടങ്ങി.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

ഈ സമയത്ത് വെല്ലൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ഒരു വർക്ക് ലഭിച്ചു. അതിന്റെ തറക്കല്ല് ഉൾപ്പെടെ ചെയ്തത് രവി പിള്ളയാണ്. അക്കാലത്ത് മറ്റുള്ള ലേബർ കോൺട്രാക്ടർമാർ ഇടപെട്ട് ഒരു തൊഴിൽ സമരം ഉണ്ടാക്കി. രവി പിള്ളയുടെ മികവിലുള്ള അസൂയയായിരുന്നു കാരണം.

ആ ഘട്ടത്തിലാണ് നാട്ടിലെ പ്രവർത്തനങ്ങൾ മതിയാക്കി ഗൾഫിലേക്ക് തിരിക്കുന്നത്. ''ഒരിക്കലും ഗൾഫിൽ പോകണ്ട എന്ന് വിചാരിച്ചിരുന്ന ഒരാളാണ് ഞാൻ. നാട്ടിൽ നിന്നാൽ അതിൽ കൂടുതൽ പണമുണ്ടാക്കാമെന്നായിരുന്നു വിശ്വാസം. അത് തെറ്റാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടു. അങ്ങനെ വിദേശത്തേക്ക് പുറപ്പെട്ടു.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

എങ്ങനെയും ഉയരണമെന്നും പണമുണ്ടാക്കണമെന്നുമുള്ള ആഗ്രഹമായിരുന്നു മനസ്സിൽ. 25,000 ഡോളറും കൊണ്ടാണ് പോയത്. സൗദി അറേബ്യയിലെ അൽകോബാർ എന്ന സ്ഥലത്താണ് ആദ്യം എത്തിപ്പെടുന്നത്. എനിക്ക് പരിചയമുള്ള ആരും തന്നെ അന്ന് അവിടെയില്ല. ഈശ്വരൻ മാത്രമായിരുന്നു കൂട്ട്. ഞാനൊരു അടിയുറച്ച ഈശ്വര വിശ്വാസിയായിരുന്നു. ഏതായാലും ദൈവം എനിക്ക് ഒരു വഴി കാണിച്ചു തന്നു.’’

അബ്ദുള്ള അൽജുഫൈ എന്നൊരാളെ പരിചയപ്പെട്ടു. നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. മൂന്ന് മാസം കഴിഞ്ഞാണ് ഇപ്പോഴത്തെ സ്പോൺസറെ പരിചയപ്പെടുന്നത്. ആദ്യം കിട്ടിയത് ഫ്രഞ്ച് ഡിഫൻസിന്റെ ഒരു പ്രോജക്ടാണ്. നാഗർകോവിലിൽ വന്ന് ഇവിടെ നിന്നും 150 തൊഴിലാളികളെ കൊണ്ടു പോയാണ് ആ ജോലി ആരംഭിക്കുന്നത്. റോയൽ ടെർമിനൽ രാജാവിനുള്ള വിമാനത്താവളത്തിന്റെ ജോലിയാണ് പിന്നീട് കിട്ടിയത്. തുടർന്ന് എണ്ണപ്പാടങ്ങളുടെ നിർമാണം അടക്കം കിട്ടി. ’’

സമയബന്ധിതമായി മികച്ച നിലവാരത്തിൽ വർക്കുകൾ ചെയ്തു തീർത്തിരുന്നതുകൊണ്ട് ധാരാളം പണികൾ വന്നു കൊണ്ടേയിരുന്നു. സബ് കോൺട്രാക്ടായാണ് ജോലികൾ തുടങ്ങിയത്. നിലവാരം കണ്ട് മെയിൻ കോൺട്രാക്ടുകളും ലഭിച്ചു.

ഫ്രഞ്ച്, അമേരിക്കൻ, ടിബറ്റൻസ്...അങ്ങനെ ധാരാളം വിദേശികളുമായി സൗഹൃദങ്ങളുണ്ടായി. ''ബിസിനസിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം കള്ളം പറയാൻ പാടില്ല എന്നതാണ്. സത്യസന്ധനായിരിക്കണം. എങ്കിലേ ആളുകൾ നമ്മെ വിശ്വാസത്തിലെടുക്കൂ. നമ്മുടെ ഭാഗത്തു നിന്നും എന്തെങ്കിലും പിഴവുകൾ പറ്റിയാലും പോലും തുറന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും. മറച്ചു വയ്ക്കുന്നതാണ് കള്ളത്തരം.''

