ഒമാനിലെ മത്ര കേബിള്‍ കാര്‍ പദ്ധതി; നിര്‍മാണം ഉടൻ ആരംഭിക്കും
Mail This Article
മസ്‌കത്ത് ∙ തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മത്രയില്‍ ഒരുങ്ങുന്ന മത്ര കേബിള്‍ കാര്‍ പദ്ധതിയുടെ നിര്‍മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മത്ര കോര്‍ണിഷിനോട് ചേര്‍ന്നൊരുങ്ങുന്ന കേബിള്‍ കാര്‍ റൂട്ട് ഉള്‍പ്പെടെ നിശ്ചയിച്ചിട്ടുണ്ട്. റകാഇസ് എന്ന കമ്പനിയുടെ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേബിള്‍ കാര്‍ യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം പദ്ധതി നടത്തിപ്പ് ചുമതലയും കമ്പനിക്കായിരിക്കും.
തലസ്ഥാനത്ത് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാൻ കേബിള്‍ കാര്‍ വഴി സാധിക്കും. കോര്‍ണിഷിലെ ഫിഷ് മാര്‍ക്കറ്റ് സ്റ്റാന്‍ഡില്‍ നിന്നായിരിക്കും കേബിള്‍ കാര്‍ യാത്ര ആരംഭിക്കുക. റിയാം പാര്‍ക്കിന് മുന്നിലായിരിക്കും അടുത്ത സ്‌റ്റോപ്പ്. കേബിൾ കാർ യാത്രികർക്ക് വിശ്രമിക്കാനും പാനീയങ്ങള്‍ കുടിക്കാനുമുള്ള സ്‌റ്റോപ്പായി പ്രവര്‍ത്തിക്കും. പദ്ധതിയുടെ ആകൃതി ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് ഇംഗ്ലിഷ് അക്ഷരമാലയിലെ 'വി' പോലെയായിരിക്കും. ഒരാള്‍ക്ക് നാല് മുതല്‍ ആറു റിയാല്‍ വരെ ചെലവ് വരുമെന്നാണ് കരുതുന്നത്. 34 കേബിള്‍ കാറുകളായിരിക്കും ഉണ്ടാകുക.