യുഎഇയിൽ 10 വയസ്സുകാരി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
Mail This Article
ഉമ്മുൽഖുവൈൻ ∙ ഉമ്മുൽഖുവൈനിൽ 10 വയസ്സുകാരിയായ സ്വദേശി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് താഴേയ്ക്ക് വീണത്.
ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി കസേരയിൽ കയറി നിന്നപ്പോൾ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. കെട്ടിടത്തിന് താഴെ കുട്ടി ചലനമറ്റു കിടക്കുന്നത് കണ്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസും ദേശീയ ആംബുലൻസും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. ഖലീഫ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഉമ്മുൽ ഖുവൈൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടികളെ ഒരിക്കലും ബാൽക്കണികൾക്കും ജനലുകൾക്കും സമീപം ശ്രദ്ധിക്കാതെ വിടരുത് എന്ന് യുഎഇ പൊലീസ് മാതാപിതാക്കൾക്കും പരിചാരകർക്കും കർശന മുന്നറിയിപ്പ് നൽകി.