കർമമേഖലയോട് പരമാവധി പ്രതിബദ്ധതയുള്ളവനായിരിക്കുക എന്നതാണ് രവി പിള്ള തിരിച്ചറിഞ്ഞ ഏറ്റവും മർമപ്രധാനമായ ബിസിനസ് പാഠം. പലരും ഒരുപാട് വീഴ്ചകളിൽ നിന്നും പരാജയങ്ങളിൽ നിന്നും നീന്തിക്കയറിയാണ് ഒടുവിൽ വിജയത്തിലെത്തിച്ചേരുന്നത്. രവി പിള്ളയെ സംബന്ധിച്ച് അത്തരം പരാജയങ്ങൾ സംഭവിച്ചിട്ടേയില്ല.

'വെല്ലൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ വച്ചുണ്ടായ സംഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ പരാജയം. അതെനിക്ക് വലിയ പാഠവുമായി. പിന്നീട് ഒരിക്കലും അത്തരം വീഴ്ചകൾ സംഭവിച്ചിട്ടില്ല. 2032 വരെ ചെയ്ത് തീർക്കാനുള്ള പദ്ധതികൾ ഇപ്പോൾ എന്റെ കൈവശമുണ്ട്'. വളർച്ചയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് ഗൾഫെന്ന് രവി പിള്ള പറയുന്നു.

'ഗൾഫിൽ വന്നതുകൊണ്ട് മാത്രമാണ് എനിക്ക് ഇന്ന് കാണുന്ന നിലയിൽ ഉയരാൻ സാധിച്ചത്. കാരണം ഈ നാട് സാധ്യതകളുടെ കടലാണ്. ഇവിടെ നിലനിൽക്കാനും വളരാനും നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം വിശ്വസ്തതയാണ്. ലാഭം അല്പം കുറഞ്ഞാലും നമ്മെ വിശ്വസിച്ച് ഒരു ജോലി ഏൽപ്പിക്കുന്നവർക്ക് ഗുണമേന്മയുള്ള സേവനം നൽകാൻ ശ്രമിക്കണം.'

ravi-pillai

വിലപ്പെട്ട ബിസിനസ് പാഠങ്ങള്‍
തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് രവി പിള്ള പറയുന്നു. 'നമ്മുടെ കൂടെ നിൽക്കുന്നവർ ഏറ്റവും വിശ്വസ്തരായിരിക്കണം. അല്ലെങ്കിൽ സ്ഥാപനം തകരും. എല്ലാ കാര്യങ്ങളും നമുക്ക് നേരിട്ട് ചെയ്യാൻ പറ്റില്ല. ജീവനക്കാർ പറയുന്നതാണ് നാം വിശ്വസിക്കുന്നത്. അവർ പറയുന്നത് ശരിയല്ലെങ്കിൽ അത് നമ്മുടെ തകർച്ചയുടെ തുടക്കമായിരിക്കും. നല്ല ടീം വർക്കാണ് ബിസിനസിലെ വിജയം. ടീമാണ് പ്രധാനം. നമുക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കഴിവുള്ള ഒരു സംഘത്തെ വാർത്തെടുക്കുക എന്നതിന് വളരെ പ്രാധാന്യമുണ്ട്.' പങ്കാളിത്ത ബിസിനസുകളിലും വിശ്വസ്തത നിർണായക ഘടകമാണെന്ന് രവി പിള്ള പറയുന്നു.

ravi-pillai11

'എന്റെ തുടക്കകാലത്ത് ഗൾഫിൽ ബിസിനസ് തുടങ്ങണമെങ്കിൽ നിർബന്ധമായും 50% ഷെയറുള്ള ഒരു പങ്കാളി വേണം. ഈ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് ദുഷ്കരമാണ്. വിശ്വസ്തനല്ലെങ്കിൽ കാര്യങ്ങൾ പാളും. ഭാഗ്യവശാൽ എനിക്ക് നല്ല ഒരാളെ കിട്ടി. ഒരുമിച്ച് പോയാൽ പങ്കാളിത്ത ബിസിനസ് ഒരിക്കലും തകരില്ല. പക്ഷേ, കുടുംബവും മക്കളുമൊക്കെയായി കഴിയുമ്പോൾ ഒരുപക്ഷേ മാറി ചിന്തിക്കേണ്ടി വന്നേക്കാം.'

