ഫുജൈറയിൽ 10 മാസത്തിനിടെ 9901 വാഹനാപകടങ്ങൾ: 10 മരണം
Mail This Article
ഫുജൈറ ∙ ഈ ജനുവരി മുതൽ ഒക്ടോബർ വരെ ഫുജൈറയിൽ 9,901 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. 169 പേർക്ക് പരുക്കേറ്റു. 10 പേർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്.
ഈ വർഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത്– ആകെ 1,083. ഇതിൽ 26 പേർക്ക് പരുക്കേൽക്കുകയും നാല് മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഫെബ്രുവരി, സെപ്റ്റംബർ മാസങ്ങളിൽ ഒരു മരണം വീതമാണ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബറിലാണ് ഏറ്റവും കൂടുതൽ പരുക്കേറ്റത് – 24. ഫെബ്രുവരിയിൽ 23 പേർ, ജൂൺ മാസത്തിൽ 10 പേർക്കുമാണ് പരുക്കേറ്റത്.
∙ മാറുന്ന കാലാവസ്ഥയിൽ സുരക്ഷിതമായ ഡ്രൈവിങ്
മാറുന്ന കാലാവസ്ഥയിൽ സുരക്ഷിതമായ ഡ്രൈവിങ്' എന്ന പ്രമേയത്തിൽ ഒരുമാസത്തെ ട്രാഫിക് ക്യാംപെയ്ൻ ആരംഭിച്ചതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ്, ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്ട്‌മെന്‍റ് അറിയിച്ചു.മൂടൽമഞ്ഞ്, പൊടിക്കാറ്റ്, മഴ, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെ പ്രതികൂല കാലാവസ്ഥയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്‍റെയും മുൻകരുതലുകൾ എടുക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനാണ് ക്യാംപെയ്ൻ. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമായ പ്രതിരോധ ഡ്രൈവിങ് ടെക്നിക്കുകൾ മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
∙ ദൃശ്യപരത കുറയുമ്പോൾ വാഹന സുരക്ഷ ഉറപ്പാക്കണം
പ്രത്യേകിച്ച് കുറഞ്ഞ ദൃശ്യപരതയുണ്ടാകുമ്പോൾ ടയറുകളും ലൈറ്റ് സുരക്ഷയും ഉറപ്പാക്കാൻ പതിവായി വാഹന പരിശോധന നടത്താൻ ഡ്രൈവർമാരോട് അഭ്യർഥിച്ചു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വാഹനങ്ങൾ ഒരുക്കേണ്ടതിന്‍റെ ആവശ്യകത വലുതാണ്. അറ്റകുറ്റപ്പണികൾ അവഗണിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്‍റെയും കാലാവസ്ഥാ അപ്‌ഡേറ്റുകൾ തുടർച്ചയായി നിരീക്ഷിക്കേണ്ടതിന്‍റെയും അമിതവേഗമോ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതോ പോലുള്ള അപകടസാധ്യത വർധിപ്പിക്കുന്ന പെരുമാറ്റങ്ങൾ ഒഴിവാക്കുന്നതിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.