വൈവിധ്യവൽക്കരണത്തിന്റെ സാധ്യതകൾ
മറ്റ് ബിസിനസുകാരിൽനിന്ന് രവി പിള്ളയെ വ്യത്യസ്തനാക്കുന്നത് വൈവിധ്യവൽക്കരണം എന്നതാണ്. മറ്റ് പല ബിസിനസുകാരും തങ്ങൾക്ക് പരിചിതമായ മേഖലകളിൽ മാത്രം ഒതുങ്ങിക്കൂടുമ്പോൾ രവി പിള്ള പരസ്പരബന്ധമില്ലാത്ത മേഖലകളിൽ ഒരുപോലെ തിളങ്ങുന്നു. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, നിർമാണം എന്നിങ്ങനെ പല മേഖലകളിലും രവി പിള്ളയുടെ മികവ് ലോകം കണ്ടു.

'നല്ല ടീം ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നാണ് എന്റെ അനുഭവം. ബഹ്റൈനിലെ ഏറ്റവും വലിയ സ്കൂൾ നമ്മുടേതാണ്. ഇന്റർനാഷനൽ നിലവാരം പുലർത്തുന്ന സ്ഥാപനമാണത്. അത് കൃത്യമായി നോക്കിനടത്തുന്ന നല്ല ടീം അവിടെയുണ്ട്. ഓരോ മാസവും അവിടെ പോയി കാര്യങ്ങൾ പരിശോധിക്കും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ കൃത്യമായി വാട്സ്ആപ്പിൽ വിവരം അറിയിക്കും. ഹോട്ടൽ ആണെങ്കിലും ടീമിന് സ്വാതന്ത്ര്യം നൽകും. അനാവശ്യമായി അവരുടെ മേൽ ഇടപെടാറില്ല. പക്ഷേ, നാം അവരെ കൃത്യമായി നിരീക്ഷിക്കും.'

വളർച്ചയുടെ ഒരു ഘട്ടത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണ് രവി പിള്ളയെ സംബന്ധിച്ച് വൈവിധ്യവൽക്കരണം. പല പുതിയ സംരംഭകരും ഒരേ സമയം പലതിലേക്കും എടുത്തുചാടുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. കോർ ബിസിനസിന് തന്നെ മുന്തിയ പരിഗണന നൽകണമെന്നും അതിനുശേഷമേ മറ്റുള്ളതിലേക്ക് പോകാൻ പാടുള്ളൂ എന്നും അദ്ദേഹം പറയുന്നു.

'പ്രവർത്തിക്കുന്ന മേഖല ഏതായാലും അതിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് എന്റെ രീതി. പലപ്പോഴും ഞാൻ പറയാറുണ്ട്, എന്റെ ആദ്യ ഭാര്യ ബിസിനസാണ്. രണ്ടാം സ്ഥാനമേയുള്ളൂ ഭാര്യയ്ക്ക്. കാരണം ബിസിനസിൽ നാം നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഏതുസമയത്തും അത് നഷ്ടപ്പെട്ടുപോകും. അതേസമയം കുടുംബം വളരെ പ്രധാനമാണെന്ന ബോധവുമുണ്ട്.' ബിസിനസിലേക്ക് ചാടാൻ വെമ്പുന്ന പുതുതലമുറയോട് രവി പിള്ളയ്ക്ക് പറയാനുള്ളത് ഇതാണ്.

'നമ്മുടെ മനസ്സിൽ പല ആശയങ്ങളും വരും. അതിലേക്കെല്ലാം എടുത്തുചാടുന്നതിൽ അർഥമില്ല. ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്ന മേഖലയെക്കുറിച്ച് നന്നായി പഠിക്കണം. അതിൽ വിജയിച്ചവർ ചെയ്യുന്നതെന്തെല്ലാം? എങ്ങനെയാണ് അവർ ഈ നേട്ടങ്ങൾ കൈവരിച്ചത്? എന്തൊക്കെയാണ് ആ മേഖലയിലെ പ്രശ്നങ്ങൾ? ഇതേക്കുറിച്ചെല്ലാം വിശദമായി അറിഞ്ഞിരിക്കണം.'

വിജയം സംഭവിക്കുന്നത് എങ്ങനെ?
വിജയത്തെ രവി പിള്ള നിർവചിക്കുന്നത് ഇങ്ങനെയാണ്: 'വിജയിക്കും എന്ന ഉറച്ച ബോധ്യം വേണം. വിജയിക്കുമെന്ന് ദൃഢമായി വിശ്വസിച്ചാൽ വിജയിക്കും തന്നെ.' ബിസിനസിൽ നൈതികത വളരെ പ്രധാനമാണെന്നാണ് രവി പിള്ളയുടെ പക്ഷം.

'നിയമപരമായ ബിസിനസ് മാത്രമേ ചെയ്യാവൂ. കൂടുതൽ പണം ഉണ്ടാക്കാൻ നിയമവിരുദ്ധമായ ബിസിനസുകൾ ചെയ്യരുത്. ഇത് നമ്മുടെ വിശ്വാസ്യതയെ ബാധിക്കും. 'ഇയാൾ ഇത്തരക്കാരനാണ്' എന്ന തോന്നൽ ഉണ്ടായാൽ പിന്നെ സമൂഹം നമ്മെ വിശ്വാസത്തിലെടുക്കില്ല.'

ബിസിനസിൽ നിലപാടുകൾക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. 'ചെയ്യാൻ കഴിയുന്നത് മാത്രമേ പറയാവൂ. പറയുന്നത് എന്തുവന്നാലും ചെയ്യണം. ഒരു ബിസിനസുകാരൻ ഒരിക്കലും വെറും വാക്കുകൾ പറയാൻ പാടില്ല.' സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കുന്നതിലും പ്രാധാന്യമുണ്ടെന്ന് രവി പിള്ള ചൂണ്ടിക്കാട്ടുന്നു.

'എല്ലായ്പ്പോഴും സമയം ഒരുപോലെ ക്രമീകരിക്കാൻ കഴിയില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരും. പൊതുവെ 5.30ന് ഉണരുന്നതാണ് എന്റെ ശീലം. 12 മണിക്ക് കിടക്കും. ഇതിനിടയിൽ അരമണിക്കൂർ വിശ്രമിക്കും. ബാക്കി സമയം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കും.'

ഇതിനിടയിൽ ആരോഗ്യ സംരക്ഷണത്തിനും സമയം കണ്ടെത്തും. 45 മിനിറ്റ് വ്യായാമവും 30 മിനിറ്റ് പ്രാർഥനയും മുടക്കില്ല. ജീവിതമുണ്ടെങ്കിലല്ലേ ബിസിനസുമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 'എന്റെ രണ്ടാമത്തെ വീട് ആകാശമാണ്' എന്ന് പരസ്യമായി പറഞ്ഞ രവി പിള്ള യാത്രകൾക്ക് ബിസിനസിൽ പ്രാധാന്യമുണ്ടെന്ന് സമ്മതിക്കുന്നു.

'എന്റെ ഉപഭോക്താക്കൾ ഇറ്റലിയിലും ഫ്രാൻസിലും കൊറിയയിലുമൊക്കെയാണ്. വിവരസാങ്കേതികവിദ്യയും ആശയവിനിമയ സംവിധാനങ്ങളും എത്ര പുരോഗമിച്ചാലും ചില കാര്യങ്ങൾ മുഖാമുഖം കണ്ട് തന്നെ സംസാരിക്കണം. പല പ്രധാന കാര്യങ്ങളും വിഡിയോ കോൺഫറൻസുകൾ വഴി ചെയ്യാറുണ്ടെങ്കിലും നേരിട്ട് കാണേണ്ട കാര്യങ്ങൾ അങ്ങനെതന്നെ ചെയ്യും. അതിനാൽ യാത്രകൾ ഒഴിവാക്കാനാവില്ല.'

പരമാവധി ആളുകൾക്ക് ജോലി നൽകും
ബിസിനസ് പലരും കരുതും പോലെ അമിതമായി പണം വാരിക്കൂട്ടാൻ മാത്രമുള്ളതല്ല രവി പിള്ളയ്ക്ക്. 'ബാങ്കിൽ പരമാവധി നിക്ഷേപിക്കുക എന്നതല്ല എന്റെ ലക്ഷ്യം. പരമാവധി ആളുകൾക്ക് ജോലി കൊടുക്കുക എന്നതാണ്. നമ്മൾ ഒരാൾക്ക് ജോലി കൊടുത്താൽ അതുകൊണ്ട് ജീവിക്കുന്നത് കുറഞ്ഞത് അഞ്ചുപേരടങ്ങുന്ന ഒരു കുടുംബമാണ്. തൊഴിലാളികളെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കണക്കാക്കുന്നു. എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം കൊടുക്കും. ഈ കമ്പനി ഇങ്ങനെ ഉയരാൻ കാരണം തൊഴിലാളികളുടെ കഴിവാണ്.'

ഈ ഭൂമിയിൽ ഏറ്റവുമധികം ആളുകൾക്ക് ആഹാരം കൊടുക്കുന്നത് രവി പിള്ളയാണ്. ഒരു ലക്ഷത്തിൽപ്പരം ആളുകൾക്ക് മൂന്ന് നേരം ഭക്ഷണം കൊടുക്കുന്നു. പിള്ളയുടെ സ്ഥാപനങ്ങളിൽ ഭക്ഷണം സൗജന്യമാണ്. ഓരോ സൈറ്റിലും 25,000 ജീവനക്കാർ വരെയുണ്ടാകും. ഇവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ 400ഓളം ജീവനക്കാർ വേറെയും. മികച്ച നിലവാരമുള്ള ആഹാരമാണ് കൊടുക്കുന്നത്. വെജിറ്റേറിയൻ കിച്ചൺ, കേരള കിച്ചൺ, നോർത്ത് ഇന്ത്യൻ കിച്ചൺ..എന്നിങ്ങനെ വെവ്വേറെ അടുക്കളകൾ വരെയുണ്ടാകും.

'ഓരോ ഘട്ടത്തിലും ജീവനക്കാർക്കൊപ്പം നിൽക്കാനും അവരുടെ വിശ്വാസം നേടാനും കഴിയണം. ചെറിയ കാര്യങ്ങളിൽപ്പോലും അവർക്ക് ആശയക്കുഴപ്പമുണ്ടായാൽ വ്യക്തത നൽകാനും ഉപദേശം നൽകാനും കഴിയണം. നമ്മുടെ സമയം പൂർണമായും ബിസിനസിനുവേണ്ടി നീക്കിവയ്ക്കണം. ഏതുസമയത്ത് ജീവനക്കാർ വിളിച്ചാലും നാം കൂടെയുണ്ടാകണം. നമ്മുടെ സൽപ്പേര് മറ്റൊരു പ്രധാന കാര്യമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ ചെയ്തുതീർത്തിരിക്കണം.' വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് രവി പിള്ളയും പറയുന്നു. 'വെറും കയ്യോടെ വന്നയാളാണ് ഞാൻ. ആത്മവിശ്വാസമായിരുന്നു കൈമുതൽ. വിശ്വാസം കൊണ്ടുമാത്രം കാര്യമില്ല. അതനുസരിച്ച് പ്രവർത്തിക്കാനും കഴിയണം. ആത്മാർഥമായി ജോലി ചെയ്യണം. എങ്കിലേ മാറ്റമുണ്ടാകൂ.

ഉപയോഗിച്ച കാറിലാണ് ബിസിനസ് യാത്രകൾ തുടങ്ങുന്നത്. അന്ന് റോഡുകൾ വളരെ ഇടുങ്ങിയതായിരുന്നു. ഡ്രൈവറില്ലാത്തതുകൊണ്ട് ഞാൻ തന്നെ കാർ ഓടിച്ചുപോകും. ദിവസം ശരാശരി മൂന്ന് മണിക്കൂർ വരെ യാത്ര ചെയ്യുമായിരുന്നു.' ബിസിനസ് വളർന്നതോടെ വിറ്റുവരവും ജീവനക്കാരും ലാഭവും സ്ഥാപനങ്ങളുടെ എണ്ണവുമെല്ലാം വർധിച്ചു. അതോടൊപ്പം വാഹനങ്ങളും. പൊതുവെ വാഹനങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് രവി പിള്ള.

'നാല് റോൾസ് റോയ്‌സ് കാറുകൾ ഒരുമിച്ച് വാങ്ങുന്ന സാഹചര്യമുണ്ടായി. കമ്പനി പുതിയ മോഡലുകൾ ഇറക്കാൻ പദ്ധതിയിട്ടപ്പോൾ അവർ എന്നെ സമീപിച്ചു. നമ്മുടെ ചില ആശയങ്ങളൊക്കെ അവർ ചോദിച്ചിരുന്നു. അന്ന് ഞാൻ നാല് കാറുകൾ ഓർഡർ ചെയ്തു. ഒരുമിച്ച് അത്രയും വണ്ടികൾ ബുക്ക് ചെയ്ത ഏക വ്യക്തി ഞാനായിരുന്നു. അത് അവർക്കും വലിയ അദ്ഭുതമായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രാൻഡും റോൾസ് റോയ്‌സാണ്. 10% അഡ്വാൻസ് ബുക്കിങ് സമയത്ത് തന്നെ കൊടുക്കുകയും ചെയ്തു.'

വ്യവസായ രംഗത്ത് 50 വർഷങ്ങൾ
2024ൽ ബിസിനസ് രംഗത്ത് 50 വർഷം പൂർത്തിയാക്കുകയാണ് പ്രവാസി വ്യവസായ മേഖലയിലെ ഈ അതികായൻ. 'അന്നും ഇന്നും ഏറ്റവും പ്രധാനമായി കരുതുന്ന ദൗത്യം ഒന്നു മാത്രമാണ്. കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുക. ആർ.പി ഗ്രൂപ്പ് ഈ വർഷവും 80,000 ത്തോളം ആളുകൾക്ക് ജോലി നൽകുന്നു. മറ്റൊന്ന് എന്റെ കാലശേഷവും കമ്പനി വളർന്നുകൊണ്ടേയിരിക്കുക.' വിദേശത്ത് വിജയക്കൊടി പാറിക്കുന്ന തിരക്കുകൾക്കിടയിലും നാടിനോടുള്ള പ്രതിബദ്ധത മറന്നിട്ടില്ല പിള്ള. കമ്പനികളിലെ ജീവനക്കാരിൽ 80 ശതമാനത്തിലധികം ഇന്ത്യാക്കാരാണ്. വിശേഷിച്ചും മലയാളികൾ. കൂടാതെ, ബിസിനസുകളിൽ ചിലത് കേരളത്തിലേക്കും വ്യാപിപ്പിച്ചു.

കോവളത്തെ ലീലാ ഹോട്ടൽ വാങ്ങുകയും റാവിസ് എന്ന ബ്രാൻഡ് നാമത്തിൽ ഹോട്ടൽ ശൃംഖലകൾ തുടങ്ങുന്നതും ഉൾപ്പെടെ ഹോട്ടൽ രംഗത്തും സജീവമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞു. ലോക രാജ്യങ്ങളിലേക്കുള്ള യാത്രകളും നിരവധി രാജ്യങ്ങളിലെ പൗരന്മാരുമായുള്ള ഇടപെടലുകളും ബന്ധങ്ങളും തന്റെ കാഴ്ചപ്പാടുകൾ വിപുലമാക്കാൻ സഹായിച്ചുവെന്ന് രവി പിള്ള പറയുന്നു.

'ജപ്പാൻകാരിൽനിന്ന് പഠിച്ച ഏറ്റവും വലിയ പാഠം അവർക്ക് സംസാരം കുറവും പ്രവൃത്തി കൂടുതലുമാണ് എന്നതാണ്. പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കും. ഒരു കള്ളത്തരവും കാണിക്കില്ല. ദ്രുതഗതിയിലുള്ള വളർച്ചയുടെ രഹസ്യം ഇതൊക്കെ തന്നെയാണ്.' പുതിയ ജീവനക്കാർക്കും പരിചയസമ്പന്നർക്കും കാലാകാലങ്ങളിൽ പരിശീലനം നൽകുന്നത് ഉൽപാദനക്ഷമത വർധിപ്പിക്കുമെന്ന് രവി പിള്ള വിശ്വസിക്കുന്നു.

'പരിശീലനം ഏതു മേഖലയിലും പ്രധാനമാണ്. അക്കാദമിക് ബിരുദങ്ങൾ നേടി പുറത്തുവരുന്ന പലർക്കും ഒരു ജോലി എങ്ങനെ ഭംഗിയായി ചെയ്യണമെന്ന് അറിയില്ല. അത് അവരുടെ കുറ്റമല്ല. അതിനുള്ള പരിശീലനം അവർക്ക് ലഭിക്കുന്നില്ല. ഈ കുറവ് നികത്താൻ ഞങ്ങൾ പരിശീലന പരിപാടികൾ പലയിടങ്ങളിലായി നടത്തുന്നുണ്ട്. പുതിയ എൻജിനീയർമാരെ ജോലിക്കെടുത്താൽ അവർക്കുപോലും പരിശീലനം നൽകാറുണ്ട്.'

ബിസിനസ് വിജയം യാദൃശ്ചികമല്ലെന്നും കാര്യങ്ങൾ നന്നായി പഠിച്ചശേഷം മാത്രമേ ഏതു ബിസിനസിലേക്കും ഇറങ്ങാവൂ എന്നും രവി പിള്ള പറയുന്നു. നാം മനസ്സിലാക്കിയ കാര്യങ്ങൾപോലും സ്വയം സംശോധന നടത്തി എത്രത്തോളം യാഥാർഥ്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടശേഷം മാത്രമേ പ്രവൃത്തിപഥത്തിലെത്തിക്കാവൂ.

കരുതൽ ധനം ബിസിനസിൽ നിർണായക ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'ബിസിനസുകാർ മാത്രമല്ല, മറ്റ് മേഖലയിലുള്ളവർപോലും അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം വരവറിഞ്ഞ് ചെലവാക്കുക എന്നതാണ്. 100 രൂപ വരുമാനമുള്ളയാൾ പരമാവധി 90 രൂപയിൽ കൂടുതൽ ഒരു കാരണവശാലും ചെലവഴിക്കരുത്. ധനകാര്യ മാനേജ്മെന്റിൽ സംഭവിക്കുന്ന പാളിച്ചകൾ ബിസിനസിന്റെ നട്ടെല്ലൊടിക്കും.'

ബിസിനസിൽ വലിയ തുക വായ്പയെടുക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണെന്ന് രവി പിള്ളയും വിശ്വസിക്കുന്നു. എന്നാൽ, ബിസിനസ് വികസനത്തിനായി എടുത്ത പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

'വായ്പ തുകയ്ക്ക് കൂടിയ പലിശ നൽകണം. ബിസിനസിൽ ഇറക്കി ലാഭമുണ്ടാക്കി പലിശയും മുതലും തിരിച്ചടയ്ക്കേണ്ടതിനുപകരം മറ്റ് കാര്യങ്ങൾക്കായി ആ പണം വിനിയോഗിച്ചാൽ ആകെ തകിടം മറിയും. അതുപോലെ, ചെറിയ ലാഭം കിട്ടുന്ന സംരംഭങ്ങൾക്കായി വലിയ പലിശ കൊടുത്തെടുക്കുന്ന വായ്പാ തുക വിനിയോഗിച്ചാലും നഷ്ടമാകും. എട്ടു ശതമാനം പലിശയ്ക്ക് എടുക്കുന്ന പണംകൊണ്ട് 18 ശതമാനം ലാഭം കിട്ടുന്ന സംരംഭം ചെയ്താൽ മാത്രമേ മുതലും പലിശയും കഴിഞ്ഞ് എന്തെങ്കിലും നമുക്ക് ലഭിക്കൂ.' സിഎസ്ആർ ഫണ്ട് പലരും നാമമാത്രമായ തുകയായി പരിമിതപ്പെടുത്തുമ്പോൾ ആർ.പി ഗ്രൂപ്പ് കോടാനുകോടികളാണ് അതിനായി മാറ്റിവച്ചിട്ടുള്ളത്. ആയിരക്കണക്കിന് കുട്ടികളുടെ പഠനച്ചെലവ് വഹിക്കുന്നു, ഭവനരഹിതർക്ക് വീടുകൾ വച്ചുകൊടുക്കുന്നു...അങ്ങനെ നിരവധി ദൗത്യങ്ങൾ..

ബിസിനസിലും ജീവിതത്തിലും സന്തോഷം പ്രധാനം
ഏത് കർമം ചെയ്യുമ്പോഴും അതിൽ ആഹ്ലാദം കണ്ടെത്തുക എന്നതാണ് മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യം. സംരംഭങ്ങളിലും വ്യക്തിജീവിതത്തിലും സന്തുഷ്ടരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് രവി പിള്ള വിശ്വസിക്കുന്നു. അതിൽ വിജയം ഒരു പ്രധാന ഘടകമാണ്. തന്റെ വിജയത്തിന്റെ പങ്കാളികളെ അദ്ദേഹം വിലയിരുത്തുന്നത് ഇങ്ങനെ.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

'ദൈവത്തിന്റെ അനുഗ്രഹമാണ് ഏറ്റവും പ്രധാനം. പിന്നെ എന്റെ കഠിനാധ്വാനം. കുടുംബത്തിന്റെ പിന്തുണ. അതിനൊപ്പം നല്ല ടീം വർക്ക്. വിശ്വസിച്ച് കൂടെ നിന്ന പതിനായിരക്കണക്കിന് വരുന്ന ജീവനക്കാർ. അവർ എനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. 40 വർഷത്തിലധികമായി ആർ.പി. ഗ്രൂപ്പിനൊപ്പം നിൽക്കുന്ന ജീവനക്കാരുണ്ട്. അവരും ഞാനും ഒരുപോലെ സന്തുഷ്ടരായിരിക്കുക എന്നതാണ് പ്രധാനം.'

ഏത് കാര്യവും ആത്മാർഥമായി ചെയ്യുക എന്നതാണ് രവി പിള്ളയുടെ വിജയമന്ത്രം. കടന്നുവന്ന വഴികൾ മറക്കാത്ത, മാതാപിതാക്കളെ ദൈവതുല്യരായി കാണുന്ന രവി പിള്ള മുൻപൊരിക്കൽ പറഞ്ഞ ഒരു വാചകത്തിൽ അദ്ദേഹത്തിന്റെ ജീവിത ദർശനമുണ്ട്. 'ക്ഷീണിച്ചിരുന്നപ്പോൾ ഒരു ചായ വാങ്ങിത്തന്ന ആളെപ്പോലും നാം മറക്കാൻ പാടില്ല.'

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

ജീവകാരുണ്യ പ്രവർത്തനം  ഫാഷനല്ല
കുറേ പണമുണ്ടായി, എന്നാൽപ്പിന്നെ കുറേ പാവങ്ങളെ സഹായിച്ചുകളയാം. എന്നിട്ട് പത്രമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാം എന്നതല്ല രവി പിള്ള ഫൗണ്ടേഷന്റെ രീതി. 'ഏഴു വയസ്സുള്ളപ്പോൾ മുതൽ കൃഷിപ്പണിക്ക് വരുന്നവരുടെ പ്രയാസങ്ങളും കഷ്ടപ്പാടുകളും കണ്ടുവളർന്നയാളാണ് ഞാൻ. പണമുണ്ടായാൽ ഏതെങ്കിലും വിധത്തിൽ അവരെ സഹായിക്കണമെന്ന തോന്നൽ അന്നുമുതൽ മനസ്സിലുണ്ടായിരുന്നു. സാഹചര്യം ഒത്തുവന്നപ്പോൾ അത് ചെയ്യുന്നു എന്നു മാത്രം. ലാഭത്തിന്റെ 10% ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നുണ്ട്.'

ഒരു തൊഴിലാളിക്കുപോലും ജീവഹാനിയോ അപകടങ്ങളോ സംഭവിക്കാതെ ഏറ്റവുമധികം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ സംരംഭകനുള്ള ബഹ്റൈൻ ഗവൺമെന്റിന്റെ അവാർഡ് രവി പിള്ളയ്ക്ക് ലഭിച്ചു. 'സുരക്ഷയ്ക്കായി പരിശീലനം നൽകാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും സുരക്ഷാ ക്ലാസ് ഉണ്ട്. നാം എത്രയൊക്കെ ശ്രമിച്ചാലും അപകടമുണ്ടാകാതിരിക്കുന്നത് ദൈവകൃപയാണ്.'

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

മരണം വരെ ജോലി ചെയ്യാന്‍ മോഹം
എക്കാലവും ഓര്‍മ്മിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരില്ല. ഇക്കാര്യത്തില്‍ രവിപിളളയും വിഭിന്നനല്ല. ഈ ആവശ്യത്തിനായി 100 കോടി രൂപ മാറ്റി വച്ചിരിക്കുകയാണ് അദ്ദേഹം. എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. പല പദ്ധതികളും ആലോചിച്ചുകൊണ്ടിരിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ആര്‍.പി ഗ്രൂപ്പ് ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളിലൊന്നാണിത്. ആര്‍.പി ഗ്രൂപ്പിന്റെ ഹോട്ടലുകള്‍ ഒന്നടങ്കം ജലപ്രദേശങ്ങളോട് ചേര്‍ന്നാണ് പണിതുയര്‍ത്തിയിരിക്കുന്നത് എന്നതും യാദൃശ്ചികമല്ല.

''കായലിനോടും കടലിനോടും അതില്‍ നിന്നും വരുന്ന കാറ്റിനോടുമെല്ലാം പ്രത്യേക ഇഷ്ടമുളളയാളാണ് ഞാന്‍. അതുകൊണ്ടാണ് ആദ്യത്തെ ഹോട്ടല്‍ കൊല്ലം അഷ്ടമുടിക്കായലിനടുത്തു തുടങ്ങിയത്. പിന്നീട് കോഴിക്കോട് കടവില്‍. മൂന്നാമത് കോവളത്ത്. അരമണിക്കൂര്‍  ആ അന്തരീക്ഷത്തില്‍ പോയി നിന്നാല്‍ നമ്മുടെ എല്ലാ പ്രയാസങ്ങളും മാറി ഫ്രഷാവും.'' സപ്തതി പിന്നിട്ടിട്ടും വിശ്രമജീവിതത്തെക്കുറിച്ച്  ആലോചിച്ചിട്ടില്ല രവിപിളള.

Image Credit:Fb/Dr B.Ravi PillaiFan Page
Image Credit:Fb/Dr B.Ravi PillaiFan Page

''വിശ്രമം എന്നൊരു വാക്ക് എന്റെ നിഘണ്ടുവിലില്ല. ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതാണ് ഏറ്റവും കൂടുതല്‍ സന്തോഷം. 12 മണി വരെയൊക്കെ ജോലി ചെയ്യും. ചില ദിവസങ്ങളില്‍ രാത്രി ഒരു സിനിമ കാണും. തമാശപ്പടങ്ങളാണ് കാണുന്നത്. മനസ്സി ന്റെ ഭാരം കുറയ്ക്കാന്‍ വേണ്ടിയാണ്. മനസ് ഫ്രഷായാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. മരണം വരെ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. 

English Summary:

Pravasi businessman Padma Shri Ravi Pillai completes 50 years in industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com